കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുവിഹിതം കുത്തനെ കൂടി

യുഡിഎഫ്‌ കാലത്ത്‌ ബിജെപി കുതിച്ചു; എൽഡിഎഫ്‌ 
കാലത്ത്‌ തളർന്നു

Wednesday Feb 17, 2021


തിരുവനന്തപുരം
കേരളത്തിൽ കോൺഗ്രസ്‌ തളർന്നാൽ ബിജെപി വളരും എന്ന്‌ പ്രചരിപ്പിക്കുന്നവർ അറിയുക; കോൺഗ്രസ്‌ ഭരണത്തിൽ വന്നാലും ബിജെപി വോട്ടുവിഹിതം കുത്തനെ കൂടുന്നതാണ്‌ കേരളത്തിന്റെ അനുഭവം. അതേസമയം എൽഡിഎഫ്‌ ഭരിക്കുന്ന സമയത്ത്‌ വളർച്ച സ്‌തംഭിക്കുകയോ, ചില സമയത്ത്‌ ഇടിയുകയോ ചെയ്യുന്നുണ്ട്‌.

കഴിഞ്ഞ 15 വർഷത്തെ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം കൃത്യമായി വ്യക്തമാകും. ഉമ്മൻചാണ്ടി ഭരണത്തിലിരുന്ന 2011 മുതൽ 2016 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുവിഹിതം കുത്തനെയാണ്‌ കുതിച്ചുയർന്നത്‌. എൽഡിഎഫ്‌ കാലത്ത്‌ 2009ൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 7.44 ശതമാനം മാത്രമാണ്‌ ബിജെപിക്ക്‌ കിട്ടിയ വിഹിതം.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14. 96 ശതമാനമായി. പിന്നീടിത്‌ 15.64 ശതമാനം വരെയെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വ്യത്യാസം കാണാം. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിന്‌ മുമ്പ്‌ ഇടതുഭരണകാലത്ത്‌ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വിഹിതം കൂട്ടി 13.3 ശതമാനത്തിലെത്തിച്ചു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലിത്‌ 15 ശതമാനമായി. എന്നാലിത്‌‌ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാളും .64 ശതമാനം കുറഞ്ഞു.

2011 മുതൽ 2016 വരെയുള്ള യുഡിഎഫ്‌ ഭരണകാലത്ത്‌ ബിജെപി വോട്ടുവിഹിതം അഞ്ച്‌ ശതമാനം ഉയർന്നപ്പോൾ, ഇടതുഭരണത്തിൽ, അരശതമാനത്തിലധികം കുറയുന്ന കാഴ്‌ചയാണ്‌  കേരളം കണ്ടത്‌.