അപ്പോളജി... മീ... നത്തിങ് ഡൂയിങ്‌!

Thursday Apr 1, 2021
പ്രത്യേക ലേഖകൻ


തിരുവനന്തപുരം
സർക്കാരിനോടുള്ള എതിർപ്പ്‌ ജനങ്ങളോടുള്ള ശത്രുതയാക്കി മാറ്റിയ പ്രതിപക്ഷമാണ്‌ വീണ്ടും ജനങ്ങളുടെ അംഗീകാരം തേടുന്നത്‌.  ഓഖി, നിപാ, പ്രളയം, ഏറ്റവും ഒടുവിൽ കോവിഡ്‌... പ്രതിസന്ധി നിറഞ്ഞ ഈ കാലത്തെല്ലാം  മുഖംതിരിക്കുക മാത്രമല്ല, രാജ്യാന്തരതലത്തിൽ കേരളം അംഗീകരിക്കപ്പെട്ടപ്പോഴെല്ലാം അതിനെ അപകീർത്തിപ്പെടുത്തി.

പ്രളയകാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു രൂപപോലും കൊടുക്കരുതെന്നാണ്‌ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും കെ സുധാകരനുമടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടത്‌. വിദേശസഹായത്തെയും പരസ്യമായി എതിർത്തു.  മഹാപ്രളയത്തെ മനുഷ്യനിർമിതമെന്ന്‌ ചിത്രീകരിച്ച്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തകിടം മറിച്ചു. കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തെ ലോകരാജ്യങ്ങൾ പ്രശംസിച്ചപ്പോൾ ആക്ഷേപം ചൊരിഞ്ഞ്‌ പ്രതിപക്ഷം രംഗത്തിറങ്ങി. ആരോഗ്യമന്ത്രിയെ നിപാ രാജകുമാരി, കോവിഡ്‌ റാണി എന്നൊക്കെ ആക്ഷേപിച്ചത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ആക്ഷേപിച്ചതിൽ മാപ്പുപറയുമോ എന്ന്‌ മാധ്യമങ്ങൾ ചോദിച്ചപ്പോൾ  അപ്പോളജി...മീ...  നത്തിംഗ്‌ ഡൂയിംഗ്‌! എന്നാണ്‌ പ്രതികരിച്ചത്‌.

കോവിഡ്‌ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ച്‌ നടത്തിയ പ്രതിപക്ഷ സമരങ്ങളും മാസ്‌ക്‌ ഊരിയെറിഞ്ഞ്‌ സർക്കാരിനെ നേരിടും എന്ന്‌ പറഞ്ഞതും കോൺഗ്രസ്‌, ബിജെപി നേതാക്കൾ. കോവിഡ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കുന്നതിന്‌ ഇറക്കിയ ഉത്തരവ്‌ കത്തിച്ച്‌ യുഡിഎഫ്‌ സർവീസ്‌ സംഘടനകൾ പ്രതിഷേധിച്ചതിന്‌ പിന്നിലും പ്രതിപക്ഷ നേതാവായിരുന്നു. സർവീസ്‌ സംഘടനകളെ ഹൈക്കോടതിയിലേക്ക്‌ ഹർജിയുമായി പോകാനും നിർദേശം നൽകിയതും പ്രതിപക്ഷംതന്നെ.