‘ഞങ്ങൾക്ക്‌ വെളിച്ചം തന്നത്‌ ഈ സർക്കാരാ. വോട്ടും അവർക്ക്‌ തന്നെ’

Monday Mar 29, 2021
ജയ്‌സൻ ഫ്രാൻസിസ്‌
സൗജന്യ വൈദ്യുതി കണക്‌ഷൻ ലഭിച്ച രാജാജി നഗർ നിവാസികളുടെ ആഹ്ലാദം / പി ദിലീപ് കുമാർ


തിരുവനന്തപുരം
‘ഞങ്ങൾക്ക്‌ വെളിച്ചം തന്നത്‌ ഈ സർക്കാരാ. വോട്ടും അവർക്ക്‌ തന്നെ’ എൺപതുകാരിയായ സരസുവിന്റെ വാക്കുകളിൽ ആഹ്ലാദവും ആവേശവും. വെളിച്ചം മാത്രമല്ല വെള്ളവും തന്നത്‌ പിണറായിയും മണിയാശാനുമാണെന്ന്‌  രാധയും ശോഭയും ജോർജും കൂട്ടിച്ചേർത്തപ്പോൾ സെക്രട്ടറിയറ്റിന്‌ വിളിപ്പാടകലെയുള്ള രാജാജിനഗറിൽ സന്തോഷം ‘ഹൈവോൾട്ടിലായി’. രാജാജി നഗറിലെ 90 കുടുംബങ്ങൾക്കാണ്‌ എൽഡിഎഫ്‌ സർക്കാർ സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകിയത്‌. അഞ്ച്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ നൽകിയത്‌ 18 ലക്ഷം പുതിയ കണക്ഷൻ.

സമ്പൂർണ വൈദ്യുതീകരണം രാജ്യത്താദ്യം കൈവരിച്ച സംസ്ഥാനമെന്ന നേട്ടമുൾപ്പെടെ സമാനതകളില്ലാത്ത വികസനത്തിനാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷം സാക്ഷ്യം വഹിച്ചത്‌. 2017 മെയ്‌ 20നായിരുന്നു സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം.


 

തടസ്സമില്ലാതെ ജോലി
‘‘ഇപ്പോൾ പവർക്കട്ടും ലോഡ്‌ ഷെഡ്ഡിങ്ങുമില്ലല്ലോ. ജോലിയും മുടങ്ങുന്നില്ല’’– സെക്രട്ടറിയറ്റിന്‌ സമീപമുള്ള ഫോട്ടോസ്റ്റാറ്റ് യൂണിറ്റിലെയും തയ്യൽക്കടയിലെയും ജീവനക്കാരായ പ്രിയയുടെയും ശിവാനന്ദന്റെയും ചുണ്ടുകളിൽ ആശ്വാസ പുഞ്ചിരി. നേരത്തെ‌ ഓരോ ദിവസവും ഇടയ്‌ക്കിടെ കറന്റു പോകും. അതോടെ മോട്ടോർ തയ്യൽ മെഷീൻ പണിമുടക്കും. ഇപ്പോൾ  ആ പ്രശ്‌നമില്ല. വൈദ്യുതി തകരാറുണ്ടായാൽ തന്നെ കെഎസ്‌ഇബിക്കാരെ വിളിച്ചാൽ മതി ഉടൻ ശരിയാക്കുമെന്ന്‌ ശിവാനന്ദൻ  പറഞ്ഞു.

ഹിറ്റാണ്‌ 
സൂപ്പർ ഹിറ്റ്‌

‘‘രാവിലെ അപേക്ഷ നൽകി, ഉച്ചതിരിയുംമുമ്പ്‌ വൈദ്യുതി കണക്ഷൻ ശരിയാക്കിത്തന്നതിൽ സന്തോഷം. വൈദ്യുതി ജീവനക്കാർക്ക്‌ നന്ദി’–-മലയാളികളുടെ പ്രിയനടൻ ജയറാമിന്റേതാണീ ഡയലോഗ്‌. സർവീസ്‌ കണക്ഷൻ അപേക്ഷയ്‌ക്കായാണ്‌ 1912 നമ്പരിൽ താരം വിളിച്ചത്‌. രാവിലെ 10.30നായിരുന്നു ഇത്‌. ഒട്ടുംവൈകാതെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ പുരയിടത്തിൽ എത്തി സ്ഥലപരിശോധന നടത്തി. പണമടയ്‌ക്കാൻ നിർദേശിച്ചു. പണം അടച്ച ഉടൻ കണക്ഷനും നൽകി.

‘വൈദ്യുതി  സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയിലൂടെ ഹൈസ്‌പീഡിലാണിപ്പോൾ കെഎസ്‌ഇബി സേവനം. പദ്ധതി 368 സെക്ഷനിൽ നടപ്പാക്കി.    അപേക്ഷ രജിസ്റ്റർ ചെയ്യുമ്പോൾ ഫീസ്‌ ആവശ്യമില്ല.

 

നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ

■ ഇടമൺ–-കൊച്ചി പവർ ഹൈവേ പുഗലൂർ-–-മാടക്കത്തറ എച്ച്‌വിഡിസി ലൈൻ  
■ ഉഡുപ്പി–-കാസർകോട്‌, മാടക്കത്തറ–-അരീക്കോട്‌ 400 കെവി പ്രസരണ ഇടനാഴികൾ
■ ആഭ്യന്തര ഉൽപ്പാദന ശേഷിയിൽ 320 മെഗാവാട്ടിന്റെ വർധന  
■ ഏറ്റവും കുറഞ്ഞ വൈദ്യുതി വിതരണ നഷ്ടമുള്ള സംസ്ഥാനം (വിതരണ നഷ്ടം 8.7 ശതമാനം, പ്രസരണ- നഷ്ടം–-3.74)
■ വെള്ളത്തൂവൽ, പെരുന്തേനരുവി കക്കയം, പതങ്കയം, കാരിക്കയം, ചാത്തൻകോട്ട്‌നട പദ്ധതികൾ
■ തെരുവ്‌ വിളക്കുകൾ എൽഇഡിയിലേക്ക്‌ മാറ്റുന്ന നിലാവ്‌ പദ്ധതി  
■ കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ സഹകരണത്തോടെ  കെ ഫോൺ
■ സെക്‌ഷൻ ഓഫീസ്‌ സന്ദർശനത്തിന്‌ മുൻകൂട്ടി സമയം ബുക്ക്‌ ചെയ്യാൻ ‘ഇ–- സമയം’ വെർച്വൽ ക്യു