കേന്ദ്രവും നിയമനത്തിന്‌ ലോക്കിട്ടു

അഞ്ച്‌ വർഷം ഒറ്റ നിയമനംപോലുമില്ല! കോൺഗ്രസുകാരുടെ സ്വന്തം 
പുതുച്ചേരീ ഡാ...

Wednesday Feb 17, 2021


തലശേരി
അഞ്ച്‌ വർഷം ഒരു സ്ഥിരനിയമനവും നടക്കാത്ത സംസ്ഥാനമോ? അങ്ങനെയൊരു സംസ്ഥാനവുമുണ്ട്‌ രാജ്യത്ത്‌. കോൺഗ്രസ്‌ ഭരിക്കുന്ന, ബിജെപി നോമിനിയായ ലെഫ്‌. ഗവർണർ നിയന്ത്രിക്കുന്ന പുതുച്ചേരിയാണ്‌ നിയമനം മരവിപ്പിച്ച്‌ റെക്കോഡിട്ടത്‌. പുതുച്ചേരി സംസ്ഥാനത്ത്‌ 9600 ഒഴിവുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ആകെയുള്ള തസ്‌തികയുടെ മൂന്നിലൊന്ന്‌ വരുമിത്‌. കേരളത്തിലുള്ള മാഹിയിലുമുണ്ട് 672 ഒഴിവ്‌. 2015ലാണ്‌ എഴുത്തുപരീക്ഷ നടത്തി എൽഡിസി, യുഡിസി തസ്‌തികയിൽ ഒടുവിൽ നിയമനം നടത്തിയത്‌‌. കോൺഗ്രസ്‌ അധികാരമേറ്റതോടെ എല്ലാം അവസാനിച്ചു.

ജീവനക്കാരില്ല, 
ഓഫീസ്‌ അടച്ചു
ജീവനക്കാരില്ലാതെ  ഗവ. ഓഫീസുകൾ അടച്ചുപൂട്ടുകയെന്ന്‌ കേട്ടാൽ അദ്‌ഭുതം തോന്നില്ലേ. മാഹിയിൽ മാത്രം മൂന്ന്‌ ഓഫീസിന്‌ താഴുവീണു.  ജില്ലാ വ്യവസായകേന്ദ്രവും സെൻസസ്‌ ഓഫീസും മാഹി വുമൺലേബർ ഓഫീസുമാണ്‌ ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം നിർത്തിയത്‌. പൂട്ടിയ ജില്ലാ വ്യവസായകേന്ദ്രത്തിൽ കാവലിന്‌ ഒരു വാച്ച്‌മാനുണ്ട്‌.

എല്ലാം പുറംകരാർ
വാച്ച്‌മാൻ, ഡ്രൈവർ, ശുചീകരണജോലിക്കാർ, വാർഡ്‌ അറ്റന്റർ തുടങ്ങിയ ഗ്രൂപ്പ്‌ ഡി തസ്‌തികകളെല്ലാം പുറംകരാറാണ്‌. നിർമാണ തൊഴിലിന്‌ ഇതരസംസ്ഥാനക്കാരെ സൈറ്റുകളിൽ ഇറക്കുന്നത്‌ പോലെ സ്വകാര്യകരാറുകാർ ജീവനക്കാരെ സപ്ലൈ ചെയ്യുന്നു. കരാറുകാരുടെ കമീഷനും കഴിച്ചാണ്‌ കൂലി. ആശുപത്രികളിലെ ശുചീകരണ ജോലിക്കാർക്ക്‌ ദിവസക്കൂലി കേവലം 200 രൂപ.

വിരമിച്ചവർക്ക്‌ 
കൺസൾട്ടന്റായി നിയമനം
കൺസൾട്ടന്റ്‌ എന്ന  പേരിലാണ്‌ വിരമിച്ചവരെ നിയമിക്കുന്നത്‌. യുഡിസി മുതൽ അണ്ടർ സെക്രട്ടറിവരെയുള്ള തസ്‌തികയിലായി ആയിരത്തോളം കൺസൾട്ടന്റുമാർ പുതുച്ചേരിയിലുണ്ട്‌. വിവിധ കോർപറേഷനുകളിലും ബോർഡുകളിലും സഹകരണ സൊസൈറ്റികളിലുമായി ജോലി ചെയ്യുന്നവരിൽ ആറ്‌ മുതൽ 70 മാസംവരെ ശമ്പളം ലഭിക്കാത്ത പതിനായിരത്തോളം പേരുണ്ട്‌.

കേന്ദ്രവും നിയമനത്തിന്‌ ലോക്കിട്ടു
കേന്ദ്രസർക്കാർ സർവീസിൽ നേരിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നികത്താതെ കിടക്കുന്നത്‌ ലക്ഷക്കണക്കിന്‌ ഒഴിവുകൾ. അതിവേഗം നിയമനം നടത്താവുന്ന പത്ത്‌ ലക്ഷം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. കർണാടകത്തിൽ മാത്രം ഇത്‌  2.64 ലക്ഷമാണ്‌.

കോൺഗ്രസ്‌  സർക്കാരുകൾ തുടർന്ന അതേവഴിയിലാണ്‌ ഇക്കാര്യത്തിൽ ബിജെപിയും‌.  ഗസറ്റഡ്‌ ഒഴികെയുള്ള എല്ലാ തസ്‌തികകളിലും കരാർനിയമനത്തിന്‌ വിടുകയാണ്‌‌. ഇപ്പോഴുള്ളവർ കൂടി വിരമിച്ചാൽ ക്ലറിക്കൽ, അസിസ്‌റ്റൻസ്‌ തസ്‌തികകൾ പൂർണമായും കരാറിലൊതുങ്ങും. 

പല ഓഫീസും പൂർണമായും സ്വകാര്യ ഏജൻസികൾക്ക്‌ കരാർ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടർന്ന്‌ റെയിൽവേയിൽ അടിയന്തരമായി നികത്തേണ്ട തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. അപ്പോഴാണ്‌ കോവിഡ്‌ 19 വന്നത്‌. ഇത്‌ അവസരമാക്കിയ കേന്ദ്രം എല്ലാ നിയമനവും നിർത്തിവച്ചു. മൂന്നു ലക്ഷം ഒഴിവുകളാണ്‌ റെയിൽവേയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്‌.  ദക്ഷിണ റെയിൽവേ ഓഫീസുകളിൽ മാത്രം 30,000 ഒഴിവുകളാണുള്ളത്‌. എന്നാൽ, കോവിഡ്‌ കാലത്തും കേരളത്തിൽ നിയമന രംഗത്ത്‌ വലിയ മുന്നേറ്റമാണ്‌ നടത്തിയത്‌.

ഇന്ത്യയിലെ വൻകിട തൊഴിൽദാതാക്കളായ ഇന്ത്യൻ റെയിൽവേയും പഞ്ചരത്ന കമ്പനികളടക്കം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുകയാണ്‌ കേന്ദ്രം. ഇതും സ്ഥിരം തൊഴിലെന്ന സ്വപ്നത്തിന്‌ വിലങ്ങിടുന്നു‌.
 പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ ‘കാര്യക്ഷമത’യെ ചോദ്യംചെയ്‌തു. സ്വകാര്യമേഖലയെ പ്രശംസിക്കുകയും ചെയ്‌തു. കേന്ദ്രസർവീസിൽ ജോയിന്റ്‌ സെക്രട്ടറി തലത്തിൽ കൺസൾട്ടന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചുതുടങ്ങിയിട്ടുണ്ട്‌.