ഗോവിന്ദൻ മാഷിനൊപ്പം തളിപ്പറമ്പ്
Monday Mar 29, 2021
പി സുരേശൻ
ഇടതുപക്ഷത്ത് അടിയുറച്ച തളിപ്പറമ്പ് വികസനമുന്നേറ്റത്തിലും മുൻനിരയിലാണ്. കഴിഞ്ഞ അഞ്ചുവർഷം 1600 കോടി രൂപയുടെ വികസന പ്രവർത്തനം മണ്ഡലത്തിൽ നടന്നു. ഇത്തവണ എൽഡിഎഫിനായി ജനവിധി തേടുന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭൂരിപക്ഷം മാത്രമാണ് നാടിന് അറിയേണ്ടത്. 1996ലും 2001ലും തളിപ്പറമ്പിനെ പ്രതിനിധീകരിച്ച ഗോവിന്ദൻ മാസ്റ്റർ മണ്ഡലത്തിന്റെ മനസ്സറിയുന്ന ജനനേതാവാണ്. സ്വദേശമായ മോറാഴപോലെ ഓരോപ്രദേശവും മാഷിന് സ്വന്തം നാടാണ്. നേരിട്ട് പരിചയമുള്ളവരാണ് വോട്ടർമാരിലേറെയും.
സെമിനാറുകളിലൂടെയാണ് മണ്ഡലത്തിന്റെ വികസന പരിപ്രേക്ഷ്യം എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. ‘തളിപ്പറമ്പ് നെക്‌സ്‌റ്റ്, മാഷിനൊപ്പം വികസന പദ്ധതികൾ’ സെമിനാറിൽ കൃഷി, ഐടി, കായികം, സിനിമ, ടൂറിസം, കൈത്തറി മേഖലകളിലെ വികസന പദ്ധതികളാണ് രൂപപ്പെടുത്തുന്നത്.
ഇടതുപക്ഷ രാഷ്ട്രീയം ആഴത്തിൽ വേരോടിയ പ്രദേശങ്ങളാണ് തളിപ്പറമ്പിന്റെ സവിശേഷത. കർഷകസംഘം പിറന്ന നണിയൂരും ലോകമറിയുന്ന മോറാഴയും പാടിക്കുന്ന് രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണും വലതുപക്ഷത്തിന് ഒരിക്കലും കയറിച്ചെല്ലാൻ പറ്റാത്ത ഇടങ്ങളാണ്. പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയായ ആന്തൂരും ഈ മണ്ഡലത്തിലാണ്. ഒരിക്കൽ മാത്രമാണ് മണ്ഡലം വലതുപക്ഷത്തെ തുണച്ചത്. ഓരോ തവണയും വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ ജയിപ്പിച്ച പാരമ്പര്യമാണ് തളിപ്പറമ്പിന്റേത്.
സ്ഥാനാർഥി നിർണയത്തിലെ അനിശ്‌ചിതത്വത്തിനൊടുവിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ വി പി അബ്ദുൾറഷീദിനെ യുഡിഎഫ് രംഗത്തിറക്കി. കഴിഞ്ഞതവണ ഇരിക്കൂറിൽ മത്സരിച്ച എ പി ഗംഗാധരനാണ് എൻഡിഎ സ്ഥാനാർഥി.