കഴക്കൂട്ടം വെറുമൊരു കൂട്ടമല്ല
Monday Mar 29, 2021
റഷീദ് ആനപ്പുറം
തിരുവനന്തപുരം
കേരളം ലോകത്തിന് സമ്മാനിച്ച ഐടി നഗരമാണ് കഴക്കൂട്ടം. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ ജന്മനാടായ ചെമ്പഴന്തിയും ഇവിടെയാണ്. ഈ മണ്ണിലാണ് ഉത്തരേന്ത്യൻ മാതൃകയിൽ തീവ്രഹിന്ദുത്വത്തിന്റെ പരീക്ഷണ ഭൂമിയാക്കാനുള്ള ശ്രമം. മതനിരപേക്ഷതയ്‌ക്ക് വളക്കൂറുള്ള മണ്ഡലം വലിയ പോരാട്ടത്തിലാണ്.
നാടിന്റെ വികസന നായകൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എൽഡിഎഫിനായി ഒരിക്കൽക്കൂടി ജനവിധി തേടുന്നു. കടുത്ത വർഗീയത ഇളക്കിവിടുകയാണ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. യുഡിഎഫ് സ്ഥാനാർഥി ഡോ. എസ് എസ് ലാലാകട്ടെ നുണപ്രചാരണങ്ങളുടെ കെട്ടഴിച്ചുവിടുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് കടകംപള്ളി കഴക്കൂട്ടത്തെ ഇളക്കി മറിക്കുന്നത്. വികസനത്തിനും ക്ഷേമത്തിനും മാത്രമല്ല, മഹനീയമായ മതേതര പാരമ്പര്യത്തിന് പോറലേൽക്കാതിരിക്കാനുമാണ് എൽഡിഎഫ് വോട്ട് തേടുന്നത്.
കഴിഞ്ഞതവണത്തെ എൻഡിഎ സ്ഥാനാർഥി കേന്ദ്ര സഹമന്ത്രി വി മുരളീധരനായി മാറ്റിവച്ച മണ്ഡലമായിരുന്നു കഴക്കൂട്ടം. ബിജെപിയുടെ ആദ്യപട്ടികയിൽ ശോഭയുടെ പേരില്ലായിരുന്നു. അതോടെ ശോഭ പൊട്ടിത്തെറിച്ചു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ കഴക്കൂട്ടം നൽകി അനുനയിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കൂട്ടർക്കും ഇതൊട്ടും ദഹിച്ചിട്ടില്ല. വൈകിവന്നതിനാൽ കളംപിടിക്കാൻ ശോഭ വർഗീയ കാർഡിറക്കുന്നു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രൻ മണ്ഡലത്തിൽ സുപരിചിതനാണ്. മന്ത്രിയും സ്ഥലം എംഎൽഎയുമെന്ന നിലയ്‌ക്ക് നാട്ടുകാർക്ക് പ്രിയങ്കരൻ. 2200 കോടിരൂപയുടെ വികസനമാണ് അഞ്ച് വർഷത്തിലുണ്ടായത്. 1996ലും അദ്ദേഹം കഴക്കൂട്ടത്തുനിന്ന് ജയിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി ഡോ. എസ് എസ് ലാൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് പോലും അപരിചിതനാണ്. മൂന്ന് തവണ കഴക്കൂട്ടത്തെ പ്രതിനിധീകരിച്ച എം എ വാഹിദിനെ വെട്ടിയാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഈ സീറ്റിൽ നോട്ടമിട്ടിരുന്നു. ലാലിന്റെ ഇരട്ട വോട്ടും ഇപ്പോൾ സജീവ ചർച്ചയാണ്. തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡ് അടങ്ങിയതാണ് കഴക്കൂട്ടം മണ്ഡലം. ഇതിൽ 14 എണ്ണത്തിലും വിജയിച്ചത് എൽഡിഎഫാണ്. അഞ്ചിടത്ത് എൻഡിഎയും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു.