അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യാൻ തലസ്ഥാനം

Friday Apr 2, 2021
എം വി പ്രദീപ്‌


തിരുവനന്തപുരം
അഞ്ചു വർഷംമുമ്പ്‌ നേമത്ത്‌ ബിജെപി തുറന്ന അക്കൗണ്ട്‌ ഇത്തവണ ക്ലോസ്‌ ചെയ്യുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.‌ കഴിഞ്ഞ തവണ വോട്ടുകച്ചവടം നടന്നതായി ബിജെപിയുടെ ജയിച്ച സ്ഥാനാർഥിയും യുഡിഎഫിന്റെ തോറ്റസ്ഥാനാർഥിയും തുറന്നുപറഞ്ഞതാണ്‌‌. എല്ലാ കച്ചവടവും പൂട്ടിക്കുന്ന പ്രചാരണമാണ്‌ ഇക്കുറി നേമത്ത്‌. തലസ്ഥാന ജില്ല പിടിക്കുന്നവർ ഭരണം നേടുമെന്നാണ്‌ പൊതുവേ പറയാറ്‌.

  2016ൽ 14ൽ  ഒമ്പതും നേടി എൽഡിഎഫ്‌ ഭരണത്തിന്‌ കരുത്തുനൽകിയ ജില്ലയാണ്‌ തിരുവനന്തപുരം.  ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്‌കൂടി പിടിച്ചെടുത്തതോടെ‌ എൽഡിഎഫ്‌–- 10, യുഡിഎഫ്‌–- 3, ബിജെപി–- 1 എന്നിങ്ങനെയായി കക്ഷി നില. ഇക്കുറി സിറ്റിങ് സീറ്റുകൾ നഷ്‌ടപ്പെടുമോയെന്ന  ഭയം യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ അലട്ടുന്നുണ്ട്‌.  
റോഡുകളും പാലങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയ അഞ്ചുവർഷമാണ്‌ കടന്നുപോയത്‌. വികസനപദ്ധതികൾ ആയിരം കോടി കടന്നിരുന്നു. ‌ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. വികസനത്തിന്റെ ഉറപ്പുതന്നെയാണ്‌   എൽഡിഎഫ്‌ വോട്ടർമാരോട്‌ പറയുന്നത്‌.

നേമത്തെ ഉപഹാരത്തിന്‌ ബിജെപി പ്രത്യുപകാരം ചെയ്‌ത തിരുവനന്തപുരം മണ്ഡലം അവസാന നിമിഷവും കരുതലിലാണ്‌. കോർപറേഷൻ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന്റെ വോട്ടുമറിക്കലിന്‌ ചുക്കാൻ പിടിച്ച സിറ്റിങ്‌ എംഎൽഎയെ പാഠം പഠിപ്പിക്കണമെന്ന നിശ്‌ചയദാർഢ്യത്തിലാണ്‌ വോട്ടർമാർ. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തരംഗം ആഞ്ഞുവീശിയ വട്ടിയൂർക്കാവിൽ എൽഡിഎഫ്‌ കൂടുതൽ കരുത്തരായി. നേമത്തെ കച്ചവടസാധ്യതകൾ വട്ടിയൂർക്കാവിൽ പയറ്റാമെന്ന മോഹം കോൺഗ്രസിനുണ്ട്‌. നഷ്ടപ്പെട്ട സീറ്റ്‌ വീണ്ടെടുക്കാൻ യുഡിഎഫ്‌ നിർത്തിയിരിക്കുന്നത്‌ കോർപറേഷൻ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയെയാണ്‌. വട്ടിയൂർക്കാവിൽ വോട്ട്‌ ബിജെപിക്ക്‌ വിറ്റ്‌ തിരുവനന്തപുരത്ത്‌ വാങ്ങാനുള്ള ചരടുവലികൾ കോൺഗ്രസ്‌–- ബിജെപി പാളയങ്ങളിൽ സജീവമാണ്‌.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത്‌ പൂർണ ആത്മവിശ്വാസത്തിലാണ്‌. അവിടെയും പ്രാദേശികമായി താൽപ്പര്യമില്ലാത്തയാളാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപിയിലെ ഗ്രൂപ്പ്‌ പോരിൽ തട്ടിവീണ ശോഭ സുരേന്ദ്രൻ അവസാന നിമിഷമാണ്‌  സ്ഥാനാർഥിയായെത്തിയത്‌. അതിർത്തി മണ്ഡലമായ പാറശാലയിലും തൊട്ടടുത്ത നെയ്യാറ്റിൻകരയിലും വീണ്ടും ചെങ്കൊടി പാറിക്കുമെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ എൽഡിഎഫ്‌ പിടിച്ചെടുത്ത കാട്ടാക്കട, വർക്കല മണ്ഡലങ്ങളിൽ ഇത്തവണ ഭൂരിപക്ഷം വർധിക്കും. ആറ്റിങ്ങൽ, ചിറയിൻകീഴ്‌, വാമനപുരം, നെടുമങ്ങാട്‌ മണ്ഡലങ്ങൾ ചെങ്കോട്ടകളാണ്‌. യുഡിഎഫ്‌ സിറ്റിങ് സീറ്റുകളായ കോവളം, അരുവിക്കര മണ്ഡലങ്ങൾ വികസനത്തിനൊപ്പം നിൽക്കാൻ എൽഡിഎഫിനെ വരവേൽക്കാനൊരുങ്ങുകയാണ്‌. ഇരു മണ്ഡലത്തിലും യുഡിഎഫിനെ പാളയത്തിൽപട വലയ്‌ക്കുന്നുമുണ്ട്‌.