‌ഇത്‌ പഴയ കോട്ടയമല്ല

Tuesday Mar 30, 2021
കെ ടി രാജീവ്‌


‌കോട്ടയം
നാണക്കേടിന്റെ പര്യായമായി നിലകൊള്ളുന്ന ആകാശപ്പാതകളല്ല, കിഫ്‌ബിയിലൂടെ മുഖച്ഛായ മാറ്റിയ കോട്ടയം മെഡിക്കൽ കോളേജടക്കം നാടിന്റെ മുക്കിലും മൂലയിലുമുണ്ടായ മാറ്റമാണ്‌  വികസനമെന്ന്‌ തിരിച്ചറിയുന്ന ജനം‌. വികസനത്തിളക്കത്തിനൊപ്പം മുന്നണി സമവാക്യത്തിലുണ്ടായ മാറ്റം–- ഇത്തവണ കോട്ടയത്ത്‌ പ്രതിഫലിക്കുന്ന ഘടകങ്ങളിതാണ്‌. ഇടതുക്യാമ്പും കേരള കോൺഗ്രസും ചേർന്ന ശക്തി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മേൽകൈക്ക്‌ ശോഷണം സംഭവിച്ചിട്ടില്ല. കേരള കോൺഗ്രസ്‌ എം ഒപ്പമില്ലാത്ത കോൺഗ്രസിന്റെ "സ്വാധീനം' അവർതന്നെ തിരിച്ചറിയുന്നുണ്ട്‌.

തലമുറമാറ്റമെന്ന്‌ കൊട്ടിഘോഷിച്ച നയംമാറ്റം കോട്ടയത്ത്‌ ബാധകമല്ലെന്ന്‌ ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മത്സരത്തോടെ ബോധ്യമായി. സീറ്റ്‌ കിട്ടാതായതോടെ‌ തലമുണ്ഡനം ചെയ്‌ത്‌ പ്രതിക്ഷേധിച്ച്‌ ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയായി രംഗത്തെത്തിയ ലതിക സുഭാഷും യുഡിഎഫിന്‌ തലവേദനയാകും‌. പുതുപ്പള്ളിയിൽനിന്ന്‌ ഉമ്മൻചാണ്ടിയെ പറിക്കാനുള്ള ഗ്രൂപ്പുപോരിനൊടുവിൽ പുരപ്പുറ നാടക അരങ്ങിനും വഴിതുറന്നത്‌ നാട്‌ കണ്ടു. യുവത്വത്തിന്റെ പ്രസരിപ്പും മികവും ഊർജസ്വലതയുമായി എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്ക്‌ സി തോമസുണ്ട്‌‌.

ഏറ്റുമാനൂരിൽ വി എൻ വാസവൻ ജനഹൃദയങ്ങളിൽ ഇടംനേടിക്കഴിഞ്ഞു. ജോസഫ്‌ ഗ്രൂപ്പിലെ പ്രിൻസ്‌ ലൂക്കോസാണ്‌‌ യുഡിഎഫ്‌ സ്ഥാനാർഥി. പാലായിൽ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി തരംഗമായിട്ടുണ്ട്‌. കോൺഗ്രസിൽനിന്നും ബിജെപിയിൽ ചേക്കേറിയ ജെ പ്രമീളാദേവിയാണ്‌ എൻഡിഎ സ്ഥാനാർഥി.
വികസന മുരടിപ്പ്‌ പ്രധാന ചർച്ചയാകുന്ന കോട്ടയത്ത്‌ സിറ്റിങ്‌ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരുങ്ങലിലാണ്‌. കോട്ടയത്തെ കാർഷിക–-ജല സമൃദ്ധിയിലേക്ക്‌ നയിച്ച അഡ്വ. കെ അനിൽകുമാർ ഏറെ ജനപ്രിയനും പൊതുസമ്മതനുമാണ്‌. മിനർവ മോഹനാണ്‌ ബിജെപി സ്ഥാനാർഥി.  വൈക്കത്ത്‌ സിറ്റിങ്‌ എംഎൽഎ കൂടിയായ സി കെ ആശയുടെ വിജയം സുനിശ്‌ചിതം.  

കടുത്തുരുത്തിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി സ്‌റ്റീഫൻ ജോർജ്‌ പ്രചരണ രംഗത്ത്‌ ഏറെ മുന്നിലാണ്‌‌.‌ രണ്ട്‌ പതിറ്റാണ്ടായി എംഎൽഎയായി തുടരുന്ന‌ മോൻസ്‌ ജോസഫ്‌ തന്നെയാണ്‌ യുഡിഎഫിനായി രംഗത്തുള്ളത്‌. ‌കാഞ്ഞിരപ്പള്ളിയിൽ മൂന്ന്‌ തവണ ജനപ്രതിനിധിയായ ഡോ. എൻ ജയരാജ്‌ നാലാം അങ്കത്തിലും വിജയമുറപ്പിക്കുന്നു. മൂവാറ്റുപുഴയിൽനിന്നും പായേണ്ടിവന്ന ജോസഫ്‌ വാഴയ്‌ക്കനാണ്‌ മറുപുറത്ത്‌.  മുൻ കേന്ദ്രമന്ത്രി അൽഫോൻസ്‌ കണ്ണന്താനമാണ്‌ എൻഡിഎ സ്ഥാനാർഥി.

ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിലൂടെ ചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. സിറ്റിങ്‌ എംഎൽഎയായ പി സി ജോർജും യുഡിഎഫിലെ ടോമി കല്ലാനിയും എൻഡിഎയിലെ എം പി സെന്നും മത്സര രംഗത്തുണ്ട്‌. ചങ്ങനാശേരിയിൽ എൽഡിഎഫിലെ അഡ്വ. ജോബ്‌ മൈക്കിൾ ഇത്തവണ മാറ്റം കൊണ്ടുവരുമെന്ന്‌ ജനം ഉറപ്പിക്കുന്നു. ജോസഫ്‌ വിഭാഗത്തെ വി ജെ ലാലിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. മുൻ കോൺഗ്രസ്‌ നേതാവ്‌ ജി രാമൻ നായരാണ്‌ ബിജെപി സ്ഥാനാർഥി.

മണ്ഡലങ്ങളെ ഇളക്കിമറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പര്യടനത്തോടെ അത്യാവേശത്തിലാണ്‌ ജില്ലയെങ്ങും‌. മുമ്പെങ്ങുമില്ലാത്തവിധം ഉമ്മൻചാണ്ടി കോട്ടയം കേന്ദ്രീകരിച്ചാണ്‌ പ്രചാരണം നടത്തുന്നത്‌.