ആന്റണി ഇപ്പോഴും വിമോചനസമരത്തിൽ
Monday Mar 29, 2021
തിരുവനന്തപുരം
വിമോചനസമരകാലത്തെ കുപ്രസിദ്ധ മുദ്രാവാക്യവുമായി വീണ്ടും എ കെ ആന്റണി. ‘തെക്ക് തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത് ഭർത്താവില്ലാ നേരത്ത്, ഫ്‌ളോറിയെന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരെ....’’ എന്ന കുപ്രസിദ്ധ മുദ്രാവാക്യമാണ് 62 വർഷത്തിനുശേഷം ജനങ്ങളെ ഇളക്കിവിടാനുള്ള ദുഷ്ടലാക്കോടെ ആന്റണി വിളിച്ചത്. തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ തീരദേശവികസന രേഖയുടെ പ്രകാശനച്ചടങ്ങിലാണ് ജനാധിപത്യ ധ്വംസന നാളുകളിലെ മുദ്രാവാക്യം ആന്റണി ആവർത്തിച്ചത്.
‘തീരദേശവാസികൾ രോഷത്തോടെ ഇറങ്ങിയാൽ ഒരു സർക്കാരിനും ഇരിക്കാനാകില്ല. ഒരണ സമരത്തിലൂടെയാണ് ഞാനൊക്കെ രാഷ്ട്രീയത്തിൽ എത്തിയത്. എന്നാൽ, ഏറ്റവും ശക്തമായ മുദ്രാവാക്യം വിളിച്ചത് 1959ലാണ്’ എന്ന് പറഞ്ഞാണ് പഴയ മുദ്രാവാക്യം ആന്റണി മുഴക്കിയത്. സിപിഐ എമ്മിനോടുള്ള ആന്റണിയുടെ കൊടും വൈരം അവിടെയും നിർത്തിയില്ല. ഫ്‌ളോറിയുടെയും അമ്മമാരുടെയും ശാപമാണ് ഇ എം എസ് സർക്കാരിനെ ചുട്ടുചാമ്പലാക്കിയതെന്നും തീരദേശമിളകിയാൽ എന്ത് സംഭവിക്കുമെന്ന് നിരവധി അനുഭവങ്ങളുണ്ടെന്നും ആന്റണി പറഞ്ഞു.
1959 ജൂലൈ മൂന്നിനാണ് ചെറിയതുറയിൽ ഫ്‌ളോറി വെടിയേറ്റ് മരിച്ചത്. വിമോചനസമരത്തിൽ ഫ്‌ളോറി പങ്കെടുത്തിരുന്നില്ലെന്ന് പിന്നീട് ഇവരുടെ ഭർത്താവും കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമോചനസമരം ആളിക്കത്തിക്കാൻ അന്ന് ഫ്‌ളോറിയുടെ മരണം ആന്റണിയും കൂട്ടരും ആയുധമാക്കുകയായിരുന്നു.