ആ 16 വോട്ടിന് പതിനാറായിരത്തിന്റെ മൂല്യം
Saturday Apr 10, 2021
കൊച്ചി> പെട്ടി പൊട്ടിച്ച് എണ്ണിയപ്പോൾ ഭൂരിപക്ഷം 16 വോട്ട്. വീണ്ടും എണ്ണിയപ്പോഴും മാറ്റമില്ല. തർക്കമുള്ള വോട്ടുകൾ ഹൈക്കോടതി എണ്ണിയപ്പോൾ മൂന്നു വോട്ട് കുറഞ്ഞു. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിലും വിജയം ടി പി പീതാംബരനൊപ്പം. 1982ലെ ആ 16 വോട്ട് വിജയത്തിന് 16,000 വോട്ടിന്റെ മൂല്യമുണ്ടെന്ന് മൂന്നുതവണ പള്ളുരുത്തിയെ നിയമസഭയിൽ പ്രതിനിധീകരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ പറയുന്നു.
‘1981ൽ നായനാർ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിൻവലിച്ച് എ കെ ആന്റണി വലതുപക്ഷത്തേക്ക് പോയപ്പോൾ കൂടെ പോകാതിരുന്ന ആറ് എംഎൽഎമാരിൽ ഒരാളായ എന്നെ തോൽപ്പിക്കാൻ ആന്റണി പലതവണ പള്ളുരുത്തിയിൽ വന്ന് പ്രചാരണം നടത്തി. പള്ളികൾ സന്ദർശിച്ചു. എതിർപക്ഷം വ്യാപകമായി കള്ളവോട്ട് ചെയ്യിച്ചു. കള്ളവോട്ട് ചെയ്യിക്കാൻ വണ്ടിയിൽ കൊണ്ടുവന്നവരെ പള്ളുരുത്തി എസ്‌ഡിപിവൈ സ്‌കൂളിനു മുന്നിലെ ബൂത്തിനു മുന്നിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. അപ്പോൾ തടഞ്ഞില്ലായിരുന്നെങ്കിൽ ആ 16 വോട്ടിന്റെ വിജയവും ഉണ്ടാകില്ലായിരുന്നു. അന്ന് ബാലറ്റ് എണ്ണി പൂർത്തിയായപ്പോൾ പീതാംബരന് 37,369 വോട്ട്. യുഡിഎഫിലെ ഈപ്പൻ വർഗീസിന് 37,353 വോട്ട്. ഈപ്പൻ വർഗീസിന്റെ ആവശ്യപ്രകാരം ഒരു വട്ടംകൂടി എണ്ണം മാറ്റമില്ല. പരാതിക്കാരൻ സംശയം ഉന്നയിച്ച 50 വോട്ടിന്റെ സാധുത പരിശോധിക്കാൻ വോട്ടർമാരെ ഹൈക്കോടതിയിൽ വിളിച്ചുവരുത്തി. 50 പേരിൽ 47 പേർ പീതാംബരനും മൂന്നുപേർ ഈപ്പനും വോട്ട് രേഖപ്പെടുത്തിയെന്ന് കോടതി കശണ്ടത്തി. തുടർന്ന് ഭൂരിപക്ഷം 13 ആയി ചുരുക്കി വിജയം ശരിവച്ചു. പിന്നീട് പരാതിക്കാരൻ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയും വിജയം ശരിവച്ചു. അന്നത്തെ ആ 16 വോട്ടിന് 16,000 വോട്ടിന്റെ മൂല്യമുണ്ടെന്ന് ഇന്നും ടി പി പീതാംബരൻ പറഞ്ഞു.