പൊടിപോലുമില്ല 
പഴയ സെലിബ്രിറ്റികൾ

Wednesday Mar 31, 2021


തിരുവനന്തപുരം
ഉത്തരേന്ത്യൻ മാതൃകയിൽ ബിജെപി കേരളത്തിൽ അവതരിപ്പിക്കുന്ന ‘സെലിബ്രിറ്റി’കളുടെ രാഷ്‌ട്രീയ ആയുസ്സ്‌ ഒരു തെരഞ്ഞെടുപ്പുകാലം മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  സ്ഥാനാർഥികളായ സിനിമാനടന്മാരും സംവിധായകരും കായികതാരങ്ങളുമടക്കമുള്ളവരിൽ ഭൂരിപക്ഷവും കളംവിട്ടു. ചിലർ സംഘപരിവാറിനോട്‌ ചേർന്ന്‌ നിൽക്കുമ്പോഴും മത്സരരംഗത്തിറങ്ങാൻ ഇത്തവണ തയ്യാറായില്ല.

കലാകായികതാരങ്ങൾക്കായി ബിജെപി നീക്കിവച്ചിരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ക്രിക്കറ്റ്‌ താരം എസ്‌ ശ്രീശാന്തായിരുന്നു. സ്ഥാനാർഥിക്കുപ്പായമിട്ട്‌ രംഗത്തെത്തിയ ശ്രീശാന്ത്‌ തോറ്റതോടെ രംഗം വിട്ടു. അന്ന്‌ ശ്രീശാന്ത്‌ നേടിയ 34764 വോട്ട്‌ നിലനിർത്താൻ ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്ന സിനിമാ–-സീരിയൽ നടൻ കൃഷ്ണകുമാറിന്‌ കഴിയുമോയെന്ന്‌ കണ്ടറിയണം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത്‌ ബിജെപി സ്ഥാനാർഥിയാക്കിയത്‌ ഭീമൻ രഘുവിനെയാണ്‌. കെ ബി ഗണേഷ്‌കുമാറിനോട്‌ വമ്പൻ പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം പിന്നെ രംഗത്തിറങ്ങിയിട്ടില്ല. അരുവിക്കരയിൽ സ്ഥാനാർഥിയായി ഇറക്കിയ  രാജസേനൻ -20294 വോട്ട്‌ നേടിയിരുന്നു. എന്നാൽ, തോൽവിക്കുശേഷം അദ്ദേഹവും സജീവരാഷ്‌ട്രീയത്തിലില്ല.

മത്സരിച്ചു തോറ്റ താരങ്ങൾ പലരും ബിജെപിയെ തള്ളിപ്പറഞ്ഞും പരിഭവിച്ചുമാണ്‌ വിട്ടുപോയത്‌. കഴിഞ്ഞതവണ കുണ്ടറയിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട നടൻ കൊല്ലം തുളസി അവസാന നിമിഷം പിന്മാറിയിരുന്നു. സംഘപരിവാർ വേദികളിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട്‌ ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞു. ബിജെപിക്കാർ തന്നെ മുതലെടുക്കുകയായിരുന്നുവെന്നും ഇനി രാഷ്‌ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

കഴിഞ്ഞതവണ തോറ്റവർക്കൊപ്പം മറ്റ്‌ പല സിനിമാതാരങ്ങളെയും ബിജെപി  സമീപിച്ചെങ്കിലും അവരാരും സ്ഥാനാർഥിയാകാൻ തയ്യാറായില്ല. പല തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ തോറ്റ്‌ ഒടുവിൽ രാജ്യസഭാംഗമായ സിനിമാതാരം സുരേഷ്‌ഗോപി ഇത്തവണ തൃശൂരിൽ‌ മത്സരിക്കുകയാണ്‌. മത്സരിക്കാൻ വിമുഖത കാട്ടിയിരുന്ന അദ്ദേഹത്തെ ദേശീയനേതൃത്വം ഇടപെട്ടാണ്‌ സ്ഥാനാർഥിയാക്കിയത്‌.