ചോരക്കുഞ്ഞും കരു, കോവിഡ് പടർത്താൻ ‘ ചെക്‌പോസ്‌റ്റ് സമരം ’
Sunday Apr 4, 2021
പാലക്കാട്
യുവതി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു, പ്രതി അയൽവാസിയും സുഹൃത്തുമായ വർക്ക്‌ഷോപ് ജീവനക്കാരൻ. 2019 ഫെബ്രുവരി 16ന് നടന്ന സംഭവം പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാൻ കോൺഗ്രസും ബിജെപിയും കള്ളക്കഥ ചമച്ചു. ഡിവൈഎഫ്‌ഐയുമായി ഒരു ബന്ധവുമില്ലാത്ത യുവാവിനെ ആ സംഘടനയുടെ നേതാവാക്കി. കോളേജിൽ പോകാത്ത യുവതിയെ എസ്‌എഫ്‌ഐ പ്രവർത്തകയുമാക്കി.
കോളേജ് യൂണിയൻ മാഗസിനിൽ പരസ്യം പിടിക്കാന്‍ സിപിഐ എം ചെർപ്പുളശേരി ഓഫീസിൽ എത്തിയ യുവതിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ചുവെന്നാക്കി വാർത്ത നൽകി. ഒരു മാസത്തിനുശേഷം ഇത് കള്ളക്കഥയാക്കി വ്യാപകമായി പ്രചരിപ്പിച്ചു. ഏതാനും മാധ്യമങ്ങൾ ഇത് ദിവസങ്ങളോളം വാർത്തയാക്കി. പാർടി ഓഫീസിൽ ഇന്നുവരെ പോയിട്ടില്ലെന്ന് യുവാവും എസ്‌എഫ്‌ഐയുമായോ, കോളേജ് മാഗസിനുമായോ ബന്ധമില്ലെന്ന് യുവതിയും മൊഴി നൽകിയിട്ടും കള്ളക്കഥ വോട്ടെടുപ്പ്‌വരെ എത്തിച്ചു. കുട്ടിയുടെ അടുത്ത സുഹൃത്തായ യുവാവ് വീട്ടിൽവച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസിൽ പറഞ്ഞിട്ടും സിപിഐ എം ഓഫീസിനെ വലിച്ചിഴച്ചു.
2019 ഫെബ്രുവരി 16ന് മണ്ണൂർ നഗരിപുറത്താണ് യുവതി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത്. യുവാവും യുവതിയും കോളേജിൽവച്ചാണ് പരിചയപ്പെട്ടതെന്നാണ് വാർത്ത പ്രചരിച്ചത്. എന്നാൽ കോളേജിൽ പോകാത്ത യുവാവ് എങ്ങനെയാണ് സഹപാഠിയാകുക. എന്നാൽ, സംഭവം വാർത്തയാകുന്നതിനു മുമ്പ് ചില കോൺഗ്രസ് നേതാക്കൾ സിപിഐ എമ്മിനെ എഫ്‌ബി യിൽ പോസ്‌റ്റിട്ടത് പുറത്തുവന്നതോടെ കള്ളി വെളിച്ചത്തുമായി.
‘പാസ് എടുത്ത് വരാൻ ഇതെന്താ പാകിസ്ഥാനോ’
കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കേരളത്തിൽ കോൺഗ്രസ് നടത്തിയ വാളയാർ ആൾക്കൂട്ട സമരം ജനം മറന്നിട്ടില്ല. ലോക്‌ഡൗണിനുശേഷം മെയ് നാല് മുതൽ ഇതര സംസ്ഥാനത്തുനിന്നും പാസ് മുഖേന ആളുകളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, പാസ് ഇല്ലാതെ മുഴുവൻ പേരെയും കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വാളയാറിൽ നടത്തിയ സമരമാണ് രോഗ പ്രതിരോധത്തെ തകർത്തത്.
കോവിഡ് മാനദണ്ഡം അട്ടിമറിച്ച് വാളയാർ ദേശീയ പാതയിൽ സമരം; ‘പാസ് വാങ്ങി പ്രവേശിക്കാൻ ഇതെന്താ പാകിസ്ഥാനോ’ എന്നായിരുന്നു ഒരു എം പി യുടെ ചോദ്യം. സർക്കാർ സുരക്ഷാ–-സമയക്രമ സംവിധാനം അട്ടിമറിച്ച് രോഗം പടർത്താനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. റെഡ്‌സോണിൽനിന്ന് വരുന്നവരെ ക്വാറന്റൈനിലും അല്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കാനുമായിരുന്നു ഈ നിയന്ത്രണം.
കോൺഗ്രസ് എംപിമാരായ വി കെ ശ്രീകണ്ഠൻ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, എംഎൽഎ മാരായ അനിൽ അക്കര, ഷാഫി പറമ്പിൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ എന്നിവരാണ് വാളയാറിലെത്തി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ആളുകളെ സംഘടിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചത്. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ വാർത്തയും പരത്തി. ഒടുവിൽപാസ് എടുക്കാത്ത ആരെയും കടത്തിവിടരുതെന്ന് ഹൈക്കോടതി വിധിയും അതിനുശേഷം വന്നു.
ശവസംസ്‌കാരവും
വിവാദമാക്കി
കോട്ടയത്തെ മുട്ടമ്പലം പൊതുശ്‌മശാനത്തിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് വിവാദമാക്കിയത് ബിജെപിയുടെ നഗരസഭാ കൗൺസിലറായിരുന്നു. അതിന് കുടപിടിച്ചത് കോൺഗ്രസും. 2020 ജൂലൈയിലായിരുന്നു കോട്ടയത്തെ നാണംകെടുത്തിയ സംഭവം.
കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം മുട്ടമ്പലം ശ്‌മശാനത്തിൽ സംസ്‌കരിക്കാൻ കൊണ്ടുവന്നപ്പോൾ ബിജെപി കൗൺസിലർ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞു. മൃതദേഹം കത്തിക്കുമ്പോഴുള്ള പുക വഴി സമീപവാസികൾക്ക് കോവിഡ് പകരുമെന്നായിരുന്നു വാദം. കൗൺസിലറാണ് നാട്ടുകാരെ ഇളക്കിവിട്ടത്.
പ്രതിഷേധം കൂടിയപ്പോൾ സ്ഥലത്തെത്തിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും ഈ വാദത്തിന് കുടപിടിച്ചു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിട്ടും ഇവർ പിൻവാങ്ങിയില്ല. ജനത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട എംഎൽഎ അടക്കം പ്രതിഷേധത്തെ പിന്തുണച്ചു. ആരോഗ്യവകുപ്പ് ജനത്തെ രോഗികളാക്കുന്നു എന്ന് പ്രചാരണം നടത്തുകയായിരുന്നു ലക്ഷ്യം. ബിജെപി കൗൺസിലറുടെ ദുഷ്‌ചെയ്‌തിയെ വിമർശിക്കാൻ പോലും എൽഎൽഎ തയ്യാറായില്ല.
ഒടുവിൽ അർധരാത്രിയോടെ പൊലീസ് സുരക്ഷയിൽ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തെ തുടർന്ന് എംഎൽഎയ്‌ക്കും കൗൺസിലർക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു.
കോവിഡ് രോഗിയുടെ പേരിലും
കോവിഡ് പടർന്നു തുടങ്ങിയ 2020 ഏപ്രിൽ 27നാണ് സംഭവം. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രോഗികളെയെല്ലാം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ പാഞ്ഞുനടക്കുകയാണ്. മണർകാട് സ്വദേശി തട്ടേൽ രതീഷിന് കോവിഡ് സ്ഥിരീകരിക്കുകയും വൈകാതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
പൊടുന്നനെ മനോരമ ചാനലിൽ വാർത്തയെത്തി. "രോഗിയെ കൊണ്ടുപോകുന്നതിൽ അലംഭാവം; ആംബുലൻസെത്താൻ വൈകി' എന്നായിരുന്നു വാർത്ത. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ മാധ്യമപ്രവർത്തകർക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാജവാർത്ത പ്രചരിച്ചത്. മനോരമ ചാനൽ ഇത് വലിയ ചർച്ചയുമാക്കി.
പിന്നീട് രോഗി തന്നെ സംഭവം നിഷേധിച്ചു. ഓരോ രോഗിയെയും കൊണ്ടുപോയശേഷം ആംബുലൻസ് അണുവിമുക്തമാക്കണം. ഇത് ചെയ്‌തയുടൻ ആംബുലൻസ് എത്തിയിരുന്നതായി രതീഷ് ചാനലിൽ അറിയിച്ചു. അന്ന് ജില്ലയിൽ ആറ് പോസിറ്റീവ് ഫലമാണുണ്ടായത്. ഇവരെയെല്ലാം രാത്രി എട്ടരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 162 പേരുടെ സാമ്പിളാണ് പരിശോധനയ്ക്കെടുത്തത്. ഓരോരുത്തരെയും ആംബുലൻസ് അയച്ച് വീട്ടിൽനിന്നു കൊണ്ടുവരികയും സാമ്പിളെടുത്ത് അതേ ആംബുലൻസിൽ തിരിച്ചെത്തിക്കുകയും ചെയ്‌തിരുന്നു.
സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളിലൊന്നാണ് അന്ന് പൊളിഞ്ഞത്.