ആശയും ഉയർന്നു

Sunday Mar 28, 2021
പി പ്രകാശൻ
നീലേശ്വരം നഗരസഭ ആനച്ചാൽ 21 വാർഡിലെ ആശാവർക്കർ 
എ ബീന ഭവനസന്ദർശനത്തിനിടയിൽ


കാസർകോട്‌
‘‘കോവിഡ്‌ രൂക്ഷമായപ്പോഴും ലോക്‌ഡൗൺ വേളയിലും രാപ്പകൽ ഭേദമില്ലാതെ പണിയെടുത്തവരാണ്‌ ഞങ്ങൾ. അതിപ്പോഴും തുടരുന്നു. തുച്ഛ വേതനക്കാരായ ഞങ്ങൾക്ക്‌ സംസ്ഥാന സർക്കാർ ഇപ്പോൾ 1000 രൂപ വർധിപ്പിച്ച്‌ നൽകിയതിൽ വലിയ സന്തോഷമുണ്ട്’’–- നീലേശ്വരം നഗരസഭയിലെ ആനച്ചാൽ 21–- -ാം വാർഡിലെ ആശാവർക്കർ എ ബീന പറയുന്നു. ആശമാരുടെ വേതനം 5000 രൂപയായാണ്‌ സർക്കാർ ഉയർത്തിയത്‌. കോവിഡ്‌ കാലമായതിനാൽ 1000 രൂപ കൂടി അധികം നൽകുകയും ചെയ്യുന്നു.

‘‘2019ൽ ആശാ വർക്കറാവുമ്പോൾ 300 രൂപയായിരുന്ന വേതനം ഇപ്പോൾ 5000 രൂപയായി. ആശമാരുടെ ജോലി ഭാരം സർക്കാർ തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ട്‌’’–- നീലേശ്വരം നഗരസഭയിലെ അഞ്ചാം വാർഡായ ചിറപ്പുറത്തെ ആശാ വർക്കർ കെ ലക്ഷ്‌മി പറഞ്ഞു.  വാർഡിലെ 300 ലേറെ വീടുകളിലും എത്തി വീട്ടുകാരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതടക്കം ഭാരിച്ച ജോലികളാണ്‌‌ ആശാ വർക്കർമാർക്കുള്ളത്‌‌. കൊതുകുനിവാരണ പ്രവർത്തനം, കുഷ്‌ഠം, ക്ഷയം, മന്ത്‌ തുടങ്ങിയ രോഗങ്ങളെപ്പറ്റി സർവേ നടത്തൽ, വിവാഹിതരായ പെൺകുട്ടികളുടെ രജിസ്‌ട്രേഷൻ, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള കുത്തിവയ്‌പ്‌, അങ്കണവാടി, വായനശാല കേന്ദ്രീകരിച്ച്‌ എൻഡിസി ക്ലിനിക്‌ നടത്തിപ്പ്‌,  പാലിയേറ്റീവ്‌ പ്രവർത്തനം, പൾസ്‌ പോളിയോ തുള്ളി മരുന്ന്‌ നൽകൽ, മാസത്തിൽ ഒരു ദിവസം പിഎച്ച്‌സിയിലും സബ്‌ സെന്ററിലും ഡ്യൂട്ടി എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്‌.

കോവിഡ്‌ കാലമായതോടെ വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ്‌ ആശമാർ. കോവി‌ഡ്‌ രോഗികളുടെ വീടുകളിലെത്തി അവർക്ക്‌ മരുന്നും മറ്റും എത്തിച്ചു നൽകലും അവരുടെ ക്വാറന്റൈൻ നിരീക്ഷിക്കലും ഒരു വർഷമായി ചെയ്‌തുവരുന്നുണ്ട്‌.