വീണ്ടും ചുവക്കും ; ആത്മവിശ്വാസത്തോടെ എൽഡിഎഫ്
Thursday Apr 8, 2021
തിരുവനന്തപുരം> എല്ലാ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമായതോടെ ജനവിധിയെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലും സജീവമായി. മികച്ച പോളിങ് മുൻനിർത്തിയുള്ള എൽഡിഎഫ് വിശകലനത്തിൽ ഭരണത്തുടർച്ചയ്ക്കുള്ള സാധ്യത ഏറിയെന്നാണ് നിഗമനം. 100ന് മുകളിൽ സീറ്റുകളോടെ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടെങ്കിലും സീറ്റ് എണ്ണത്തിൽ ഉറപ്പില്ല. സെഞ്ച്വറി അടിക്കുമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് മറ്റ് നേതാക്കളാരും മുഖവിലയ്ക്ക് എടുത്തില്ല. എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടില്ലെന്നും 35 മണ്ഡലത്തിൽ തങ്ങൾ നിർണായക ശക്തിയാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കോൺഗ്രസിലും യുഡിഎഫിലും ചേരിപ്പോര് തുടങ്ങി. പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് വഞ്ചിച്ചെന്ന ആരോപണവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്തുവന്നു. മഞ്ചേശ്വരത്ത് സിപിഐ എം–-ബിജെപി നീക്ക്പോക്ക് ഉണ്ടായെന്ന മുല്ലപ്പള്ളിയുടെ ആരോപണം യുഡിഎഫ് സ്ഥാനാർഥി എ കെ എം അഷ്റഫ് ഉടനടി തള്ളി. കെപിസിസി പ്രസിഡന്റിന് എവിടെ നിന്നാണ് വിവരം കിട്ടിയതെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തമ്മിലടി അതിതീവ്രമാകുമെന്ന് ഉറപ്പാണ്. ബൂത്തടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം കൂടി കിട്ടിയതോടെ പല മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ നേതൃത്വത്തിനെതിരെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഇതും വരും ദിവസങ്ങളിൽ കോൺഗ്രസിനെ തീപിടിപ്പിക്കും.
തപാൽ വോട്ടുകൾ കണക്കാക്കിയിട്ടില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ 74.04 ശതമാനം പേർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പുകമീഷൻ. തപാൽ വോട്ടിന്റെ എണ്ണം കണക്കാക്കാതെയാണ് ഇത്. അതുകൂടി ചേരുമ്പോൾ പോളിങ് ശതമാനം രണ്ടു ശതമാനത്തോളം ഉയരാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിങ്. വടക്കൻ ജില്ലകളിലാണ് പോളിങ് കൂടുതൽ രേഖപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിലെ അരൂരിലും ചേർത്തലയുമൊഴികെ 80 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയ മണ്ഡലമെല്ലാം വടക്കൻ മേഖലയിലാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു പുറമെ കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ ആബ്സന്റീ വോട്ടർമാർക്കും തപാൽ വോട്ട് അനുവദിച്ചിരുന്നു. 80 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ എന്നിങ്ങനെ മൂന്നു വിഭാഗത്തിനാണ് പോളിങ് ടീം ബാലറ്റ് വീട്ടിൽ എത്തിച്ച് വോട്ടുചെയ്ത് വാങ്ങിയത്. ഇത്തരത്തിൽ 4,00,444 പേർക്ക് തപാൽ ബാലറ്റ് അനുവദിച്ചിരുന്നു. ഇതും സർവീസ് വോട്ടും കൂടിയെത്തുമ്പോൾ അവസാന കണക്ക് വർധിക്കും. കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്റെ അംഗീകാരം ലഭ്യമാകേണ്ടതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അന്തിമ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.