‘ഹണി’ തളിർത്തു; ഇനി ഡബിൾ സ്‌ട്രോങ്
Monday Mar 29, 2021
ജിജോ ജോർജ്
മലപ്പുറം
ജീവിതം ‘റീച്ചാർജ്’ ചെയ്‌ത സന്തോഷത്തിലാണ് ഷിജു. കഷ്ടപ്പാടിന്റെ കടലാഴത്തിൽനിന്ന് പുതിയ ആകാശത്തേക്ക്. രാമപുരത്തെ ‘ഹണി’ ഇലക്‌ട്രോണിക്‌സിലൂടെ വരുമാനമാർഗം തളിർക്കുന്നു. അതിന് തുണയായത് സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്‌സ്.
ആറുവർഷം സൗദിയിൽ കംപ്യൂട്ടർ ടെക്‌നീഷ്യനായി ജോലി ചെയ്‌ത പള്ളിക്കുറുപ്പിൽ ഷിജു നിതാഖാത്ത് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നെ തിരിച്ചുപോകാനായില്ല. നാട്ടിൽ പല ജോലിക്കും ശ്രമിച്ചു. ഒടുവിൽ രാമപുരത്ത് ഇലക്‌ട്രോണിക് സാധനങ്ങൾ സർവീസ് നടത്തുന്ന ഷോപ്പ് തുടങ്ങി. വേണ്ടത്ര വരുമാനമുണ്ടായില്ല. ഷോപ്പിൽ കൂടുതൽ സൗകര്യമൊരുക്കി മെച്ചപ്പെടുത്തണമെന്ന് തോന്നി. എങ്ങനെ പണം ഉണ്ടാകുമെന്ന് ആലോചിക്കുമ്പോഴാണ് പ്രവാസി വായ്‌പകൾക്ക് നോർക്ക റൂട്ട്‌സ് സബ്‌സിഡി നൽകുന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നത്.
മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘ (പ്രവാസിസ്)ത്തിൽനിന്ന് നോർക്ക സബ്‌സിഡി കിട്ടുന്ന എൻഡിപിആർഇഎം വായ്‌പ ലഭിച്ചു. അത് ജീവിതത്തിലെ വഴിത്തിരിവായി. ഇന്ന് രാമപുരത്തെ ഏറ്റവും തിരക്കുള്ള സ്ഥാപനമാണ് ‘ഹണി’ ഇലക്‌ട്രോണിക്‌സ്. മൊബൈൽ റീച്ചാർജിങ് മുതൽ ടിവി, കംപ്യൂട്ടർ വിൽപ്പനയും സർവീസുമാണ് ഇവിടെയുള്ളത്. ഷിജുവിനെപ്പോലെ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ ലഭിച്ചവരേറെ.