ബി പോസിറ്റീവ്
Wednesday Mar 31, 2021
ബിജോ ടോമി
കൊല്ലം
ചോറുവാരിക്കൊടുക്കുന്നതിനിടെ ഉമ്മ ഒന്നു തിരിഞ്ഞതേയുള്ളൂ, കുഞ്ഞ് ഇൻസാഫ് ഓടി വാതിൽപ്പടിയിലെത്തി. ചേച്ചി ഇനാര ഫാത്തിമ കൈയോടെ പിടിച്ചതിനാൽ മുറ്റത്തേക്ക് ഇറങ്ങാനായില്ല. ചിണുങ്ങി നിന്ന ഇൻസാഫിനെ എടുത്ത് ഇനാര ഉമ്മയുടെ മടിയിൽ കൊണ്ടിരുത്തി. ‘ഇവനെന്തൊരു വഴക്കാളിയാ, അല്ലേ ഉമ്മാ...’ ഇതിനു മറുപടിയായി അയിഷാബീവി ഇൻസാഫിനെ നെഞ്ചോടുചേർത്ത് നെറ്റിയിലൊരു മുത്തം നൽകി. ഇനാരക്കറിയില്ലല്ലോ ഇൻസാഫിന്റെ ഈ കളിചിരികാണാൻ ഉപ്പ സക്കീർ ഹുസൈനും അയിഷാബീവിയും എത്ര കൊതിച്ചിരുന്നെന്ന്.
കല്ലുവാതുക്കൽ റാഫിസ് മൻസിലിൽ മുഹമ്മദ് ഇൻസാഫിന്റെ കളിയും ചിരിയും ഉയരുമ്പോൾ കുടുംബാംഗങ്ങൾ എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. ജനിച്ചു വീണതിന്റെ രണ്ടാംനാൾ ഇൻസാഫിന് കോവിഡ് വന്നു. വീട്ടുകാർക്ക് പേടിയായി. എന്നാൽ, സർക്കാരിന്റെ കരുതലിൽ ആ കുഞ്ഞിക്കാൽ കോവിഡിനെ തട്ടിമാറ്റി. 10 ദിവസത്തെ ചികിത്സയേ വേണ്ടി വന്നുള്ളൂ.
മെയ് 21ന് പുലർച്ചെയാണ് അയിഷാബീവി കൊല്ലം വിക്‌ടോറിയ ആശുപത്രിയിൽ ഇൻസാഫിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം അയിഷാബീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുശേഷം ഇൻസാഫും പോസിറ്റീവായി. തുടർന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 10 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഇൻസാഫ് കോവിഡ് മുക്തനായി. ജൂൺ ആറിന് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. 20 ദിവസത്തെ ചികിത്സയ്ക്കു ശേഷം അയിഷാബീവിയും ആശുപത്രി വിട്ടു.
കുഞ്ഞിന്റെ കാര്യമോർത്ത് അന്ന് ഏറെ വിഷമിച്ചെന്ന് അയിഷാബീവി പറഞ്ഞു. എന്നാൽ, ഡോക്‌ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരും നൽകിയ കരുതലും സ്‌നേഹവുമെല്ലാം ആശ്വാസമായി.