തെക്കോട്ടിറങ്ങാതെ 
ലീഗ്‌ നേതാക്കൾ‌

Wednesday Mar 31, 2021
പി വി ജീജോ


കോഴിക്കോട്
തെക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ‌ പ്രചാരണത്തിൽ മുസ്ലിംലീഗിനെ ഒഴിച്ചുനിർത്തി‌ കോൺഗ്രസ് തന്ത്രം‌.  പാലക്കാടിന്‌ തെക്കൊട്ട്‌‌ ലീഗ്‌ നേതാക്കളെ മനപ്പൂർവം പ്രചാരണത്തിന് ഇറക്കിയില്ല. യുഡിഎഫിനെ നയിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽനിന്ന്‌ കേരളത്തിലെത്തിയെങ്കിലും ലീഗിന്റെമാത്രം പ്രചാരകനായി ഒതുക്കി. കോൺഗ്രസ്‌ ദേശീയ നേതാക്കൾ വന്ന വേദികളിൽപ്പോലും ലീഗ്‌  നേതാക്കളെ കയറ്റിയില്ല. ലീഗ്‌ നേതാക്കളും അറിഞ്ഞുകൊണ്ടുള്ള കളിയാണെങ്കിലും വിലക്ക്‌ ഏർപ്പെടുത്തിയതിൽ അണികൾക്ക്‌ പ്രതിഷേധമുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടിയാണ്‌ ലീഗ്‌ നേതാക്കളെ മറച്ച്‌ വോട്ടർമാരെ കബളിപ്പിക്കാൻ യുഡിഎഫ്‌ മുതിർന്നത്‌.

പി കെ കുഞ്ഞാലിക്കുട്ടിയടക്കം ലീഗ്‌ നേതാക്കളാരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെത്തിയില്ല. കോട്ടയത്തെയും ഇടുക്കിയിലെയും ചില പ്രത്യേക പോക്കറ്റുകളിലേക്കായി ലീഗ്‌ നേതാക്കളെ ക്ഷണിക്കാറുള്ള പി ജെ ജോസഫും അടുപ്പിച്ചില്ല. പാണക്കാട്‌ ഹൈദരലി തങ്ങളുടെ പ്രത്യേക റോഡ്‌ ഷോയടക്കം ഉപേക്ഷിച്ചു. മലബാറിലെ ലീഗ്‌ മണ്ഡലത്തിനപ്പുറം തങ്ങൾക്കും വേദി നൽകിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ മലപ്പുറത്തൊതുങ്ങി. പി എം എ സലാമാകട്ടെ ലീഗ്‌ സ്ഥാനാർഥികളടക്കം പരിഗണിക്കാത്തതിനാൽ തിരൂരങ്ങാടിയിൽ തളയ്‌ക്കപ്പെട്ടു.

ലീഗുമായി ചേർന്നുള്ള പ്രചാരണം എൻഎസ്‌എസ്‌, ക്രൈസ്‌തവ സഭാനേതൃത്വങ്ങളുടെ അപ്രീതിക്ക്‌ കാരണമാകും എന്നാണ്‌ കോൺഗ്രസിലെ പ്രധാനികളുടെ ‌വിലയിരുത്തൽ. മതരാഷ്‌ട്ര–-തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനുള്ള ബന്ധം, ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ ‌സ്വീകരിച്ച ക്രൈസ്‌തവ വിരുദ്ധ സമീപനം ഇവയുടെ അലയടി ഇപ്പോഴും പ്രചാരണത്തിലുണ്ട്‌.

രാഹുൽ ഗാന്ധിയടക്കം ‌ദേശീയ നേതാക്കളുടെ  റോഡ്‌ഷോയിലും പ്രചാരണത്തിലും ലീഗിനെ പങ്കെടുപ്പിച്ചില്ല. പച്ചപ്പതാകയ്‌ക്കും അയിത്തമുണ്ട്‌. കേരളത്തിന്‌ പുറത്ത്‌ ബിജെപി പ്രചാരണായുധമാക്കുമെന്നതിനാലാണ്‌ പച്ചയ്‌ക്ക്‌ അയിത്തം. പതാക പിടിക്കാതെ ലീഗ്‌ അണികൾക്ക്‌ റോഡ്‌ഷോയിലും മറ്റും പങ്കെടുക്കാമെന്ന്‌ കോൺഗ്രസ്‌ നിർദേശമുണ്ട്‌.‌