അഴിമതിക്കാർ നിരനിരയായി ; എണ്ണാമെങ്കിൽ എണ്ണിക്കോ....
Sunday Apr 4, 2021
റഷീദ് ആനപ്പുറം
തിരുവനന്തപുരം
യുഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിലുള്ള പ്രമുഖരെല്ലാം അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവർ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി എസ് ശിവകുമാർ, കെ ബാബു, കെ എം ഷാജി, വി ഡി സതീശൻ, പി ടി തോമസ് എന്നിവരെല്ലാം വിജിലൻസിന്റെ നോട്ടപ്പുള്ളികളാണ്.
ഹരിപ്പാട് വീണ്ടും ജനവിധി തേടുന്ന ചെന്നിത്തലയ്‌ക്കെതിരെ നാലു കേസിലാണ് വിജിലൻസ് അന്വേഷണം. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയതു സംബന്ധിച്ച പരാതിയാണ് ഇതിൽ പ്രധാനം. സ്വന്തം ബന്ധുവിനും നിയമനം നൽകി. ഉമ്മൻചാണ്ടി, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഇതേ കേസിൽ കുറ്റാരോപിതരാണ്. ബാർകോഴയിലും നെയ്യാർ ഡാമിൽ സ്വകാര്യ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചുകൊടുത്ത കേസിലും ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണമുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയതിൽ ക്രമക്കേട് ആരോപിച്ചുള്ള പരാതിയിലും അന്വേഷണമുണ്ടായിരുന്നു. ടൈറ്റാനിയം കേസിലും ചെന്നിത്തലയുണ്ട്.
കണ്ണൂർ വിമാനത്താവള നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തലശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട്. ടൈറ്റാനിയം അഴിമതിക്കേസിലും പ്രതിയാണ്. ഈ കേസ് സിബിഐ അന്വേഷണത്തിന് വിട്ടെങ്കിലും ഏറ്റെടുത്തിട്ടില്ല.
എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു രണ്ടു കേസിലാണ് അന്വേഷണം നേരിട്ടത്. ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് കോടതിയിലാണ്. ബാർകോഴ കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും.
അനധികൃത സ്വത്ത് സമ്പാദിച്ചതിനും സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് എൻഒസി നൽകിയതിനും ശിവകുമാറിനെതിരെ അന്വേഷണം നടക്കുന്നു. റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിൽ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിനെതിരെയും അന്വേഷണം നടന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കേസ്.
അഴീക്കോട് സ്‌കൂൾ മാനേജ്മെന്റിൽനിന്ന് ഹയർ സെക്കൻഡറി കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയ കേസിലാണ് കെ എം ഷാജിക്കെതിരെ അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ പണം കൈപ്പറ്റിയെന്ന് വിജിലൻസ് എഫ്ഐആറിലുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും നടക്കുന്നു.
ചിലവന്നൂർ കായലിന്റെ ഭാഗമായ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെടുത്ത കേസും ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട പരാതിയും പി ടി തോമസിനെ വെട്ടിലാക്കുന്നു. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന പരാതിയിലാണ് വി ഡി സതീശനെതിരെ അന്വേഷണം.
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശ ചെയ്തുവെന്ന കേസിൽ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലും പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. പഞ്ചവടി പാലം നിർമിച്ച് അറസ്‌റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ കളമശേരിയിൽ സ്ഥാനാർഥിയാക്കി. ചന്ദ്രിക ദിനപത്രം അക്കൗണ്ടിൽ പത്ത് കോടിരൂപയുടെ അനധികൃത നിക്ഷേപത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നു. ടൈറ്റാനിയം കേസിലും ഇബ്രാഹിംകുഞ്ഞ് പ്രതിയാണ്.