മെയ്‌ മുതൽ സബ്‌സിഡിയില്ല

9 മാസം ; കൂട്ടിയത് 190 രൂപ ; 2020 മെയ്‌ 31 - 588.5 2021 ഫെബ്രുവരി 15 - 778.5

Tuesday Feb 16, 2021

മഹാമാരിക്കാലത്തു 
പോലും ആശ്വാസ നടപടികളില്ല.  
കേന്ദ്രസർക്കാർ 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനുദിനം 
വർധിപ്പിക്കുന്നു‌. 
ഒമ്പതുമാസത്തിനിടെ 
പാചകവാതകത്തിന്‌ 
കൂട്ടിയത്‌ 190 രൂപ. 
ഡിസംബറിൽ മാത്രം രണ്ടു തവണയായി 100 രൂപ 
കൂട്ടി. കഴിഞ്ഞ 
ദിവസം 50 രൂപയും. 
പാചകവാതക അടുപ്പ്‌ കത്തിക്കുമ്പോഴല്ല, 
വില കേൾക്കുമ്പോൾ വീട്ടമ്മമാരുടെ നെഞ്ചിലാണ്‌ 
തീ പടരുന്നത്‌

മെയ്‌ മുതൽ സബ്‌സിഡിയില്ല
പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ മെയ്‌  മുതൽ കിട്ടുന്നില്ല. പ്രതിഷേധമുയർന്നിട്ടും ആദ്യമൊന്നും അധികൃതർ പ്രതികരിച്ചില്ല. 
     സെപ്‌തംബറിൽ വില 594 ആയി കുറഞ്ഞതോടെ സർക്കാർ വിചിത്രമായ വിശദീകരണം നൽകി. സബ്‌സിഡി സിലിൻഡറിന്റെയും സബ്‌സിഡിരഹിത സിലിൻഡറിന്റെയും വില തുല്യമായെന്നും, സബ്‌സിഡിയുടെ ആവശ്യം ഇനിയില്ലെന്നുമായിരുന്നു വാദം. പിന്നീട്‌ സിലിൻഡറിനു 175 രൂപ വർധിച്ചെങ്കിലും സബ്‌സിഡി പുനഃസ്ഥാപിച്ചിട്ടില്ല. 
    വില കുറഞ്ഞ അവസരം മുതലെടുത്ത്‌ സബ്‌സിഡി എന്ന പരിപാടി തന്നെ അവസാനിപ്പിക്കുകയാണ്‌ മോഡി സർക്കാർ  ചെയ്‌തത്‌.

പരിഷ്‌കാരത്തിന്‌ തുടക്കമിട്ടത്‌ കോൺഗ്രസ്‌
കോൺഗ്രസ്‌ ഭരണകാലത്താണ്‌ സബ്‌സിഡി തുക നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പരിഷ്‌കാരം തുടങ്ങിയത്‌. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ടുകളിൽ സബ്‌സിഡി തുക നിക്ഷേപിക്കുന്ന പരിഷ്‌കാരത്തിന്റെ പ്രയോജനം കിട്ടിയത്‌ എണ്ണ കമ്പനികൾക്ക്‌. മോഡിസർക്കാർ വന്നതോടെ സബ്‌സിഡി ലഭിക്കുന്നവരുടെ എണ്ണവും കുത്തനെ വെട്ടിക്കുറച്ചിരുന്നു.

വില 
നിശ്ചയിക്കുന്നത്‌
ഓയിൽ മാർക്കറ്റിങ്‌‌ കമ്പനീസ്‌ (ഒഎംസി) എന്നറിയപ്പെടുന്ന സമിതിയാണ്‌ പാചകവാതകത്തിന്റെയടക്കം വില നിശ്‌ചയിക്കുന്നത്‌. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത്‌ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനി പ്രതിനിധികളാണ്‌ ഇതിലുള്ളത്‌. കേന്ദ്രസർക്കാരിന്‌ എപ്പോൾ വേണമെങ്കിലും ഇടപെട്ട്‌ വില നിയന്ത്രിക്കാം.

ലോക്‌ഡൗൺ കാലത്ത്‌ പ്രതിഷേധം ഭയന്ന്‌ കേന്ദ്രസർക്കാർ ഇടപെട്ട്‌ വില വർധനയുടെ ആഘാതം പിടിച്ചു നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, തുടർന്ന്‌ അതുകൂടി ഉപഭോക്താക്കളിൽനിന്ന്‌ പിഴിഞ്ഞെടുക്കുന്ന നടപടിയാണ്‌ സ്വീകരിച്ചത്‌. അതേസമയം, തീരുവ ഇനത്തിൽ മാത്രം രണ്ടു ലക്ഷം കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ ലോക്‌ഡൗൺ കാലത്ത്‌ അധികമായി ലഭിച്ചത്‌.

പേടിപ്പിച്ച്‌   
വാട്‌സാപ്‌ മെസേജ്‌
വീട്ടമ്മമാർ ഇപ്പോൾ വാട്‌സാപ്‌ മെസേജ്‌ ശബ്ദം കേട്ടാൽ പേടിക്കുകയാണ്‌. പ്രത്യേകിച്ചും അർധരാത്രിയിൽ. പെട്രോളിന്റെയോ പാചക വാതകത്തിന്റെയോ വില ട്രോളോ വാർത്തയോ ആകും അതെന്നറിയാം. അമ്പതോ നൂറോ എന്ന ആശങ്കമാത്രം.

കോവിഡ്‌ 19 കാലത്ത്‌ കേരളത്തിൽ ജനങ്ങൾക്ക്‌ പരമാവധി ആശ്വാസമെത്തിക്കുന്ന നടപടികളാണ്‌ സ്വീകരിക്കുന്നത്‌. അതേസമയം, കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പാചകവാതകത്തിനും വില അടിക്കടി വർധിപ്പിക്കുകയാണ്‌. ഈ വിലവർധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ കേരളത്തെയാണ്‌.

നിത്യോപയോഗ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നതിനാൽ സ്വാഭാവികമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ കേരളത്തെയാണ്‌.