കാപ്പനെ വെട്ടി മുല്ലപ്പള്ളി ; സീറ്റ് വിഭജനം പുതിയ തർക്കങ്ങളിലേക്ക്
Monday Feb 15, 2021
കെ ശ്രീകണ‌്ഠൻ
തിരുവനന്തപുരം
കൂടുതൽ സീറ്റിന് മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫും ഒപ്പം പുതിയ പാർടിയെന്ന് അവകാശപ്പെട്ട് മാണി സി കാപ്പനും രംഗത്തിറങ്ങിയതോടെ, യുഡിഎഫിലെ സീറ്റ് വിഭജനം പുതിയ തർക്കങ്ങളിലേക്ക്. പുത്തൻകൂറ്റുകാരനായ മാണി സി കാപ്പനെ ഘടകകക്ഷിയാക്കാൻ ഹൈക്കമാൻഡ് അനുമതി വേണമെന്ന് ഉപാധി വച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിലയുറപ്പിച്ചതും പുതിയ വെല്ലുവിളിയായി. തലയെടുപ്പുള്ള ആനയോട് കാപ്പനെ കുഞ്ഞാലിക്കുട്ടി ഉപമിച്ചെങ്കിലും മുല്ലപ്പള്ളിയുടെ കടുംപിടിത്തം എങ്ങനെ അവസാനിക്കുമെന്ന് കണ്ടറിയണം.
35 സീറ്റ് വേണമെന്നാണ് ലീഗ് ആവശ്യം. 13ൽ കുറഞ്ഞ പരിപാടിക്ക് ജോസഫും തയ്യാറല്ല. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച ലീഗിന് രണ്ട് സീറ്റ് അധികം നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിലെ ധാരണ. ലീഗ് ഇടഞ്ഞാൽ ഒരു സീറ്റ് കൂടി മുന്നോട്ടുവയ്‌ക്കും. 28 സീറ്റ് തങ്ങൾക്കും രണ്ടിടത്ത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവർക്കായി പൊതുസ്വതന്ത്രനെയും നിർത്തണമെന്ന തീരുമാനത്തിലാണ് ലീഗ് നേതൃത്വം. ചെന്നിത്തലയുടെ ജാഥയ്‌ക്കിടയിൽ കോഴിക്കോട്ടും മലപ്പുറത്തും വച്ച് ലീഗും കോൺഗ്രസും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാപ്പൻ പെട്ടു
ചെന്നിത്തലയും ഉമ്മൻചാണ്ടിയും കാപ്പനെ കൈകൊടുത്ത് ആനയിച്ചെങ്കിലും ഘടകകക്ഷിയാക്കാൻ പറ്റില്ലെന്ന വാശിയിൽ തന്നെയാണ് മുല്ലപ്പള്ളി. കാപ്പന് മൂന്ന് സീറ്റ് നൽകാമെന്ന് ആരെങ്കിലും സമ്മതം മൂളിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കാപ്പനൊപ്പം ആരൊക്കെയുണ്ടെന്ന് നോക്കിയശേഷം മതി മറ്റുതീരുമാനങ്ങളെന്നാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിലുള്ള ധാരണ.
ഇരുട്ടിവെളുത്തപ്പോഴുള്ള ഈ മലക്കംമറിച്ചിലിൽ ശരിക്കും പെട്ടത് കാപ്പനാണ്. കാപ്പനെ സ്വീകരിച്ച യോഗത്തിൽ വാചാലനായ കുഞ്ഞാലിക്കുട്ടിയാകട്ടെ മറ്റുകാര്യങ്ങളിൽ തലയിടാൻ തയ്യാറായിട്ടില്ല. കൈപ്പത്തി ചിഹ്‌നത്തിൽ പാലായിൽ മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ നിലപാടിനാണ് മുൻതൂക്കമെങ്കിൽ കാപ്പൻ പരുങ്ങലിലാകും.
പാല കാപ്പന് നൽകാൻ തീരുമാനിച്ചതോടെ ജോസഫ് ഗ്രൂപ്പിന്റെ വിഹിതത്തിൽ ഒന്ന് കുറഞ്ഞു. പാല ഉൾപ്പെടെ 13 സീറ്റ് കിട്ടുമെന്നാണ് പി ജെ ജോസഫിന്റെ പ്രതീക്ഷ. കേരള കോൺഗ്രസിന് എൽഡിഎഫ് എത്ര സീറ്റ് നൽകുമെന്ന് അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങളെന്നാണ് ജോസഫിന് കോൺഗ്രസ് നൽകിയ സൂചന. സീറ്റ് തട്ടിയെടുക്കാനുള്ള തന്ത്രമായാണ് ജോസഫ് ഗ്രൂപ്പ് ഇതിനെ കാണുന്നത്.
പരിഗണനയില്ലാതെ
ആർഎസ്‌പിയും
ജോണും
ആർഎസ്‌പി, സി പി ജോൺ എന്നിവയുടെ അവകാശവാദം കോൺഗ്രസും ലീഗും മുഖവിലയ്‌ക്ക് എടുത്തിട്ടില്ല. സീറ്റ് വച്ചുമാറണമെന്ന ആർഎസ്‌പിയുടെ ആവശ്യവും അംഗീകരിക്കില്ല. ചെന്നിത്തലയുടെ ജാഥ തീരുന്ന മുറയ്‌ക്ക് യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നായിരുന്നു അവകാശപ്പെട്ടത്. ഇനി ജാഥ കഴിഞ്ഞ് കാണാമെന്നാണ് ധാരണ.
ഒന്നിലധികം സീറ്റ്
ആലോചിച്ചിട്ടില്ല: ചെന്നിത്തല
മാണി സി കാപ്പനും കൂടെയുള്ളവർക്കും ഒന്നിലധികം സീറ്റ് കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി സി ജോർജിനെ എടുക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല. ജില്ലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് വേണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കോട്ടയം ഡിസിസി കത്തയച്ചതിൽ അപാകതയില്ല. കൂടുതൽ സീറ്റ് വേണമെന്ന് എല്ലാ പാർടികളും ആവശ്യപ്പെടാറുണ്ട്. അത് പരിശോധിച്ച് പരിഗണിക്കും. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.