ഖൽബിൽ ചുവപ്പുമായി കോഴിക്കോട്
Sunday Mar 28, 2021
പി വി ജീജോ
കോഴിക്കോട്
ഒന്നര പതിറ്റാണ്ടായി കോൺഗ്രസിന് ഒരു നിയമസഭാംഗത്തെപ്പോലും നൽകാത്തതാണ് കോഴിക്കോടിന്റെ ചരിത്രം. ഈ നാടിന്റെ രാഷ്‌ട്രീയ ഖൽബിൽ എന്നും ചുവപ്പെന്ന് പറയുന്നത് ആലങ്കാരികമല്ല. 2001ലാണ് അവസാനമായി കോൺഗ്രസിന് എംഎൽഎയുണ്ടായത്. സ്വന്തം നാട്ടിൽ ഇക്കുറിയും കോൺഗ്രസ് പ്രതിനിധി നിയമസഭയിലെത്തുമോയെന്നതിന് ‘നത്തിങ് ഡൂയിങ്’ മറുപടിയേ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുള്ളൂ.
മുൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവടക്കം കോൺഗ്രസ് വിട്ടതാണ് ജില്ലയിൽ കോൺഗ്രസിനേറ്റ ഒടുവിലത്തെ ഷോക്ക്. ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ കുന്നമംഗലത്ത് മുസ്ലിംലീഗിന്റെ സ്വതന്ത്രനായി വേഷംമാറിയത് കണ്ട ഞെട്ടൽ വേറെ. രാഷ്‌ട്രീയത്തിലെ നവജാതശിശുവായ എൻസികെക്ക് എലത്തൂർ മണ്ഡലം കൈമാറിയതിലുള്ള പ്രതിഷേധം ഉള്ളിലിപ്പോഴും പുകയുന്നുണ്ട്. എം കെ രാഘവൻ എംപിയടക്കം കൊളുത്തിവിട്ട പ്രതിഷേധ തീ ബാലറ്റിൽ പ്രതിഫലിച്ചേക്കാം. സിനിമാനടൻ ധർമജൻ ബോൾഗാട്ടിയെ ബാലുശേരിയിൽ മത്സരിപ്പിച്ചതിലുള്ള അതൃപ്‌തി മാറിയിട്ടില്ല. ബേപ്പൂർ, കൊയിലാണ്ടി, നാദാപുരം സീറ്റുകളാകട്ടെ മൂന്ന് കെപിസിസി ജനറൽ സെക്രട്ടറിമാർ പങ്കിട്ടു.
ഇതിലും കൗതുകമാണ് ലീഗിലെ കാര്യങ്ങൾ. അധികസീറ്റായി വാങ്ങിച്ച പേരാമ്പ്രയിൽ സ്ഥാനാർഥി പ്രവാസിപ്രമാണി, കുന്നമംഗലം ഡിസിസി നേതാവിന്, കോഴിക്കോട് സൗത്തിൽ വനിത. പാണക്കാട്ടുനിന്നുള്ള ഇടപെടലുണ്ടായിട്ടും തീരാത്ത അമർഷമാണ് ലീഗിൽ. എം കെ മുനീറിനെ സൗത്തിൽനിന്ന് കൊടുവള്ളിക്ക് മാറ്റിയപ്പോൾ ജില്ലാ ഭാരവാഹികളടക്കമാണ് പന്തം കൊളുത്തിപ്പടയുമായെത്തിയത്.
രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് സിറ്റിങ് എംഎൽഎമാർ എൽഡിഎഫിലും യുഡിഎഫിലുമായി വീണ്ടും രംഗത്തുണ്ട്. ടി പി രാമകൃഷ്‌ണൻ (പേരാമ്പ്ര), എ കെ ശശീന്ദ്രൻ (എലത്തൂർ), പി ടി എ റഹീം (കുന്നമംഗലം), കാരാട്ട് റസാഖ് (കൊടുവള്ളി), ഇ കെ വിജയൻ (നാദാപുരം), എം കെ മുനീർ (കൊടുവള്ളി), പാറക്കൽ അബ്ദുള്ള (കുറ്റ്യാടി) എന്നിവർ.
പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടങ്ങൾക്ക് ഡൽഹിയിലടക്കം നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് (ബേപ്പൂർ), എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് (ബാലുശേരി), ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത്), എൽജെഡി നേതാവ് മനയത്ത് ചന്ദ്രൻ (വടകര), ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല (കൊയിലാണ്ടി), മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്‌കുട്ടി (കുറ്റ്യാടി), മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായ യുവനേതാവ് ലിന്റോ ജോസഫ് (തിരുവമ്പാടി) എന്നിവർ എൽഡിഎഫ് നിരയിലെ പുതുമുഖതാരങ്ങളാണ്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് (കോഴിക്കോട് നോർത്ത്), ലീഗിലെ നൂർബീന റഷീദ് (കോഴിക്കോട് സൗത്ത്)എന്നിവരാണ് യുഡിഎഫിലെ പുതുമുഖങ്ങൾ. എം ടി രമേശാണ് (കോഴിക്കോട് നോർത്ത്) ബിജെപി പട്ടികയിലെ ഏക പ്രമുഖൻ. 2016ൽ ആകെയുള്ള പതിമൂന്ന് സീറ്റിൽ പതിനൊന്നും എൽഡിഎഫിനായിരുന്നു. അന്ന് നഷ്‌ടപ്പെട്ട കുറ്റ്യാടിയും കോഴിക്കോട് സൗത്തും ഇക്കുറി തിരിച്ചുപിടിക്കുമെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഉജ്വല വിജയമാണ് ഈ ആത്മവിശ്വാസത്തിന് കാരണം.