സോളാർ ‘സജീവ’മാക്കി ചെന്നിത്തലയുടെ കേരള യാത്ര ; അനവസരത്തിൽ കയറിയുള്ള കളിയെന്ന് ചില നേതാക്കൾ
Tuesday Feb 9, 2021
പാലക്കാട് > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യകേരള യാത്ര'യിൽ ‘സോളാറി'നെ ഓർമിപ്പിച്ച് കലാജാഥ. എൽഡിഎഫിനെതിരെ അവതരിപ്പിക്കുന്ന കലാജാഥയിൽ തന്ത്രപൂർവം ‘സോളാർ അഴിമതി’യും ഉൾപ്പെടുത്തിയിരിക്കുകയാണ്. സോളാർ എങ്ങനെയൊക്കെ ചർച്ച വന്നാലും ആത്യന്തികമായി ഉമ്മൻചാണ്ടിക്കാണ് ക്ഷീണം സംഭവിക്കുകയെന്നറിയാവുന്ന ചിലരാണ് ഇതിന് പിന്നിലെന്ന് പറയുന്നു. ചെന്നിത്തലയുടെ അംഗീകാരത്തോടെ തീരുമാനിച്ച സ്ക്രിപ്റ്റാണിത്. ജാഥയ്ക്ക് മുന്നോടിയായാണ് കലാജാഥ സ്വീകരണ സ്ഥലത്തെത്തുന്നത്. ‘സോളാർ' എന്ന് എഴുതിയ ബോർഡും കലാകാരന്മാർ പ്രദർശിപ്പിക്കുന്നു.
കേസ് സിബിഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയെന്ന് തോന്നിപ്പിക്കും വിധമാണ് അവതരണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയായ സോളാർ കേസ് ഇത്തവണയും എൽഡിഎഫിന്റെ പിടിവള്ളിയാണെന്ന് കലാജാഥ വിളിച്ചു പറയുന്നു. എന്നാൽ, ചെന്നിത്തലയുടെ ലക്ഷ്യം ഉമ്മൻചാണ്ടിയാണെന്ന് ആർക്കും ബോധ്യമാകുന്നതാണ് അനവസരത്തിൽ കയറിയുള്ള ‘സോളാർ’ കളിയെന്ന് ചില കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
ഐശ്വര്യകേരള യാത്രയിൽ ‘സോളാർ’ വിഷയം പറയുന്നത് പരോക്ഷമായി ഉമ്മൻചാണ്ടിക്ക് തിരിച്ചടിയാകുന്നതായി ഇവർ പാർടിയിൽ ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്കരിച്ചതിനുപിന്നിൽ ഭരണകാലത്തെ പിൻവാതിൽനിയമനവും കാരണമായെന്ന ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണം പല കോൺഗ്രസ് നേതാക്കളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.
കേരളയാത്രയ്ക്കിടയിലും സുധാകരനായി ഫ്ലക്സ്
രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരളയാത്ര’യ്ക്കിടയിലും കെ സുധാകരൻ ‘ഫാൻസി’ന്റെ ഫ്ലക്സ് ക്യാമ്പയിൻ. തരൂർ നിയമസഭാ മണ്ഡലത്തിലെ കോട്ടായിയിലെ സ്വീകരണ കേന്ദ്രത്തോട് ചേർന്നാണ് ‘കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നെഴുതിയ ബോർഡ് ഉയർന്നത്. സുധാകരനൊപ്പം പെരിങ്ങോട്ടുകുറുശിയിലെ മുതിർന്ന നേതാവ് എ വി ഗോപിനാഥിന്റെ ചിത്രവും ഫ്ലക്സിലുണ്ട്. മുൻ ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ എ വി ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ തരൂർ മണ്ഡലം സ്വീകരണ യോഗത്തിൽനിന്ന് വിട്ടുനിന്നു. ഐശ്വര്യ കേരള യാത്രയിൽ ജില്ലയിൽ എവിടെയും താൻ പങ്കെടുത്തിട്ടില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു.