ഇരട്ടവോട്ടിൽ കുരുങ്ങി യുഡിഎഫ് ; വോട്ടുകച്ചവടം സമ്മതിച്ച് ബിജെപി
Friday Apr 2, 2021
കെ ശ്രീകണ്‌ഠൻ
തിരുവനന്തപുരം
ഇരട്ടവോട്ടിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡാറ്റാ ചോർത്തലിൽ കുരുങ്ങി. ഇരട്ടസഹോദരങ്ങളെയും പേരിലും രൂപത്തിലും സാദൃശ്യമുള്ളവരെയും കള്ളവോട്ടർമാരായി ചിത്രീകരിച്ചതാണ് പ്രതിപക്ഷം നേരിടാൻ പോകുന്ന തിരിച്ചടി. ചെന്നിത്തലയും പിആർ ഏജൻസിയും ചേർന്നാണ് ഇതിനുള്ള ആസൂത്രിതനീക്കം നടത്തിയതെങ്കിലും ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും യുഡിഎഫിനെയാകെ പ്രതിരോധത്തിലാക്കി.
ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും അടക്കം മാധ്യമങ്ങളെ കണ്ടെങ്കിലും ഇരട്ടവോട്ട് വിവാദത്തിൽ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ഉത്തരവാദിത്തം ചെന്നിത്തലയിൽ ചാരി തലയൂരാനായിരിക്കും ഇനിയുള്ള ശ്രമം. അതേസമയം, പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഡാറ്റാ ചോർത്തൽ ചൂടേറിയ ചർച്ചയ്‌ക്ക് വഴിതുറന്നു. വ്യക്തികളുടെ അനുമതിയില്ലാതെ നടത്തിയ വിവരശേഖരണവും അത് വിദേശ കമ്പനിക്ക് കൈമാറിയതും സ്വകാര്യതാ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിന് നാല് ദിവസംമാത്രം ബാക്കിയുള്ളപ്പോൾ യുഡിഎഫിന്റെ ഒരു നുണകൂടിയാണ് തകർന്നടിഞ്ഞത്. ആഴക്കടൽ മത്സ്യബന്ധനം അടക്കമുള്ള നുണ പരമ്പരകളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിവിട്ടത്. അതെല്ലാം കഴമ്പില്ലെന്ന് ഉറപ്പായതോടെയാണ് വ്യാജ വോട്ട് വിവാദവുമായി ഇറങ്ങിയത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം നേടുമ്പോഴെല്ലാം ‘കള്ള വോട്ട്’ പ്രചാരണം അഴിച്ചുവിടുന്നതാണ് കോൺഗ്രസ് പതിവ് രീതി. ഇക്കുറി തെരഞ്ഞെടുപ്പിനുമുമ്പ് ആ ആയുധം വീശി നോക്കിയതാണ്. എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന സൂചന കനക്കുമ്പോൾ എന്തും പ്രയോഗിക്കുകയെന്ന തന്ത്രമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ മെനയുന്നത്.
പ്രചാരണം മുറുകിവരുമ്പോൾ സർക്കാരിനും എൽഡിഎഫിനും എതിരെ ‘നുണ ബോംബുകൾ’ പൊട്ടിക്കാനുള്ള നീക്കം ശക്തിപ്രാപിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് മറുപടി പറയാൻ അവസരം നൽകാതെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് കേന്ദ്രങ്ങൾ തലപുകയ്‌ക്കുന്നത്. അതിനെ വളരെ ശ്രദ്ധാപൂർവം നേരിടുന്ന ജാഗ്രതയാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.
നുണപ്രവാഹത്തിന്റെ ഭാഗംകൂടിയാണ് ഇരട്ടവോട്ട് വിവാദമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ആ പരിധിക്ക് പുറത്തുള്ള ഇടപാടാണ് ലക്ഷ്യംവച്ചതെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രചാരണം ചൂടുപിടിച്ച് നിൽക്കുമ്പോൾ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കാനുള്ള ചില നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ബിജെപി–-യുഡിഎഫ് ഡീലിൽ വോട്ടുമറിക്കൽ മാത്രമല്ല, ഇക്കാര്യവും അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
നേമം മോഡൽ വോട്ടുകച്ചവടം പല മണ്ഡലങ്ങളിലും രൂപപ്പെട്ടത് പ്രചാരണരംഗത്ത് വായിച്ചെടുക്കാൻ കഴിയും. മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനും ശോഭ സുരേന്ദ്രനും നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ ഇത് ശരിവയ്‌ക്കുന്നു. വോട്ടിനുവേണ്ടി മാരീചൻ വേഷം കെട്ടിയ കോൺഗ്രസ് നേതാക്കളെയാണ് സി കെ പത്മനാഭൻ വരച്ചുകാട്ടിയത്. കഴക്കൂട്ടത്തെ ഡീൽ ശോഭ സുരേന്ദ്രനും പരസ്യമാക്കി.
കന്നിവോട്ടർമാരുടെ വിവരങ്ങളും വിദേശ കമ്പനിക്ക് കെെമാറി
ഇരട്ട വോട്ട് വിവാദത്തിന്റെ മറവിൽ അരങ്ങേറിയത് 2021 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ മുഴുവൻ പേരുടെയും വിവര കൈമാറ്റം. സിംഗപ്പുർ ആസ്ഥാനമായ സ്വകാര്യ യുഎസ് കമ്പനിയും മുംബൈ ആസ്ഥാനമായ പ്രതിപക്ഷ നേതാവിന്റെ പിആർ ഏജൻസിയും തമ്മിലായിരുന്നു ഇടപാട് ഉറപ്പിച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ‘മലയാള മനോരമ’യുടെ ലേഖകനായിരുന്ന കൊച്ചി സ്വദേശിയാണ് മുഖ്യ ഇടനിലക്കാരൻ. ഡാറ്റാ തട്ടിപ്പിന് വിദേശത്ത് നിയമനടപടി നേരിടുന്ന കമ്പനിക്ക് വിവരം കൈമാറിയതായാണ് സംശയം.
കേരളത്തിലെ മുഴുവൻ ഇരട്ടകളെയും ഒരേ പേരും രൂപ സാദൃശ്യവുമുള്ളവരെയും കള്ളവോട്ടർമാരായി ചിത്രീകരിച്ചത് ഐടി നിയമത്തിലെ 66(സി) പ്രകാരം കുറ്റകരമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പൊലീസ് ആക്ട് 120 ഒ പ്രകാരവും രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസ് എടുക്കാമെന്ന് നിയമവിദഗ്‌ധർ വ്യക്തമാക്കി. ഇരട്ടവോട്ട് കണ്ടെത്താനുള്ള വിശകലനത്തിന്റെ പേരിലാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിദേശ കമ്പനിക്ക് ഡാറ്റ ചോർത്തിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽനിന്ന് ശേഖരിച്ച വിവരങ്ങൾ എഡിറ്റ് ചെയ്‌ത് സിംഗപ്പുർ കമ്പനിക്ക് കൈമാറുകയായിരുന്നു. പേര്, മേൽവിലാസം തുടങ്ങി വ്യക്തികളെ തിരിച്ചറിയുന്നതിന് സഹായകമായ എല്ലാ വിവരങ്ങളും വിദേശ കമ്പനിയുടെ പക്കലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വിവരങ്ങളടക്കം കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ കോടികളുടെ ഡാറ്റാ വിദേശ കമ്പനിക്ക് ലഭിക്കും.
കള്ളവോട്ടർമാരായി ചിത്രീകരിച്ചതിനെതിരെ ഇതിനോടകം നിരവധി പേർ പൊലീസിൽ പരാതി നൽകി. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്ന് വാർത്താസമ്മേളനത്തിൽ ചെന്നിത്തല പരസ്യ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നിത്തലയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാം. ഐഡന്റിറ്റി തെഫ്‌റ്റിന് ഐടി ആക്ടും ബാധകമാണ്.