കാണൂ.. സുനാമിക്കാലത്തെ ഇടതുമാതൃക
Thursday Apr 1, 2021
ഓർമയില്ലെ; 2004 സുനാമിക്കാലം. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി. തീരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം എൽഡിഎഫ് പ്രവർത്തകരും വർഗ ബഹുജന സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നു.
ഐസ്‌ക്രീം വിവാദത്തിൽപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായി നാട്ടിലെങ്ങും പ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു അത്. എല്ലാ സമരപരിപാടികളും മാറ്റിവച്ച് സഹായമെത്തിക്കാൻ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എൽഡിഎഫ് കൺവീനർ പാലൊളി മുഹമ്മദ്‌കുട്ടിയും അഭ്യർഥിച്ചു. സുനാമി ദുരന്തസ്ഥലത്ത് എത്തിയ മന്ത്രിമാരെ നാട്ടുകാർ തടയുന്ന സംഭവമുണ്ടായപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഇടപെട്ടു. മന്ത്രിമാരെ തടയരുതെന്നാവശ്യപ്പട്ട് പ്രസ്‌താവനയിറക്കി. തീരത്തെ സഹായിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സർക്കാർ ജീവനക്കാരോടും മറ്റും ഒരുദിവസത്തെ വേതനവും അഭ്യർഥിച്ചു. ഈ അഭ്യർഥന ഭരണപക്ഷത്തുള്ള സംഘടനകളെക്കാൾ ആവേശത്തോടെ സ്വീകരിച്ചത് പ്രതിപക്ഷ സംഘടനകളായിരുന്നു.
സുനാമി ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജീവനക്കാരിൽ നിന്ന് സമാഹരിച്ച തുക എൻജിഒ യൂണിയൻ നേതാവായിരുന്ന സി എച്ച് അശോകൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറുന്നു (ഫയൽചിത്രം)
ഉമ്മൻചാണ്ടി പറയുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ സിപിഐ എമ്മും വർഗ-ബഹുജന-സർവീസ് സംഘടനകളും രംഗത്തിറങ്ങി.ദിവസവേതനത്തിന് പുറമേ പ്രതിപക്ഷ സംഘടനകൾ ഹുണ്ടിക പിരിവിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു. കൂടാതെ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും നൽകി. കേരള എൻജിഒ യൂണിയൻ മാത്രം ഒരു ദിവസത്തെ വേതനത്തിനു പുറമേ 11.5 ലക്ഷം രൂപ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച് ഉമ്മൻചാണ്ടിക്ക് കൈമാറി.
എന്നിട്ടും തീരത്ത് പട്ടിണിയായപ്പോൾ, നിങ്ങൾക്ക് കഴിയില്ലെങ്കിൽ ദുരിതബാധിതർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യം ഞങ്ങൾ സ്വരൂപിച്ച് നൽകാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ പ്രഖ്യാപിച്ചു.