ആരും മറന്നിട്ടില്ല ആ നിയമന നിരോധനകാലം
Tuesday Feb 16, 2021
തിരുവനന്തപുരം
നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും നയമാക്കിയ യുഡിഎഫാണ് 44,000 തസ്തിക സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിനെതിരെ സമരത്തിന് നേതൃത്വം നൽകുന്നത്. എൺപതിനായിരം തസ്തിക അധികമാണെന്ന് ‘കണ്ടെത്തി’ കുപ്രസിദ്ധമായ തസ്തിക വെട്ടിക്കുറയ്ക്കലിനും നിയമനനിരോധനത്തിനും തുടക്കമിട്ടത് 2001ൽ അധികാരത്തിലെത്തിയ എ കെ ആന്റണി സർക്കാരാണ്. 2001–2006ൽ സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 34,087 തസ്തിക ഇല്ലാതാക്കി. സംസ്ഥാന സർവീസിൽമാത്രം 13,767 തസ്തിക വെട്ടിക്കുറച്ചു.
എയ്‌ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലും തസ്തിക സൃഷ്ടിക്കുന്നത് വിലക്കി. ഇതോടെ റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയായി. 2004ൽ ആന്റണി രാജിവച്ചശേഷം മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയും ഇതേ നയമാണ് തുടർന്നത്. സർക്കാർ സർവീസിൽ പതിനയ്യായിരത്തിലധികം തസ്തിക ഇല്ലാതാക്കിയത് ഇക്കാലത്താണ്. വാട്ടർ അതോറിറ്റി, ജലസേചനം, ഭൂഗർഭജലം, ലാൻഡ് റവന്യൂ, ഇക്കണോമികസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, വനം, സർവേ ലാൻഡ് റെക്കോഡ്സ് വകുപ്പുകളിൽ നൂറുകണക്കിന് തസ്തിക ഇല്ലാതാക്കി. എൽഡി ക്ലർക്ക്, ലാസ്റ്റ്ഗ്രേഡ്, പൊലീസ് കോൺസ്‌റ്റബിൾ, അധ്യാപക നിയമനങ്ങളും കുറഞ്ഞു. 2000 പേരുള്ള എൽഡിസി ലിസ്റ്റിൽനിന്ന് നൂറിൽപ്പരം പേർക്ക് മാത്രമാണ് നിയമനം നൽകിയത്.
അഡ്വൈസ് മെമ്മോ നൽകി 45 ദിവസത്തിനകം നിയമനം നൽകണമെന്ന വ്യവസ്ഥയും യുഡിഎഫ് ഭരണത്തിൽ കാറ്റിൽപ്പറത്തി. കെഎസ്ആർടിസിയിലെ കണ്ടക്ടർ തസ്തികയിലേക്ക് അഡ്വൈസ് ലഭിച്ച ഉദ്യോഗാർഥികൾക്ക് എൽഡിഎഫ് അധികാരത്തിലെത്തിയശേഷമാണ് നിയമനം നൽകിയത്. 2006ൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് നിയമന നിരോധനം നീക്കിയത്.