ഐശ്വര്യം ഈ ആട്‌ ജീവിതം

Tuesday Mar 30, 2021
ബിജോ ടോമി


കൊല്ലം
ക്ലാപ്പന ആശാഭവനിൽ ജയകുമാറിന്റെ വീട്ടിൽ എത്തിയാൽ ആദ്യം കണ്ണ്‌ പായുക തൊട്ടടുത്ത ഫാമിലേക്കാകും. കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള 21 ആടുകളാണ്‌ എ ജെ ഫാമിന്റെ ഐശ്വര്യം. ‘വേറേത്‌ സർക്കാരാണ്‌ ഇങ്ങനെ സഹായിച്ചിട്ടുള്ളത്‌. അത്രയ്‌ക്ക്‌ സന്തോഷമുണ്ട്‌. ഇപ്പോൾ ഞാനൊരു സംരംഭകനാണ്‌’ –- പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തുടങ്ങിയ സംരംഭത്തെക്കുറിച്ചും ‌ കൈത്താങ്ങായ  സർക്കാരിനെക്കുറിച്ചും പറയുമ്പോൾ അമ്പത്തിമൂന്നുകാരന്റെ മുഖത്ത് നിറഞ്ഞ‌‌ അഭിമാനം.

ജയകുമാർ കൂടിനുള്ളിൽ കയറിയപ്പോൾ തീറ്റയുമായുള്ള വരവാണെന്നു കരുതി ആടുകളെല്ലാം ചാടിയെണീറ്റു. എല്ലാത്തിനും ഓരോ പിടി പുല്ലു നൽകി ജയകുമാർ ഫാമിന്റെ വിശേഷങ്ങളിലേക്ക്‌ കടന്നു. 27 വർഷം വിദേശത്തായിരുന്നു. കുവൈത്തിലും ഒമാനിലും ദുബായിലുമെല്ലാം ജോലിചെയ്‌തു. കുവൈത്തിൽ ഫാബ്രിക്കേഷൻ മേഖലയിൽ ജോലി ചെയ്യവേയാണ്‌ അച്ഛന്റെ മരണത്തെ തുടർന്ന്‌ ആറുമാസംമുമ്പ്‌ നാട്ടിലേക്ക്‌ വന്നത്‌. ഗൾഫിൽ കോവിഡ്‌ പിടിമുറുക്കിയതോടെ പിന്നീട്‌ തിരിച്ചു പോകാനായില്ല. ഇതോടെ‌ നാട്ടിൽ എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചു.

പത്രത്തിൽനിന്ന്‌ മൃഗസംരക്ഷണവകുപ്പിന്റെ ആടുവളർത്തൽ പദ്ധതിയെക്കുറിച്ച്‌ അറിഞ്ഞതോടെയാണ്‌ ആടു ഫാം എന്ന ആശയത്തിലേക്ക്‌ എത്തിയത്‌. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നെല്ലാം നല്ല പ്രോത്സാഹനവും ഇടപെടലുമായതോടെ പ്രതീക്ഷിച്ചതിലും നേരത്തേ ഫാം തുടങ്ങി. പദ്ധതി പ്രകാരം ആടുകളെ വാങ്ങി. ഒരു ലക്ഷം രൂപ സബ്‌സിഡിയായി ലഭിച്ചു. ഫാമിൽ രണ്ടുപേർക്ക്‌ ജോലി നൽകാനായെന്ന സന്തോഷവും ഉണ്ട്‌–- ഇതിനപ്പുറം എന്ത്‌ കരുതലാണ്‌ സർക്കാർ ഒരുക്കേണ്ടതെന്ന്‌ ജയകുമാർ ചോദിക്കുന്നു.

റീ ബിൽഡ്‌ കേരള പദ്ധതിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പദ്ധതിയിലൂടെ സംസ്ഥാനത്ത്‌ 950 കുടുംബത്തിനാണ്‌‌ വരുമാനമാർഗമായത്‌. രണ്ടു പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. അഞ്ച്‌ പെണ്ണാടും ഒരാണാടും ഉൾപ്പെടുന്ന ഗോട്ട്‌ സാറ്റ്‌ലൈറ്റ്‌ പദ്ധതിയും 20 പെണ്ണാടും ഒരാണാടും ഉൾപ്പെടുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള പദ്ധതിയും. ഗുണഭോക്‌താക്കൾക്ക്‌ എവിടെനിന്നും ആടിനെ വാങ്ങാം. കൂടും തയ്യാറാക്കി ആടുകൾക്ക്‌ ഒരു വർഷത്തെ ഇൻഷുറൻസും എടുത്തു കഴിയുമ്പോൾ കൊമേഴ്‌സ്യൽ പദ്ധതിയിൽ ഒരു ലക്ഷം രൂപയും ഗോട്ട്‌ സാറ്റ്‌ലൈറ്റ്‌ പദ്ധതിയിൽ 25,000 രൂപയും സബ്‌സിഡിയായി ലഭിക്കും.  മൂന്നു മാസം കൂടുമ്പോൾ മൃഗഡോക്‌ടർ ആടുകളെ പരിശോധിച്ച്‌ ആരോഗ്യസ്ഥിതി ഉറപ്പു വരുത്തും.