അച്ഛേ ദിൻ പ്രഹരങ്ങൾ’
Sunday Apr 4, 2021
സാജൻ എവുജിൻ
നരേന്ദ്ര മോഡി സർക്കാരിന്റെ നടപടികളോരോന്നും ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. വർഗീയത പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളിൽ ഭീതി വിതച്ചും അധികാരത്തിൽ *കയറി. എന്നാൽ, പ്രത്യുപകാരമെന്നപോലെ *തീരുമാനങ്ങളെല്ലാം കോർപറേറ്റുകളെ സഹായിക്കുന്നതായി. രാജ്യം അഭിമാനപൂർവം കൊണ്ടുനടന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. ബാക്കിയുള്ളവ ‘മാർക്കറ്റിൽ’ വച്ചിരിക്കുന്നു. ജനങ്ങൾക്ക് കൊടുത്തതാകട്ടെ കനത്ത പ്രഹരങ്ങളും...
ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്
ഒന്നാം മോഡിസർക്കാർ അധികാരത്തിൽ വന്ന് ആറുമാസം വേണ്ടിവന്നില്ല കോർപറേറ്റുകൾക്ക് കൃഷിയിടങ്ങൾ ഉൾപ്പെടെ ഭൂമി ഏറ്റെടുക്കൽ അനായാസമാക്കാൻ ഓർഡിനൻസ് ഇറക്കി. കർഷകർ രാജ്യവ്യാപക പ്രതിഷേധമുയർത്തി. കർഷകസംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പൊതുവേദിയായ ഭൂമി അധികാർ ആന്ദോളൻ ഗ്രാമങ്ങൾതോറും സമരസന്ദേശമെത്തിച്ചു. 2015ൽ ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ‘വിവര’മറിഞ്ഞു, ഓർഡിനൻസ് മരവിപ്പിച്ചു.
നോട്ടുനിരോധനം ( 8–-11–-2016)
2016 നവംബർ എട്ടിനു രാത്രി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി നാടകീയമായി പ്രഖ്യാപിച്ച നോട്ടുനിരോധനം തലയ്ക്ക് അടിയേറ്റപോലെ ആഘാതമായി. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ ദുരിതം. കള്ളപ്പണം തടയുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി കാരണങ്ങളാണ് പറഞ്ഞത്. അവയൊന്നും നടപ്പാക്കാനായുമില്ല സാമ്പത്തിക ക്ഷതത്തിന് ഇന്നും പരിഹാരവുമായില്ല. സാമ്പത്തികവളർച്ച രണ്ട് ശതമാനമെങ്കിലും ഇടിയുകയാണുണ്ടായത്. നോട്ടുമാറാനുള്ള നെട്ടോട്ടത്തിൽ മരിച്ചത് നൂറിലധികം പേർ, പരിക്കേറ്റവർ പതിനായിരങ്ങൾ. ഉയർന്ന നോട്ടുകൾ കള്ളപ്പണം സൂക്ഷിക്കൽ എളുപ്പമാക്കുമെന്ന് പറഞ്ഞ സർക്കാർ ഉടനിറക്കി 2000 രൂപ നോട്ട് !
കുഴപ്പിച്ച ജിഎസ്ടി
മുന്നറിയിപ്പുകൾ അവഗണിച്ച് ഒറ്റയടിക്ക് ജിഎസ്ടി ഏർപ്പെടുത്തിയതുമൂലമുണ്ടാക്കിയ ആശയക്കുഴപ്പവും പ്രതിസന്ധിയും തുടരുകയാണ്. ഫെഡറലിസം ദുർബലപ്പെടുത്തിയ തീരുമാനവുമായിരുന്നു അത്. സങ്കീർണ നികുതിഘടനമൂലം ആയിരക്കണക്കിന് തിരുത്തുകൾ വേണ്ടിവന്നു. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം യഥാസമയം നൽകിയുമില്ല. ഒട്ടേറെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ജിഎസ്ടി കാരണമായി.
ജമ്മു–-കശ്മീർ വെട്ടിമുറിച്ചു
ജമ്മു–-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് കടുത്ത നടപടിയായി. പാർലമെന്റിൽ പൊടുന്നനെ ബിൽ പാസാക്കിയാണ് 2019 ആഗസ്ത് അഞ്ചിന് ജമ്മു–-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത്. മുൻമുഖ്യമന്ത്രിമാരടക്കം വിവിധ പാർടി നേതാക്കളെയും പ്രവർത്തകരെയും തടങ്കലിലാക്കി, ഇന്റർനെറ്റ് വിലക്കിയായിരുന്നു ആ ഇരുമ്പുമുറ. കടുത്ത പ്രത്യാഘാതമാണ് ഇന്ന് ജമ്മു–-കശ്മീർ നേരിടുന്നത്. അഞ്ച് ലക്ഷം പേരുടെ തൊഴിൽനഷ്ടം. വിനോദസഞ്ചാരം, കരകൗശല വസ്തുനിർമാണം, ആപ്പിൾ കൃഷി തുടങ്ങിയ മേഖലകൾ തകർന്നു.
പൗരത്വ ഭേദഗതി നിയമം
ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതനിരപേക്ഷതയെ വെല്ലുവിളിച്ചാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കണമെന്ന വ്യവസ്ഥ. ‘പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് അഭയാർഥികളായി എത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് ഇന്ത്യൻ പൗരത്വം’ ! ഈ നിയമനിർമാണം ലോകത്തിനു മുന്നിൽ രാജ്യത്തെ നാണംകെടുത്തി. പൗരത്വ ഭേദഗതി നിയമ ത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് ബിജെപി ശ്രമിച്ചത്. ഡൽഹിയിൽ പ്രക്ഷോഭകർക്കെതിരെ വർഗീയകലാപ ആഹ്വാനം മുഴക്കി കേന്ദ്രമന്ത്രിമാരും നേതാക്കളും.
മൂന്ന് കാർഷികനിയമം
കാർഷികമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് കൈമാറാനുള്ള മൂന്ന് കാർഷികനിയമം കൊണ്ടുവന്ന മോഡിസർക്കാർ വൻജനരോഷം നേരിടുകയാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഗ്രാമങ്ങൾ സന്ദർശിക്കാൻ കഴിയുന്നില്ല. ഡൽഹി അതിർത്തികളിൽ സമരംചെയ്യുന്ന കർഷകരെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെയും ബിജെപി സർക്കാരുകളുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു. എത്രകാലം വേണമെങ്കിലും സമരം ചെയ്യുമെന്നാണ് കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
തൊഴിൽ കോഡുകൾ
സ്ഥിരം തൊഴിലും തൊഴിൽനിയമങ്ങളും ഇല്ലാതാക്കുന്ന നാല് കോഡ് മോഡി കൊണ്ടുവന്നു. ഏപ്രിൽ ഒന്നുമുതൽ നടപ്പാകേണ്ടിയിരുന്ന കോഡുകൾ തൽക്കാലം മാറ്റിവച്ചിട്ടുണ്ട്. കർഷകപ്രക്ഷോഭത്തിന്റെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി.
വിറ്റഴിക്കൽ തകൃതി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിൽനിന്ന് ദേശീയ ആസ്തികളുടെ വിൽപ്പനയിലേക്ക് കടന്നു.
റെയിൽവേ, റോഡ്, വിമാനത്താവളം, തുറമുഖം, സ്റ്റേഡിയങ്ങൾ, കൽക്കരി, ഉരുക്കു നിർമാണശാലകൾ, ബിഎസ്എൻഎൽ ടവറുകളും ഭൂമിയും എന്നിവയെല്ലാം വിറ്റ് 2021–-22ൽ 2.5 ലക്ഷം കോടി രൂപ ശേഖരിക്കാനാണ് പദ്ധതി. മറുവശത്ത് കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ നികുതിയിളവ് നൽകുന്നു.
പെട്രോളിയം തീരുവ വർധന
മോഡിസർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസൽ ലിറ്ററിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇപ്പോൾ ഇവ യഥാക്രമം 32.98 രൂപ, 31.83 രൂപ വീതമാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വിലയിടിഞ്ഞ അവസരം മുതലെടുത്താണ് തീരുവകൾ കുത്തനെ കൂട്ടിയത്. ഇതുവഴി ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപ ജനങ്ങളെ പിഴിഞ്ഞെടുത്തു. പാചക വാതക സിലിൻഡറുകൾക്ക് സബ്സിഡി നൽകുന്ന സംവിധാനവും അവസാനിപ്പിച്ചു.
അശാസ്ത്രീയ ലോക്ക്ഡൗൺ
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര അഭയാർഥിപ്രവാഹത്തിനിടയാക്കിയ ‘ലോക്ക്ഡൗൺ’ പ്രഖ്യാപനത്തിന് വലിയ വിലനൽകേണ്ടി വന്നു. കോവിഡ് വ്യാപനം തടയാനാണെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനവും അശാസ്ത്രീയ നടപ്പാക്കലും മനുഷ്യവിരുദ്ധമായി. മനുഷ്യർ വഴിയിൽ മരിച്ചുവീണു. നൂറുകണക്കിന് കിലോമീറ്റർ കുടുംബസമേതം നടക്കേണ്ടിവന്നു. റെയിൽപാളങ്ങളിൽ വിശ്രമിച്ച തൊഴിലാളികൾ ട്രെയിൻപാഞ്ഞുകയറി മരിച്ചു. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ അതിഥിത്തൊഴിലാളികളോട് സർക്കാർ കാരുണ്യം കാട്ടിയില്ല.