ജയിച്ചാൽ മൊട്ടയടിക്കേണ്ട കുഴിമന്തി മതി ; വൈറലായി മുക്കത്തെ പന്തയം
Friday Apr 9, 2021
മുക്കം> തിരുവമ്പാടിയില്‍ ആരും ജയിക്കും. കോഴിക്കോട് മുക്കത്തെ രണ്ട് സുഹൃത്തുക്കള്‍ പന്തയംവച്ചു. പന്തയത്തിൽ തോറ്റാല്‍ തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട, പകരം വിജയിക്ക് വേണ്ടത് ഫുൾ ചിക്കൻ മന്തിയും ബ്രോസ്റ്റും. വാക്കാല്‍ പറയുകമാത്രമല്ല, രണ്ടു സാക്ഷികള്‍ സഹിതം പന്തയക്കരാറെഴുതി ഒപ്പിട്ടു. മന്തിയും ബ്രോസ്റ്റും വാങ്ങുന്നത് എവിടെ നിന്നാകണമെന്നതടക്കം രേഖയിലാക്കി.
നോർത്ത് കാരശേരിയിലെ ജംഷീറും മലാംകുന്നിൽ ഹരിദാസനും ഒപ്പിട്ട പന്തയക്കരാര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തിരുവമ്പാടിയില്‍ എൽഡിഎഫിന്റെ ലിന്റോ ജയിക്കുമെന്ന് ജംഷീറും യു ഡിഎഫിലെ സി പി ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ഹരിദാസനും പന്തയം വയ്ക്കുന്നു. മെയ് രണ്ടിന് ഫലം വന്ന് ഒരാഴ്ചക്കകം മുക്കത്തെ ‘നഹ്ധി മന്തി’യിൽ നിന്നും ഫുൾ ചിക്കൻ കുഴിമന്തിയും നോർത്ത് കാരശേരി ‘കോ കോ നാഷണൽ റസ്റ്റോറണ്ടിൽ’ നിന്നും ഫുൾ ബ്രോസ്റ്റും വാങ്ങി നൽകണം.