കോൺഗ്രസ് ടു ബിജെപി ; ജംബടാ... ജംബ്... ചാടിയ എംഎൽഎ മാർ 100 കഴിഞ്ഞു
Tuesday Feb 16, 2021
പ്രതിപക്ഷ നേതാവായിരുന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയിൽനിന്ന് വിടവാങ്ങിയ നിമിഷം മുതൽ രാജ്യത്തെ ചർച്ച ഇദ്ദേഹം ബിജെപിയിൽ ചേർന്ന് കശ്‌മീർ മുഖ്യമന്ത്രിയാകുമോ എന്നായിരുന്നു. ജനങ്ങളുടെ സംശയം വല്ലാതെ പെരുത്തപ്പോൾ അദ്ദേഹം നയം വ്യക്തമാക്കി.
ഒരാളുടെയും പ്രേരണയില്ലാതെ ജനം ഗുലാംനബിയെപോലൊരാളെ പോലും സംശയിച്ചത് എന്തുകൊണ്ടായിരിക്കും ? സമീപകാലത്ത് ഒട്ടേറെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരം തളികയിൽവച്ച് നീട്ടിയത് കോൺഗ്രസ് എംഎൽഎമാർ. ബിജെപിക്ക് എതിരായി മതനിരപേക്ഷ ചിന്തയോടെ ജനം വോട്ട് ചെയ്തിടങ്ങളിൽപ്പോലും കോൺഗ്രസായി ജയിച്ച് വർഗീയ ശക്തികളോടൊപ്പം ചേർന്നു. ബിജെപിക്ക് കാലുകുത്താൻ പറ്റാത്ത ത്രിപുര നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാർ കൂറുമാറി എത്തിയതാണ് വർഗീയ ചേരിതിരിവിന് അവസരമായത്.
കേരളത്തിലും അതിനുള്ള സാധ്യത ഒട്ടും കുറവല്ല. കെ സുധാകരനടക്കമുള്ള നേതാക്കളുടെ പകുതി കാല് ബിജെപിയിലാണ്.
ഒരവസരം വന്നാൽ ബിജെപിയിലേക്ക് ചേക്കേറാൻ മടിയില്ലാത്ത എത്ര കോൺഗ്രസ് നേതാക്കൾ കാണും ? ഇന്ത്യയിലെ മറ്റ് നിയമസഭകൾ പറയട്ടെ
പുതുച്ചേരിയിലും കോൺഗ്രസ് ചാട്ടം
പി ദിനേശൻ
ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാൻ നിഷ്‌പ്രയാസം സാധിക്കുമെന്ന് തെളിവായി പുതുച്ചേരിയും. ബുധനാഴ്‌ച പുതുച്ചേരിയിലെത്തുന്ന രാഹുൽഗാന്ധിക്ക് സമ്മാനമായി എംഎൽഎയായ ജോൺകുമാറും രാജിവെച്ച് ബിജെപിയിലെത്തി.
പിസിസി മുൻ അധ്യക്ഷനും പൊതുമരാമത്ത്‌മന്ത്രിയുമായ എ നമ:ശിവായം, എംഎൽഎ ദീപൈന്തൻ എന്നിവരെ അടർത്തിയെടുത്തായിരുന്നു ബിജെപിയുടെ ആദ്യ അടി. മന്ത്രി മല്ലാടി കൃഷ്‌ണറാവു കൂടി രാജിക്കത്ത് നൽകിയതോടെ സർക്കാർ അനിശ്‌ചിതത്വത്തിലായി. ആദ്യം അട്ടിമറിക്കാൻ ശ്രമിച്ച ബാഹൂർ എംഎൽഎ ധനവേലുവിനെ സ്‌പീക്കർ അയോഗ്യനാക്കിയിരുന്നു.
കോൺഗ്രസ്–-ഡിഎംകെ സഖ്യത്തിൽ 13 എംഎൽഎമാരാണുള്ളത്. മാഹിയിൽ നിന്നുള്ള എൽഡിഎഫ് സ്വതന്ത്രൻ ഡോ. വി രാമചന്ദ്രന്റെ പിന്തുണയുമുണ്ട്. എൻആർകോൺഗ്രസ്–-എഐഎഡിഎംകെ–-ബിജെപി സഖ്യത്തിനും 14 അംഗങ്ങളുണ്ട്.
15 അംഗങ്ങളുമായി ഒറ്റക്ക് അധികാരത്തിലെത്തിയ കോൺഗ്രസിന്റെ പതനം കുതിരക്കച്ചവട വിജയംകൂടിയാണ്. നാല് വർഷം മുമ്പ് അമിത്‌ഷാ പുതുച്ചേരിയിൽ പ്രഖ്യാപിച്ചതാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ നടപ്പാക്കിയത്. കേന്ദ്ര ഏജൻസികളും പണവും ‘ഓപ്പറേഷൻ താമരക്ക്’ കൂട്ടായി.
ബിജെപിക്കെതിരായ രാഷ്‌ട്രീയപോരാട്ടത്തിൽ വിശ്വസിക്കാനാവുന്നത് ഇടതുപക്ഷത്തെ മാത്രമെന്നും പുതുച്ചേരി തെളിയിച്ചു. എൽഡിഎഫ് സ്വതന്ത്രൻ വി രാമചന്ദ്രന് മന്ത്രിസ്ഥാനമടക്കമുള്ള വലിയ ഓഫർ ഉണ്ടായിട്ടും ഉറച്ചുനിന്നു. ആ പിന്തുണയിലാണ് തിങ്കളാഴ്‌ച വരെ മന്ത്രിസഭ നിലനിന്നത്. കോൺഗ്രസ് തോറ്റാൽ അണികൾ ബിജെപിയിലെത്തുമെന്ന ആശങ്ക വിതക്കുന്ന മുസ്ലിംലീഗുകാർക്കുള്ള മറുപടിയാണ് പുതുച്ചേരി. ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി വൈദ്യലിംഗം രാജിവെച്ച ഒഴിവിൽ നിന്ന് എംഎൽഎയായ ജോൺകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്‌ടറേറ്റ് വഴി കുടുക്കുകയായിരുന്നു.
ഒറ്റനമ്പർലോട്ടറിയും കുടുംബട്രസ്‌റ്റും വിദേശഫണ്ടും അവിഹിത സ്വത്തുമാണ് ജോൺകുമാറിന് വിനയായത്.
ബിജെപിയിലെത്തിയതോടെ ജോൺകുമാർ ഇഡി ഭീഷണിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
കർണാടകത്തിൽ
5 പേർ കൂടി ചാട്ടത്തിന്
കർണാടകയിൽ കുമാരസ്വാമി ഗവൺമെന്റിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ 12 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി മന്ത്രിയായ രമേഷ് ജർകിഹോളി കഴിഞ്ഞദിവസം പറഞ്ഞത് അഞ്ച് കോൺഗ്രസ് എംഎൽഎമാർ കൂടി ഉടൻ ബിജെപിയിലെത്തുമെന്നാണ്. മധ്യപ്രദേശിൽ 6 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 22 എംഎൽഎമാരാണ് കമൽനാഥ് മന്ത്രിസഭ മറിച്ചിട്ട് ബിജെപിയിലെത്തിയത്. ബിജെപി മന്ത്രിസഭ രൂപീകരിച്ചശേഷവും മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂട്ടരും കലാപക്കൊടി ഉയർത്തിയെങ്കിലും ബിജെപി പച്ചക്കൊടി കാണിച്ചിട്ടില്ല.
മുൻ മുഖ്യമന്ത്രിമാർ
മുതൽ
മുൻ മുഖ്യമന്ത്രിമാരായ എസ‌് എം
കൃഷ‌്ണ, വിജയ‌് ബഹുഗുണ, ജഗദാംബികാ പാൽ, എൻ ഡി തിവാരി, ഗിരിധർ ഗമാങ് എന്നിവർ നേരത്തെ ബിജെപിയിലേക്ക‌് പോയി. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ മന്ത്രി.
■ എ കെ ആന്റണിക്കുകീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത‌് സിങ‌് മോഡി മന്ത്രിസഭയിൽ
■ ഗുജറാത്തിൽ മുതിർന്ന കോൺഗ്രസ‌് എംഎൽഎ ജവഹർ ചാവ‌്ദ ബിജെപിയിൽ ചേർന്ന് അടുത്ത ദിവസംതന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
■ ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ‌് ബഹുഗുണയടക്കം ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറി കോൺഗ്രസ‌് മന്ത്രിസഭ മറിച്ചിട്ടു