അങ്കക്കലിപ്പ്‌ തീരാതെ മനോരമ; ദിവസേന നുണക്കഥകൾ

മാടമ്പള്ളിയിലെ 
മനോരോഗി ഇവിടെയുണ്ട്‌

Friday Apr 2, 2021

തിരുവനന്തപുരം
ആവനാഴിയിലെ നുണബോംബുകളെല്ലാം പൊട്ടിച്ചിട്ടും ‘ക്ലച്ച്‌’ പിടിക്കാത്ത പ്രതിപക്ഷത്തിനായി അങ്കക്കലി പൂണ്ട്‌ മനോരമ പത്രം. വികസനവും ക്ഷേമവും നടപ്പാക്കിയ സർക്കാരിലുള്ള ജനവിശ്വാസം തകർക്കാനാകാത്തതാണ്‌ പത്രത്തെ വിറളിപിടിപ്പിക്കുന്നത്‌. പതിവിൽ കവിഞ്ഞ എൽഡിഎഫ്‌ വിരോധ വാർത്തകളുമായി കഴിഞ്ഞ ഒരു മാസമായി പത്രം അഴിഞ്ഞാടുന്നു. ഭ്രാന്തമായ അവസ്ഥയിൽ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയാണ്‌‌.  

‘മാടമ്പള്ളിയിലെ മനോരോഗി  യുഡിഎഫ്‌ പത്രത്തിലുണ്ടെ’ന്നുവരെ ട്രോളുകൾ. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറയുന്നത്‌ പത്രവും മനോരമ കൊണ്ടുവരുന്നത്‌ ചെന്നിത്തലയും ആവർത്തിക്കുന്നുവെന്നുമാത്രം. പക്ഷേ, ജനം ഒന്നും വകവച്ചില്ല. കാൽനൂറ്റാണ്ടുമുമ്പുള്ള തെറ്റിദ്ധാരണ ജനിപ്പിക്കൽ തന്ത്രം പത്രമിറങ്ങി മണിക്കൂറിനകം പൊളിച്ചടുക്കി. റാങ്ക്‌ഹോൾഡേഴ്‌സിന്റെ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും അവരെ വീണ്ടും ഇളക്കാൻ പലശ്രമം നടത്തി.

മത്സ്യബന്ധന കരാർ, ഡോളർ കടത്ത്‌, താൽക്കാലിക നിയമനം, സ്വർണക്കടത്ത്‌, സ്വപ്നയുടെ രഹസ്യമൊഴി, വാളയാർ, സിപിഐ എം– -ബിജെപി കൂട്ട്‌, ശബരിമല, കേരളബാങ്ക്‌ നിയമനം,  പത്രിക തള്ളിയത്‌, മണ്ണണ്ണ– -അരി വിതരണം, വാട്‌സാപ്‌‌ ചാറ്റ്‌... എന്നിങ്ങനെ ഇരുപതിലധികം നുണക്കഥ ഒരു മാസത്തിനിടെ മനോരമ മെനഞ്ഞെടുത്തു. എൽഡിഎഫിനെതിരെ ശരാശരി ഇരുപത്തഞ്ചിലധികം  വാർത്തയാണ്‌  ദിവസവും കൊടുക്കുന്നത്‌. സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെടുത്തി ഒറ്റ പേജിൽ 16 വാർത്തവരെ കൊടുത്ത ദിവസമുണ്ട്‌.


 

കേരളീയരെ ഏറ്റവും വേദനിപ്പിച്ച നടപടിയായിരുന്നു അരിവിതരണം തടയാൻ ചെന്നിത്തല പരാതി കൊടുത്തത്‌. അത്‌ ആളിക്കത്തിക്കാൻ മനോരമ കണക്ക്‌ നിരത്തി; 10 കോടി കിലോ അരി സർക്കാർ ശേഖരിച്ചുവച്ചിരിക്കുന്നുവെന്ന്‌ വാർത്ത കൊടുത്തു.

മാർച്ച്‌ 15 മുതൽ‌ വ്യാജവോട്ട്‌ പരമ്പര. ‘മൂന്നാം നാൾ കോഴികൂവു’മെന്ന്‌ പറഞ്ഞതുപോലെ ചെന്നിത്തല‌ വലിയ കള്ളവോട്ട്‌ ആരോപണവുമായി രംഗത്ത്‌. മനോരമ പറഞ്ഞ പല പേരും ചെന്നിത്തല ആവർത്തിച്ചു. വൈകിട്ടോടെ സത്യം പുറത്തുവന്നു.

ആരോപണവിധേയർ എല്ലാം കോൺഗ്രസുകാർ. നേതാക്കളടക്കം അനവധി ഇരട്ടവോട്ടുകൾ വേറെയും. വെബ്‌സൈറ്റുവഴി പുറത്തുവിട്ട ഇരട്ടവോട്ടുകളാകട്ടെ വലിയ ആക്ഷേപമായി തിരിച്ചടിച്ചു.  എന്നിട്ടും വിടാനൊരുക്കമില്ലാത്ത മനോരമ കഴിഞ്ഞ പത്തു‌വർഷം കോൺഗ്രസ്‌ നടത്തിയ ‘കഠിന പ്രയത്ന’ത്തിലൂടെയാണത്രേ ‘കള്ളവോട്ടു’കൾ പുറത്തുകൊണ്ടുവന്നതെന്ന്‌ വാർത്ത കൊടുത്തു.

അതേസമയം, സർക്കാരിന്‌ അനുകൂലമാകുമെന്നു‌ കണ്ടതിനാൽ കിഫ്‌ബി ആസ്ഥാനത്തെ റെയ്‌ഡ്‌ വാർത്ത മുക്കി. വികസനം ചർച്ചയാകരുതെന്ന ദുഷ്ടലാക്കും മനോരമയ്‌ക്കുണ്ട്‌. സ്വന്തം ചാനൽ നടത്തിയതടക്കം സർവേഫലവും പത്രം മറച്ചുവച്ചു. മനോരമയടക്കം എല്ലാ ചാനലുകളുടെയും സർവേഫലം എൽഡിഎഫ്‌ വലിയ വിജയം നേടുമെന്നാണ്‌.