കേന്ദ്രം കടയ്‌ക്കൽ വെട്ടുന്നു
Thursday Apr 1, 2021
ജി രാജേഷ് കുമാർ
തിരുവനന്തപുരം
കേരളത്തെ ഞെരിക്കാനുള്ള മാർഗങ്ങളിൽ അഞ്ചുവർഷമായി ഗവേഷണത്തിലാണ് കേന്ദ്ര സർക്കാർ. ചുക്കാൻ പിടിക്കുന്നത് സംസ്ഥാനത്തെ ബിജെപി നേതാക്കളും; ഒപ്പം താളം പിടിച്ച് കോൺഗ്രസ് പ്രതിപക്ഷവും. സാമ്പത്തികമായി ഞെരുക്കുക, ഒപ്പം സംസ്ഥാന ജനജീവിതത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കുക എന്ന ഇരട്ട കുതന്ത്രമാണ് കേന്ദ്രം കേരളത്തിൽ പയറ്റുന്നത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തിലുള്ള കൈകടത്തലായിരുന്നു കേന്ദ്രം പ്രയോഗിച്ച പ്രധാന ആയുധം. കോൺഗ്രസ് സർക്കാർ പാസാക്കിയ ധന ഉത്തരവാദിത്ത നിയമമാണ് ആയുധമാക്കിയത്. നാലുവർഷത്തിൽ 60,000 കോടിയുടെ കടമെടുപ്പ് അവകാശം നിഷേധിച്ചു. കഴിഞ്ഞവർഷം നിഷേധിച്ചത് 15,600 കോടി. ഇത് പരിഹരിക്കാൻ ബജറ്റിനുപുറത്ത് കിഫ്‌ബിവഴി 63,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം ഉറപ്പാക്കുകയായിരുന്നു കേരളം.
ജിഎസ്‌ടി
നിഷേധിച്ചു
ജിഎസ്‌ടി നഷ്ടപരിഹാരം നിഷേധം പതിവാക്കി. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് കടമെടുത്ത് നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്രം തയ്യാറായത്. കേന്ദ്ര നികുതി വിഹിതം 2.5ൽനിന്ന് 1.9 ശതമാനമായി കുറച്ചു. കോവിഡ് പ്രതിസന്ധിയിൽ അനുവദിച്ച ധനസഹായത്തിനും നിബന്ധന വച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച പല സഹായങ്ങളും കേരളത്തിന് നിഷേധിച്ചു. ദുരന്ത നിവാരണ നിധിയിൽനിന്നുള്ള സഹായത്തിനും നിബന്ധനകളുണ്ടായി.