ശബ്ദവും വെളിച്ചവും തിരികെ നൽകിയ തെരഞ്ഞെടുപ്പുകാലം
Thursday Apr 8, 2021
കരുനാഗപ്പള്ളി
ശബ്ദവും വെളിച്ചവും നൽകിയ തെരഞ്ഞെടുപ്പുകാലത്തിന്റെ ഊർജത്തിലാണ് ഇപ്പോൾ മൈക്ക് സെറ്റ് മേഖല. കോവിഡ് തീർത്ത കടുത്ത പ്രതിസന്ധിയെ മറികടക്കാൻ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് കാലത്തായി എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഉത്സവങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും നിയന്ത്രണം വന്നതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ആയിരക്കണക്കിന് മൈക്ക് സെറ്റ് ഓപ്പറേറ്റർമാരും തൊഴിലാളികളും. പലരും കിട്ടിയ വിലയ്‌ക്ക് ആംപ്ലിഫയറും ബോക്സുമെല്ലാം വിറ്റു. മറ്റു തൊഴിലിലേക്ക് തിരിഞ്ഞവരും ധാരാളം.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും ഈ മേഖലയ്ക്ക് നൽകിയത് പുതിയ ഊർജവും പ്രതീക്ഷയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുള്ള മൈക്ക് ഓപ്പറേറ്റർമാരുടെയെല്ലാം ഉപകരണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടും ആവശ്യത്തിന് തികയാതെ വന്നതോടെ തമിഴ്നാട്ടിൽനിന്ന് ദിവസ വാടകയ്ക്കും മറ്റും ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തായിരുന്നു പ്രവർത്തനം. നിയമസഭ തെരഞ്ഞെടുപ്പിൽ അനൗൺസ്‌മെന്റ് വാഹനങ്ങളും പ്രമുഖ നേതാക്കളുടെ പര്യടന പരിപാടികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന ഇടങ്ങളിലെ ലൈറ്റ് സംവിധാനവും ഉൾപ്പെടെ തിരക്കേറിയ ദിവസങ്ങളായിരുന്നുവെന്ന് കരുനാഗപ്പള്ളിയിലെ മൈക്ക് സെറ്റ് ഓപ്പറേറ്ററായ ബിനു സൗണ്ട് ഉടമ ബിനു പറയുന്നു.
രാഷ്ട്രീയ പ്രവർത്തകരെ പോലെ വിശ്രമരഹിതമായ പ്രവർത്തനമായിരുന്നു ഈ കാലയളവിൽ തങ്ങൾക്കും. കോവിഡ് കാലം നൽകിയ ദുരിതത്തിന് തെരഞ്ഞെടുപ്പ് അൽപ്പം ആശ്വാസമായെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.