അന്തംവിട്ട്‌ 
ഉണ്ടയില്ലാവെടികൾ ; കുത്തിത്തിരിപ്പ്‌ തുടർന്ന്‌ 
യുഡിഎഫ്‌ പത്രം

Tuesday Mar 30, 2021


നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ പ്രതിപക്ഷം എത്രത്തോളം ആശങ്കയോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ തിരിച്ചറിയാൻ യുഡിഎഫ്‌ പത്രത്തിൽ ഒറ്റനോട്ടം മതി. അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന അവസ്ഥയിലാണ്‌ മനോരമ. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതുമുതൽ നിരന്തരം വ്യാജവാർത്തയാണ്‌. ഓരോ ദിവസവും ബോംബെന്ന്‌ കരുതി അവതരിപ്പിക്കുന്നതെല്ലാം നേരം വെളുക്കുന്നതോടെ നിർവീര്യമായാലും ജാള്യതയില്ല. പിറ്റേന്നും വീട്ടുമുറ്റത്ത്‌ പുതിയ ബോംബിടും.   പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഉണ്ടയില്ലാവെടികൾ പോലും വള്ളിപുള്ളി തെറ്റാതെ പ്രധാനവാർത്തയാവുന്നു. ചെന്നിത്തല പ്രയോഗിച്ച്‌  ബൂമറാങ്ങായ ഇരട്ടവോട്ട്‌ വിവാദം സർക്കാരിനെതിരെ തിരിക്കാനാണ്‌ ശ്രമം. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ്‌ കമീഷന്റെ അധികാരപരിധിയിലുള്ളതാണ്‌. അതിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടായി എന്ന ധ്വനിയിലാണ്‌ എഴുത്ത്‌‌.

ആഴക്കടൽ മത്സ്യബന്ധനത്തിന്‌ വിദേശയാനങ്ങൾക്ക്‌ അനുമതി നൽകാനുള്ള നീക്കത്തിന് തുടക്കമിട്ടത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ്‌. പാർലമെന്റിൽ ഈ നീക്കത്തെ ശക്തമായി എതിർത്തത്‌ ഇടതുപക്ഷവുമാണ്‌. എന്നാൽ, പൂർണമായും കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള വിഷയത്തിൽ സംസ്ഥാനസർക്കാർ ഇടപെട്ടുവെന്ന്‌ വരുത്തിത്തീർക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ‌ നിരന്തരം നൽകുന്നു.


 

ഉദ്യോഗാർഥികളുടെ സമരത്തെ മറയാക്കി നടത്തിയത്‌ യുക്തിഹീനമായ അസത്യപ്രചാരണമാണ്‌. ചരിത്രത്തിൽ ഏറ്റവുമധികം നിയമനശുപാർശ നൽകിയ പിഎസ്‌സിയെ അവഹേളിക്കാൻ തെറ്റായ കണക്കുകൾ നിരത്തുന്നു. പിഎസ്‌സി കണക്കുകൾ സഹിതം ഇക്കാര്യം തുറന്നുകാട്ടിയിട്ടും തെറ്റ്‌ തിരുത്തുന്നില്ല. പകരം മുള്ളും മുനയുമുള്ള‌ വ്യാജവാർത്തകൾ തുടരുകയാണ്‌.

ചെന്നിത്തലയെ ക്യാപ്‌റ്റനാക്കി വീര്യംനൽകാൻ എഴുതിയ കഥയിൽ പണ്ടത്തെ ചാപ്പകുത്തൽ വ്യാജവാർത്ത ആവർത്തിച്ചു. ഓൺലൈനിൽ വരുന്ന വാർത്തകളുടെ നിജസ്ഥിതി പോലും മിനിറ്റുകൾക്കകം സാമൂഹ്യമാധ്യമങ്ങളിൽ പൊളിച്ചടുക്കപ്പെടുന്ന പുതിയ കാലത്തും പഴയ കുത്തിത്തിരിപ്പ്‌ മാധ്യമപ്രവർത്തനം തുടരുന്നു.   പത്രത്തിലെ വ്യാജവാർത്തകൾക്കൊപ്പം ഓൺലൈനിലും സഹായം പുതിയ രീതിയിൽ നൽകുന്നു. വ്യാജവാർത്ത ചമയ്‌ക്കുക, സ്ക്രീൻഷോട്ട് വഴി യുഡിഎഫ് പ്രചാരണം നടത്തുക എന്നതാണ്‌ പുതിയരീതി.

കൃത്രിമശ്വാസമേകാൻ 
പഴയ ചിത്രം
തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്‌ അങ്കലാപ്പിലായ പ്രതിപക്ഷത്തിന്‌ കൃത്രിമശ്വാസം നൽകാൻ ഉദ്യോഗാർഥിസമരം വീണ്ടും കത്തിക്കാനാകുമോ എന്ന്‌ യുഡിഎഫ്‌ പത്രത്തിന്റെ കുത്തിത്തിരിപ്പ്‌. തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തുമ്പോൾ സമരം കടുപ്പിക്കുന്നുവെന്ന മട്ടിൽ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കൊപ്പം അടിക്കുറിപ്പില്ലാതെ പഴയ ചിത്രം നൽകി വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമം.   

നിയമനം വേഗത്തിലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്ന ഉദ്യോഗാർഥികൾ പ്രശംസിക്കുന്ന ഘട്ടത്തിലാണ്‌ ഈ കുതന്ത്രം. പിഎസ്‌സി ഉദ്യോഗാർഥികളുടെ പേരിൽ കോൺഗ്രസ്‌ ആസൂത്രണംചെയ്യുന്ന തൊഴിൽരഹിതറാലിയുടെ സമാപന സമ്മേളനം സെക്രട്ടറിയറ്റിനുമുന്നിൽ ഉദ്‌ഘാടനംചെയ്യുന്നത്‌ കോൺഗ്രസ്‌ പ്രചാരണത്തിനായി രംഗത്തുള്ള നടൻ ജഗദീഷാണ്‌. സമരക്കാരുടെ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചിരുന്നു. അവ പരിഹരിക്കാൻ ഉറപ്പുകൊടുത്ത നടപടികൾക്ക്‌ തുടക്കമിടുകയുംചെയ്‌തു. എൽജിഎസ്‌ റാങ്ക്‌ പട്ടികയിൽനിന്ന്‌ 14,996 പേർക്കാണ്‌ നിയമനം നൽകിയത്‌. 2015ൽ നിലവിൽ വന്ന പട്ടികയിൽനിന്ന്‌ 8668 പേർക്കും 2017ലേതിൽനിന്ന്‌ 6217 പേർക്കുമായിരുന്നു നിയമനം. റാങ്ക്‌ പട്ടികയുടെ കാലാവധി 2021 ആഗസ്ത്‌ നാലുവരെ നീട്ടിയതിനാൽ കൂടുതൽ പേർക്ക്‌ നിയമനം ലഭിക്കും.