74.06 ശതമാനം പോളിങ്; മുന്നില്‍ കുന്ദമംഗലം, പിന്നില്‍ തിരുവനന്തപുരം; അന്തിമ കണക്ക് ഇങ്ങനെ
Sunday Apr 11, 2021
കൊച്ചി > സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവന്നു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. 61.85 ശതമാനം രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പോളിങ്ങില്‍ ഏറ്റവും പിന്നില്‍.
തെരഞ്ഞെടുപ്പ് കമീഷന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയത് എട്ട് മണ്ഡലത്തിലാണ്. 2016ലെ തെരഞ്ഞെടുപ്പിൽ 38 മണ്ഡലത്തിൽ പോളിങ് 80 ശതമാനം കടന്നിരുന്നു. ധർമ്മടം, തളിപ്പറമ്പ്, കുറ്റ്യാടി, കുന്നമംഗലം, കൊടുവള്ളി, കുന്നത്തുനാട്, അരൂർ, ചേർത്തല എന്നിവിടങ്ങളിലാണ് ഇത്തവണ പോളിങ് 80 ശതമാനം പിന്നിട്ടത്.
113 മണ്ഡലത്തിൽ പോളിങ് 70 ശതമാനത്തിന് മുകളിലെത്തിയപ്പോൾ 19 മണ്ഡലത്തിൽ പോളിങ് 70 ശതമാനത്തിൽ താഴെയാണ്.
അരൂരും ചേർത്തലയും ഒഴികെ 80 ശതമാനത്തിനു മുകളിൽ പോളിങ് എത്തിയ മണ്ഡലങ്ങളെല്ലാം വടക്കൻ ജില്ലകളിലാണ്. വടക്കൻ മേഖലയിൽ വേങ്ങരയിലും പൊന്നാനിയിലും മാത്cരമാണ് പോളങ് 70 ശതമാനത്തിൽ താഴെയുള്ളത്. എന്നാൽ തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലമടക്കം ഒമ്പത് മണ്ഡലത്തിൽ പോളിങ് 70 ശതമാനത്തിൽ താഴെയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. തപാൽ വോട്ടുകൾ ഒഴികെയുള്ള കണക്കുകളാണിവ.