madhyamam-youth-league-fund-fraud

ലീഗിന്റെ ഫണ്ട് വെട്ടിപ്പ് വാര്‍ത്ത 'മാധ്യമം' മുക്കി; ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം ശക്തം

Sunday Feb 7, 2021

 മുസ്ലിംലീഗിന്റെ ഗുജറാത്ത്‌ ഫണ്ട്‌ വെട്ടിപ്പിനെ രൂക്ഷമായി വിമർശിച്ച  "മാധ്യമം' ദിനപത്രത്തിനും വാരികക്കും, കത്വ-ഉന്നാവ ഫണ്ട്‌ വിവാദത്തിൽ മൗനം.  ജമാഅത്തെ ഇസ്ലാമി-യുഡിഎഫ്‌ സഖ്യം തുടരുന്നതിന്റെ തെളിവാണ്‌  മാധ്യമത്തിന്റെ ഈ ഒളിച്ചോട്ടം.  തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ തിരിച്ചടിയാകുമെന്നതിനാൽ വിവാദം ഏറ്റുപിടിക്കേണ്ടതില്ലെന്നാണ്‌ ജമാഅത്തെ നേതൃത്വം മുഖപത്രത്തിന്റെ ചുമതലക്കാർക്ക്‌ നൽകിയ നിർദേശം.

മുസ്ലിംലീഗിലും യൂത്ത്‌ ലീഗിലും വിവിധ കാലങ്ങളിൽ ഉയർന്ന ഫണ്ട്‌ വിവാദത്തെ ഗൗരവമായി ഏറ്റെടുത്ത പത്രമാണ്‌ മാധ്യമം. വാരികയിൽ ലേഖന പരമ്പരകളും നൽകി. ഗുജറാത്ത്‌ ഫണ്ട്‌ വെട്ടിപ്പ്‌ വിവാദത്തെ തുടർന്ന്‌ യൂത്ത്‌ലീഗ്‌ അഹമ്മദബാദിൽ നിർമിച്ചതായി അവകാശപ്പെട്ട വീടുകളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നതും മാധ്യമമാണ്‌. അഹമ്മദബാദ്‌ മുനിസിപ്പാലിറ്റിയിൽ ലീഗ്‌ നിർമിച്ചുനൽകിയ വീടുകൾക്ക്‌ ഉടമസ്ഥാവകാശം കൊടുത്തിരുന്നില്ല.  മാലിന്യക്കൂമ്പാരമായ സ്ഥലം‌ തുച്ഛവിലയ്‌ക്ക്‌ വാങ്ങിയാണ്‌ വാസയോഗ്യമല്ലാത്തിടത്ത്‌ വീടുകൾ നിർമിച്ചത്‌

എന്നാൽ, കത്വ-ഉന്നാവ ഫണ്ട്‌ പിരിവുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ലീഗ്‌ ദേശീയ സമിതിഅംഗം യൂസഫ്‌ പടനിലത്തിന്റെ ആരോപണം മാധ്യമം പത്രം മൂടിവച്ചു. യൂത്ത്‌ലീഗ്‌ ഭാരവാഹികളുടെ മറുപടികൾക്ക്‌ അമിത പ്രാധാന്യം നൽകി വിവാദം അവസാനിപ്പിക്കാൻ കിണഞ്ഞ്‌ ശ്രമിക്കുന്നുമുണ്ട്‌.