വഴിയിലുപേക്ഷിച്ചവരെ തിരിച്ചറിഞ്ഞ്‌

Friday Apr 2, 2021
സി പ്രജോഷ്‌ കുമാർ


മലപ്പുറം
ബസോടിക്കുകയായിരുന്ന ഡ്രൈവർ  പൊടുന്നനെ വഴിയിലിറങ്ങി ഓട്ടോയിൽ കയറിപ്പോയി. യാത്രക്കാർ ആർത്തുവിളിച്ചിട്ടും അയാൾ മടങ്ങിയില്ല. ഈ ദൃശ്യവും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും തമ്മിൽ സാമ്യമേറെ‌. ഡ്രൈവർ കടന്നുകളയുന്നതിനിടെ സ്‌ക്രീനിൽ തെളിയും. ‘വഴിയിലുപേക്ഷിച്ചവരെ തിരിച്ചറിയുക; വി പി സാനുവിനെ വിജയിപ്പിക്കുക’. മുൻ എംപി പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്‌ട്രീയ അധാർമികതയാണ്‌ മണ്ഡലത്തിൽ പ്രധാന ചർച്ചാവിഷയം. ഫാസിസത്തെ നേരിടാൻ ഡൽഹിക്ക്‌ വണ്ടികയറി. രണ്ടുവർഷം കഴിയുംമുമ്പേ രാജിവച്ച്‌ മടങ്ങി. അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പെന്ന വികാരം ശക്തം.

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനുവാണ്‌ ഇത്തവണയും എൽഡിഎഫിന്റെ പോരാളി. മുസ്ലിംലീഗിലെ എം പി അബ്ദുസമദ്‌ സമദാനിയാണ്‌ പ്രധാന എതിരാളി. എൻഡിഎ‌ക്കായി എ പി അബ്ദുള്ളക്കുട്ടിയും കളത്തിലുണ്ട്‌. ഇ അഹമ്മദ്‌ അന്തരിച്ച ഒഴിവിലേക്ക്‌ 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങര എംഎൽഎ സ്ഥാനം രാജിവച്ചാണ്‌ കുഞ്ഞാലിക്കുട്ടി പാർലമെന്റിലെത്തിയത്‌. മുത്തലാഖ്‌ ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാതിരുന്നതും വിവാദമായി. 2019ൽ കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ മന്ത്രിസ്ഥാനം സ്വപ്‌നംകണ്ട്‌ വീണ്ടും ലോക്‌സഭയിലേക്ക്‌. രണ്ടു‌വർഷം പൂർത്തിയാകുംമുമ്പ്‌ സംസ്ഥാനത്ത്‌ അധികാരമാറ്റം കൊതിച്ച്‌ വീണ്ടും എംപി സ്ഥാനം രാജിവച്ച്‌ നിയമസഭയിലേക്ക്‌ മത്സരിക്കുന്നു.

മണ്ഡലത്തിലെ വികസന വിരുദ്ധതയും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. പ്രവാസികൾ ഏറെയുണ്ടായിട്ടും അവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്‌തില്ല. കരിപ്പൂർ വിമാനത്താവളത്തിലെ‌ ഹജ്ജ്‌ പുറപ്പെടൽകേന്ദ്രം എടുത്തുകളഞ്ഞിട്ടും ഇടപെട്ടില്ല. വിമാനത്താവള വികസനവും സാധ്യമായില്ല. അലിഗഢ്‌ സർവകലാശാല ഓഫ്‌ ക്യാമ്പസിനോടുള്ള അവഗണനയും പിടിപ്പുകേടിന്റെ സാക്ഷ്യപത്രം.


 

പൗരത്വഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച ഉറച്ച നിലപാടിനുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്ന പ്രതീക്ഷയിലാണ്‌ ഇടതുപക്ഷം. നിയമം നടപ്പാക്കുമ്പോൾ പൗരത്വഫോറം പൂരിപ്പിച്ചുനൽകാൻ ലീഗ്‌ സഹായിക്കുമെന്ന ഗുരുവായൂർ മണ്ഡലം സ്ഥാനാർഥിയും സംസ്ഥാന നേതാവുമായ‌ കെ എൻ എ ഖാദറിന്റെ പ്രസ്‌താവനയും സജീവ ചർച്ചയാണ്‌. ഡൽഹിയിലെ കർഷക സമരവേദിയിൽനിന്നാണ്‌ വി പി സാനു മത്സരത്തിനെത്തുന്നത്‌.

മുസ്ലിംലീഗ്‌ ദേശീയ സീനിയർ വൈസ്‌ പ്രസിഡന്റാണ്‌ എം പി അബ്ദുസമദ്‌ സമദാനി.   ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റായ അബ്ദുള്ളക്കുട്ടി മത്സരിച്ചിട്ടും മണ്ഡലത്തിൽ പ്രചാരണം പേരിനുപോലുമില്ല. കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, മലപ്പുറം, ‌പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ്‌ മലപ്പുറം ലോക്‌സഭാ മണ്ഡലം.