മനഃസാക്ഷിയുള്ളവരെല്ലാം എൽഡിഎഫിനൊപ്പം
Sunday Apr 4, 2021
കോഴിക്കോട് > ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തിന് വലിയ ഭീഷണിയായി ഹിന്ദുത്വ ഫാസിസം മാറിയ കാലത്ത് ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ പകരുന്നത്. രാജ്യത്തോട് കൂറുള്ളവരെല്ലാം ഇടതുപക്ഷത്ത് അണിനിരക്കുന്ന കാഴ്ചയാണ്. ആന്തരികമായി ദ്രവിച്ചുതുടങ്ങിയ കോൺഗ്രസിനൊപ്പം ചേരുക എന്നത് ആത്മഹത്യാപരം. എൻസിപി ദേശീയ നേതൃത്വം ഗൗരവം തിരിച്ചറിഞ്ഞാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്, അതിൽ അഭിമാനമുണ്ട് –-എൻസിപി കേന്ദ്ര നിർവാഹക സമിതി അംഗം എ കെ ശശീന്ദ്രൻ ‘ദേശാഭിമാനി’യോട്.
ഇന്ത്യൻ ഫാസിസം അന്യമതങ്ങളെയും ഇതര രാഷ്ട്രീയ ചിന്താഗതികളെയും കായികമായി നേരിടുകയാണ്. ഭീഷണി വഴി, വ്യക്തികളെ താൽക്കാലികമായി തളച്ചിടാമെങ്കിലും പ്രസ്ഥാനങ്ങൾക്ക് ഒതുങ്ങിക്കൂടാനാകില്ല. ഫാസിസ്റ്റ് അസഹിഷ്ണുതയെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. അതുകൊണ്ട്, ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര ഭരണതലത്തിൽ നടക്കുന്നത്. ആ ആക്രമണങ്ങളെ ചെറുത്തുകൊണ്ടാണ് കേരളത്തിൽ വികസനക്കുതിപ്പുണ്ടാക്കിയത്.
രാജ്യം അത്യന്തം അപകടകരമായ സ്ഥിതിയിലൂടെ പോകുമ്പോഴും ഫാസിസത്തിനെതിരെ ശക്തമായ നേതൃത്വമാവാൻ കോൺഗ്രസിനാകുന്നില്ല. ഡൽഹിയിലെ മഹത്തായ കർഷകസമരത്തെ പോലും അവർ വേണ്ടത്ര ഗൗനിച്ചില്ല. പി സി ചാക്കോ എൻസിപിയിലേക്കെത്തിയത് രാജ്യത്തെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തും.
എല്ലാ മേഖലയിലും ഭാവനാപൂർണമായ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. രണ്ടു പ്രളയം, നിപാ, കോവിഡ് തുടങ്ങി എല്ലാ വിപത്തുകളെയും അതിജീവിച്ചാണ് ഇത്ര വികസനം സാധ്യമാക്കിയത്.
കിഫ്ബി വഴി നിരവധി വികസന പദ്ധതികൾ *പൂർത്തിയായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ- ഫോൺ അടക്കമുള്ളവ വലിയ പ്രതീക്ഷ.
നവകേരളത്തിനുള്ള വിപുല പദ്ധതികളാണ് ഇനി നടപ്പാക്കാനുള്ളത്. പ്രകടന പത്രിക നടപ്പാക്കാനു ള്ളതാണെന്ന് കാണിച്ചു കൊടുത്ത ഏക സർക്കാരാണിത്. തുടർ ഭരണത്തിലൂടെ മാത്രമേ വികസനക്കുതിപ്പുണ്ടാക്കാനാകൂ. അത് കേരളത്തിലുള്ളവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. മനസ്സാക്ഷിയുള്ളവരിൽ നിന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന ഒരു വാക്കോ നോക്കോ പോലും ഉണ്ടാവില്ല.
തയ്യാറാക്കിയത്: സയൻസൺ