നന്നാകാൻ വിടൂല
Thursday Apr 1, 2021
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെത്തുടർന്ന് മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് അരിവിതരണം പുനഃസ്ഥാപിച്ചത്. പ്രതിപക്ഷം കഴിഞ്ഞ അഞ്ച് വർഷമായി സ്വീകരിക്കുന്ന നിലപാടുകളുടെ തുടർച്ചയാണ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോഴും തുടരുന്നത്.
ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ പടികടന്നു വന്നപ്പോഴും സർക്കാർ നടപടികൾക്ക് പാരവച്ച് ജനങ്ങളെ ദുരിതത്തിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. ഇതോടെ ജനം ഭരണകക്ഷിക്കെതിരെ തിരിയുമെന്നും പ്രതിപക്ഷം കണക്കുകൂട്ടി. ഓഖി, നിപാ, രണ്ട് പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളിൽ സർക്കാരിന് താങ്ങായി കേരള ജനതയൊന്നാകെ കൂടെ നിന്നപ്പോൾ അതിന് തുരങ്കം വയ്‌ക്കാനും തടയാനുമാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിച്ചത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയടങ്ങിയ നവകേരള മിഷൻ പിരിച്ചുവിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ‘തന്റേടവും’ പ്രതിപക്ഷ നേതാക്കൾ കാണിച്ചു.
കിഫ്‌ബിയെ
തകർക്കാൻ
സംഘടിത നീക്കം
എല്ലാ മാന്ദ്യങ്ങളെയും മറികടന്ന് അടിസ്ഥാന വികസനങ്ങളിൽ കേരളം കുതിച്ച അഞ്ച് വർഷമാണ് കടന്നുപോകുന്നത്. കിഫ്‌ബിയുടെ കരുത്തിലായിരുന്നു മുന്നേറ്റം. കേന്ദ്ര അവഗണന തുടർക്കഥയാകുമ്പോഴും താങ്ങായി നിന്ന കിഫ്‌ബിയിലാണ് ഇനി കേരളത്തിന്റെ ഭാവി. കേവലം രാഷ്‌ട്രീയ താൽപ്പര്യത്തിനായി വിവാദങ്ങളുയർത്തി തകർക്കാൻ ശ്രമിക്കുന്നതും ഇതേ കിഫ്‌ബിയെ.
കേരളത്തിലെ 140 നിയോജക മണ്ഡലത്തിലും കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ വേണ്ടുവോളമുണ്ട്. കിഫ്‌ബിയെ കരിവാരിത്തേക്കാൻ പ്രതിപക്ഷാംഗങ്ങൾ അരയും തലയും മുറുക്കി രംഗത്തെത്തുമ്പോഴും കിഫ്‌ബി ഫണ്ട് വേണ്ടെന്ന് പറയാൻ ആർക്കും ധൈര്യമില്ല.കിഫ്‌ബിയിൽ ക്രമക്കേടുണ്ടെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഏജൻസികളെ കയറൂരി വിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. എല്ലാ മര്യാദകളും ലംഘിച്ച് കഴിഞ്ഞദിവസം കിഫ്‌ബി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
യുഎഇ സഹായം
തടഞ്ഞു
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിക്ക് കേരളം സാക്ഷ്യം വഹിച്ചപ്പോൾ 700 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി യുഎഇ രംഗത്തെത്തി. എന്നാൽ 2005ന് ശേഷം ദുരിതാശ്വാസ പ്രവർത്തനത്തിന് വിദേശ സഹായം രാജ്യം സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോഡിയുടെ കേന്ദ്രസർക്കാർ സഹായം തടഞ്ഞു. പ്രളയക്കെടുതി മറികടക്കാൻ സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ട പണംപോലും നൽകാതെയായിരുന്നു കേന്ദ്ര നടപടി. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 700 കോടി രൂപ കേന്ദ്രം ഇടപെട്ട് മുടക്കിയിട്ടും അതിനെതിരെ പ്രതിഷേധിക്കാനോ സംസ്ഥാന സർക്കാരിന് പിന്തുണ നൽകാനോ പ്രതിപക്ഷം തയ്യാറായില്ല.
ദുരിതാശ്വാസനിധിയെയും അപഹസിച്ചു
ദുരന്തങ്ങൾ തുടർക്കഥയായപ്പോൾ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇത് മറികടക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം നാടൊന്നാകെ ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തിച്ചു. എന്നാൽ കോൺഗ്രസുകാരാരും ദുരിതാശ്വാസനിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കില്ലെന്ന പ്രഖ്യാപനവുമായി നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്നും സംസ്ഥാനത്ത് പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയില്ലെന്നുമായിരുന്നു മുരളീധരന്റെ കണ്ടെത്തൽ.
ലൈഫ് മിഷൻ
പിരിച്ചുവിടും
അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ അടക്കമുള്ള സംവിധാനങ്ങൾ പിരിച്ചുവിടുമെന്നായിരുന്നു യുഡിഎഫ് കൺവീനർ എം എം ഹസ്സന്റെ പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ അവസാനിപ്പിക്കുമെന്ന് ഹസ്സൻ പ്രഖ്യാപിച്ചത്. ഹസ്സന് പിന്തുണയുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതോടെ യുഡിഎഫ് കൺവീനറെ തിരുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്നും കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ തിരുത്തൽ. എം എം ഹസ്സന് നാക്കുപിഴയെന്നായിരുന്നു കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ ന്യായീകരണം.
കേരള ബാങ്ക്
പിരിച്ചുവിടും
യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. നിയമവിരുദ്ധമായാണ് കേരള ബാങ്ക് രൂപീകരിച്ചതെന്നും സഹകരണ മേഖലയുടെ തകർച്ചയ്‌ക്കാണ് കേരള ബാങ്ക് വഴിതുറക്കുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ കണ്ടെത്തൽ.
സാലറിചലഞ്ചും തടഞ്ഞു
2018ലെ മഹാപ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് സർക്കാർ അഭ്യർഥിച്ചു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും സാലറി ചലഞ്ചിന്റെ ഭാഗമാകാൻ ആത്മാഭിമാനത്തോടെ മുന്നോട്ടു വന്നു. എന്നാൽ യുഡിഎഫ് അനുഭാവ സർവീസ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ സാലറി ചലഞ്ചിൽനിന്നും പിന്തിരിപ്പിക്കാൻ പ്രതിപക്ഷ നേതാക്കൾ ആത്മാർഥമായി പരിശ്രമിച്ചു.
രക്ഷിച്ചതിന്
കൂലി ചോദിച്ച്
കേന്ദ്രം
പ്രളയത്തിൽ ഒറ്റപ്പെട്ട് ജീവനുവേണ്ടി കേണ ജനങ്ങളെ രക്ഷിക്കാൻ ഹെലികോപ്ടർ അനുവദിച്ചതിനും കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടു. സൈനിക വിമാനവും കോപ്ടറും ഉപയോഗിച്ചതിന് 33.79 കോടിരൂപ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം അക്കൗണ്ട്‌സ് വിഭാഗം ജോയിന്റ് ഡയറക്ടർ സർക്കാരിന് കത്തയച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതുകൊണ്ടും തീർന്നില്ല, പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അധിക അരിക്കായി 206 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് ബില്ലും നൽകി.
സഹകരണ
മേഖലയോട്
കണ്ണുകടി
സഹകരണ മേഖലയെ തകർക്കാനുള്ള കുതന്ത്രങ്ങൾ തെരഞ്ഞെടുപ്പ് കാലത്തും പയറ്റുകയാണ്. കഴിഞ്ഞദിവസം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ ഓഫീസിലും ഇഡി റെയ്‌ഡ് നടത്തി. ബാങ്കിങ് നിയന്ത്രണ നിയമം ദേഭഗതിയിലൂടെ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയുടെ വൻനിക്ഷേപവും ജനാധിപത്യ ഭരണാധികാരവും കൈയടക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംഘങ്ങളെ തകർക്കാൻ ആദായ നികുതി വകുപ്പിനെ വിട്ടു.
നോട്ടു നിരോധനം സഹകരണ മേഖലയ്‌ക്ക് കനത്ത ആഘാതമായി. അർബൻ സഹകരണ സംഘങ്ങൾക്കുപുറമെ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെ ഭരണ നിർവഹണത്തിലും റിസർവ് ബാങ്കുവഴി പിടിമുറുക്കാൻ ശ്രമിച്ചു.
പഞ്ഞമാസ
സഹായവും
കുടിശ്ശിക
തീരദേശത്തെ പ്രശ്‌നങ്ങളുയർത്തി വലിയ ബഹളമാണ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം യുഡിഎഫും ബിജെപിയും നടത്തുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസ പദ്ധതിയിലെ കേന്ദ്ര വിഹിതം വരെ കുടിശികയാക്കിയതിനെകുറിച്ച് ഒരക്ഷരം യുഡിഎഫുകാർ മിണ്ടുന്നില്ല. വർഷങ്ങളായി തുക സംസ്ഥാനാമാണ് നൽകുന്നത്. ഈ തെരഞ്ഞെടുപ്പ് കാലതതു തന്നെ തീരത്തേയ്‌ക്കുള്ള മണ്ണെണ്ണ റേഷനും വെട്ടിക്കുറച്ചു.
റബർ, തേങ്ങയടക്കം കാർഷിക വിളകൾക്ക് താങ്ങുവിലയ്‌ക്കും കേന്ദ്ര സഹായമില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങളെല്ലാം കേന്ദ്രം നിരന്തരം വെട്ടികുറച്ചു. ഇത്തരം വിഷയങ്ങളൊന്നും പ്രധാന പ്രതിപക്ഷമായ യുഡിഎഫ് ഉയർത്തുന്നില്ല എന്നതാണ് ഏറെ കൗതുകം.