k-sudhakaran-congress-caste-humiliation

സുധാകരന്റെ ജാതി പരാമർശം: കനലായി നീറുമെന്ന ഭീതിയിൽ കോൺഗ്രസ്‌

Sunday Feb 7, 2021

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ ‘ചെത്തുകാരന്റെ മകൻ’ പ്രയോഗത്തെ  ന്യായീകരിക്കാൻ വിചിത്രമായ വാദമുഖങ്ങൾ നിരത്തുമ്പോഴും അഴിയാകുരുക്കെന്ന അങ്കലാപ്പിൽ കോൺഗ്രസ്‌ നേതൃത്വം. സുധാകരന്റേത്‌ അന്തസ്സുകെട്ട പരാമർശമാണെന്ന വികാരം പൊതുസമൂഹത്തിൽ ശക്തിപ്പെടുന്നതാണ്‌ കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്‌.

ചെത്തുകാരന്റെ മകനാണെന്നതിൽ അഭിമാനം മാത്രമേയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും കോൺഗ്രസ്‌  നേതാക്കളെ വെട്ടിലാക്കി. ‘ചെത്തുകാരന്റെ മകൻ’ എന്ന്‌ വിളിച്ച്‌   ആക്ഷേപിച്ചതായി കരുതുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി  കെ സുധാകരനൊപ്പം അദ്ദേഹത്തെ ന്യായീകരിച്ച ചെന്നിത്തലയടക്കമുള്ളവർക്ക്‌ കുറിക്ക്‌ കൊണ്ടു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം  കനലായി സമൂഹത്തിൽ നിൽക്കുന്നുണ്ടെന്ന ഭയവും കോൺഗ്രസിനുണ്ട്‌.

കെ സുധാകരനെ ആദ്യം തള്ളിയ  നേതാക്കൾ ഒറ്റരാത്രികൊണ്ട്‌ മലക്കം മറിഞ്ഞത്‌ കോൺഗ്രസ്‌ ഗ്രൂപ്പുകളിൽ പുതിയ ധ്രുവീകരണത്തിനും‌ വഴിതുറന്നിട്ടുണ്ട്‌. സുധാകരൻ കോൺഗ്രസിന്‌ മുതൽക്കൂട്ടാണെന്ന ചെന്നിത്തലയുടെ പ്രതികരണം കടന്നുപോയെന്ന  വികാരം ഐ ഗ്രൂപ്പിൽ ശക്തമാണ്‌. കെ സുധാകരന്റെ വിദ്വേഷ രാഷ്‌ട്രീയം തന്നെയാണ്‌ വിവാദ പ്രസ്‌താവനയുടെ കാതൽ. അതിന്‌ അതേ നാണയത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമെന്ന കണക്കുകൂട്ടലിലായിരുന്നു കോൺഗ്രസ്‌ നേതൃത്വം. കെ സുധാകരനെ ആവേശപൂർവം ന്യായീകരിച്ചതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.  
ബിജെപിയോടുള്ള കെ സുധാകരന്റെ കറകളഞ്ഞ ആഭിമുഖ്യമാണ്‌ കെ സി വേണുഗോപാൽ അടക്കമുള്ളവർ പിന്തുണച്ച്‌ രംഗത്ത്‌ വരാനുള്ള കാരണം. കെപിസിസി പ്രസിഡന്റ്‌ മോഹം നുള്ളിയതിന്റെ പേരിൽ നേതൃത്വത്തോട്‌ ഒടുങ്ങാത്ത പകയാണ്‌ സുധാകരന്‌. എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നീക്കമാണ്‌ ഏറ്റവും ഒടുവിൽ സുധാകരന്റെ നീക്കത്തിന്‌ വിലങ്ങുതടിയായത്‌. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ താഴെ ഇറക്കണമെന്ന നിലപാടിലാണ്‌ കെ സുധാകരൻ. മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ രാജിവയ്‌പിച്ച്‌ പദവി ഏറ്റെടുക്കാമെന്നായിരുന്നു കരുതിയത്‌. ഈ നീക്കത്തിന്‌ ആപ്പുവച്ചത്‌ കെ സി വേണുഗോപാൽ ആണെന്ന നിലപാടിലാണ്‌ സുധാകരൻ.

ചെന്നിത്തലയടക്കം കൂട്ടത്തോടെ തള്ളിപ്പറഞ്ഞപ്പോൾ  കെ സുധാകരൻ പൊട്ടിത്തെറിച്ച്‌ രംഗത്ത്‌ വരുമെന്നും അത്‌ ബിജെപിയിലേക്കുള്ള കൂടുമാറ്റം എളുപ്പമാക്കുമെന്നാണ്‌ ഒരുവിഭാഗം കരുതിയത്‌.
ഈ അപകടം തിരിച്ചറിഞ്ഞതോടെയാണ്‌ രായ്‌ക്കുരാമാനം ചെന്നിത്തലയും മുല്ലപ്പള്ളിയും കെ സി വേണുഗോപാലും പിന്തുണയ്‌ക്കാൻ നിർബന്ധിതരായത്‌. കെ സുധാകരന്റെ അധിക്ഷേപത്തെ അനുകൂലിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രംഗത്തുവന്നതിന്റെ പൊരുളും യുഡിഎഫ്‌ തിരിച്ചറിയുന്നുണ്ട്‌.