അഴിയില്ല അരിക്കുരുക്ക്
Monday Mar 29, 2021
കെ ശ്രീകണ്‌ഠൻ
തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവച്ച അരിവിതരണത്തിന് ഹൈക്കോടതി പച്ചക്കൊടി വീശിയതോടെ പ്രചാരണം ‘സ്‌പെഷ്യൽ ഇഫക്‌ടി’ലായി. അരിക്ക് ഇടങ്കോലിട്ടതിലൂടെ പ്രതിപക്ഷം ‘അന്നംമുടക്കികളായി’ മാറിയത് അന്തിമഘട്ട പ്രചാരണത്തിൽ നാടിനെ ഇളക്കിമറിക്കും.
ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനും മാസങ്ങളായി തുടരുന്ന പദ്ധതിയാണ്. എന്നാൽ, ഇത് എൽഡിഎഫിന് മേൽക്കൈ നേടികൊടുക്കുമെന്ന തിരിച്ചറിവാണ് പ്രതിപക്ഷ നേതാവിനെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.
നുണപറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിക്കുന്ന യുഡിഎഫ് ‘പ്രതികാരപക്ഷ’മായി മാറിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കടുത്ത വിമർശനമാണ് നടത്തിയത്. അന്നം മുടക്കൽ മനോഭാവത്തിനെതിരായ വികാരം പ്രചാരണ രംഗത്ത് കത്തിപ്പടർന്നു. അരിവിതരണം പ്രതിപക്ഷ പരാതിയിൽ നിർത്താനാകുന്ന പരിപാടിയല്ലെന്ന സർക്കാർ തീരുമാനം വഴിത്തിരിവായി. സർക്കാരിന്റെ ജനപക്ഷ നിലപാടിന് അംഗീകാരം കൂടിയാണ് കോടതി ഇടപെടൽ. ആരും പട്ടിണികിടക്കരുത് എന്ന എൽഡിഎഫിന്റെ രാഷ്‌ട്രീയ തീരുമാനം ഇനിയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കളം ചൂടുപിടിപ്പിക്കും. അരിക്കുരുക്ക് അഴിക്കാൻ യുഡിഎഫിന് കഴിയില്ല.
അരി, ക്ഷേമപെൻഷൻ വിതരണം മുടക്കാനുള്ള നീക്കം ചെന്നിത്തലയുടേത് മാത്രമായിരുന്നില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരിച്ചടിയായെന്ന് ഉറപ്പായപ്പോൾ ചെന്നിത്തലയുടെ തലയിൽ കെട്ടിവയ്‌ക്കാനാണ് ശ്രമം. ‘വിനാശ കാലേ വിപരീത ബുദ്ധി’ യെന്ന വികാരമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. അരി വിതരണം പുനരാരംഭിക്കുന്നതോടെ അരിമുടക്കിയതിനെതിരെ ഉയർന്ന ജനവികാരം പതിന്മടങ്ങ് പതഞ്ഞുയരും.
ആഴക്കടൽ മത്സ്യബന്ധനം, വ്യാജ വോട്ട് വിവാദങ്ങൾ വേണ്ടത്ര ഏശിയില്ല. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കം ഉൾപ്പെട്ട വൻഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ബോധ്യമായി. ഇരട്ടവോട്ട് വിവാദമാക്കാനുള്ള ശ്രമവും തിരിഞ്ഞുകുത്തി. രമേശ് ചെന്നിത്തലയുടെ അമ്മയും യുഡിഎഫ് സ്ഥാനാർഥികളും ഇരട്ടവോട്ടുകാരാണെന്ന വിവരമാണ് പുറത്തുവന്നത്. എന്നാൽ, പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ഇനിയും ഇത്തരം വിവാദങ്ങളുയരാനാണ് സാധ്യത.
കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ഇതിനായി രംഗത്തിറക്കുമെന്നാണ് വിവരം. ഒരു വോട്ടറെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിയുമോയെന്നാണ് നോട്ടം. എന്നാൽ, അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ വികസന നേട്ടങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയാണ് എൽഡിഎഫ് പ്രചാരണം.
അരി
കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല: ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് വോട്ടർപട്ടികയിലെ ക്രമക്കേടുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവോട്ടർമാരിലൂടെ നേടിയ വിജയമാണത്. ഈ തെരഞ്ഞെടുപ്പിലും വളരെ ശാസ്‌ത്രീയമായി വോട്ട് ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പു കമീഷനുപോലും കണ്ടുപിടിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ് താൻ കണ്ടുപിടിച്ചത്. പോസ്‌റ്റൽ വോട്ടിലും ക്രമക്കേടുണ്ട്. തന്റെ അമ്മയുടെയും കോൺഗ്രസ് നേതാക്കളുടെയും സ്ഥാനാർഥികളുടെയും പേരിൽ വ്യാജവോട്ട് ചേർത്തതും സിപിഐ എമ്മുകാരാകും. വ്യാജവോട്ട് കണ്ടുപിടിക്കുമ്പോൾ പറയാൻ വേണ്ടിയാകാം അങ്ങനെ ചെയ്‌തത്. ജനങ്ങൾക്ക് അരി കൊടുക്കരുതെന്നല്ല, ഏപ്രിൽ ആറിനുശേഷം കൊടുത്താൽ മതിയെന്നാണ് താൻ പറഞ്ഞത്. ബിജെപിയുടെ വോട്ടു വേണ്ടെന്ന് ആദ്യം പിണറായി വിജയൻ പറയണമെന്നും പിന്നീട് താൻ പറയാമെന്നും അദ്ദേഹം പറഞ്ഞു.