ഡീലും സർക്കസും നിർത്തൂ; രാഷ്ട്രീയം പറയൂ
Thursday Apr 1, 2021
കെ ടി ശശി
കണ്ണൂർ
തെയ്യക്കാവുകളും അറയ്‌ക്കൽ കുടുംബവും കോട്ടയും തൊഴിലാളികളുടെ കൂട്ടായ്മകളുംപോലെ സർക്കസും കണ്ണൂരിന്റെ വേരുകളിലുണ്ട്. എന്നാൽ, രാഷ്‌ട്രീയ ‘സർക്കസു’കളാണ് ഏറെയും ദൃശ്യമാകുന്നത്. ‘സുനാമി’യിലും കുലുങ്ങാത്ത ഇടതുകോട്ടകളുള്ള കണ്ണൂരിനെ കുലുക്കാനാകുമോ എന്ന വൃഥാശ്രമങ്ങളാണ് പലതരം ‘സർക്കസു’കളും. ധർമടത്ത് യുഡിഎഫിന് ‘കരുത്തനായ’ സ്ഥാനാർഥിയെന്ന പ്രചാരണം നടത്തിയെങ്കിലും മത്സരം പോലുമില്ലയെന്നാണ് അവിടത്തെ വോട്ടർമാർ പറയുന്നത്. കേരളത്തെ കാക്കുന്ന ഇടതുസർക്കാരിന്റെ അമരക്കാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷ വർധന എത്രയെന്ന് അറിയാനാണ് ധർമടത്തിന്റെ കാത്തിരിപ്പ്.
എൻഡിഎക്ക് സ്ഥാനാർഥിയില്ലാത്ത തലശ്ശേരിയിൽ ബിജെപി–-യുഡിഎഫ് ഡീൽ പ്രകടം. എന്നാൽ, മതനിരപേക്ഷ പാരമ്പര്യത്തിന്റെ ശക്തി തെളിയിക്കലാകും ഈ മണ്ഡലത്തിലെ ഫലമെന്ന് ഉറപ്പുപറയുന്നു നാട്ടുകാർ. നാലു പതിറ്റാണ്ട് ഇരിക്കൂറിനെ പ്രതിനിധാനംചെയ്യുന്ന കെ സി ജോസഫ് കോൺഗ്രസിൽ കോരിയിട്ട തീ കളത്തിലുണ്ട്. സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തെ അംഗീകരിക്കാൻ എ വിഭാഗം തയ്യാറായിരുന്നില്ല. കേരള കോൺഗ്രസ് എമ്മിലെ സജി കുറ്റ്യാനിമറ്റത്തിന്റെ സ്വീകാര്യത ചേരുമ്പോൾ ഇരിക്കൂറിൽ അത്ഭുതമാകാം. ധർമടം ഉൾപ്പെടെ ആറു മണ്ഡലം ഏതു സുനാമിയിലും കുലുങ്ങാത്ത ഇടതുപക്ഷക്കോട്ടകളെന്ന് അറിയപ്പെടുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജ (മട്ടന്നൂർ), സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ (തളിപ്പറമ്പ്), സിറ്റിങ് എംഎൽഎയായ അഡ്വ. എ എൻ ഷംസീർ (തലശ്ശേരി), ടി ഐ മധുസൂദനൻ (പയ്യന്നൂർ), എം വിജിൻ (കല്യാശ്ശേരി) എന്നിവയാണ് അവ. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജനകീയത തന്നെ ചർച്ച. യുഡിഎഫിലെ സതീശൻ പാച്ചേനിക്ക് ഒപ്പമെത്തുക എളുപ്പമല്ലെന്ന് പ്രതികരണങ്ങൾ. കൂത്തുപറമ്പിൽ മുൻമന്ത്രി കൂടിയായ കെ പി മോഹനനു മുന്നിൽ സാമുദായികവികാരം ഉണർത്താനുള്ള പൊട്ടങ്കണ്ടി അബ്ദുള്ള (ലീഗ്)യുടെ നീക്കം വിജയിച്ചില്ല. വിവാദങ്ങളിൽ നിറംകെട്ട കെ എം ഷാജിക്കെതിരെ (ലീഗ്) തരംഗം സൃഷ്ടിക്കുകയാണ് അഴീക്കോട്ട് എൽഡിഎഫിന്റെ കെ വി സുമേഷ്. പേരാവൂരിൽ യുവസാരഥി കെ വി സക്കീർ ഹുസൈൻ സണ്ണി ജോസഫിന്റെ ഹാട്രിക് സ്വപ്‌നം പൊലിക്കും.
ധർമടത്ത് ജനവിധി തേടുന്ന ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കെ രഞ്‌ജിത്ത് (അഴീക്കോട്) എന്നിവരാണ് ബിജെപി നിരയിലെ പ്രമുഖർ. മുഖ്യമന്ത്രിയുടെ പടയോട്ടം നൽകിയ ആവേശത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് ആർ പി, എം എ ബേബി, സുഭാഷിണി അലി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, എൻസിപി നേതാവ് പി സി ചാക്കോ തുടങ്ങിയവരും പ്രചാരണത്തിന് എത്തി. പ്രകാശ് കാരാട്ട് വെള്ളിയാഴ്‌ച എത്തും. യുഡിഎഫിനുവേണ്ടി രാഹുൽ ഗാന്ധി ശനിയാഴ്‌ച എത്തും. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും ജില്ലയിൽ പ്രചാരണത്തിന് എത്തി.