അന്ധകാരമൊഴിഞ്ഞ കാലത്തിന് കൈയടിക്കെടാ
Wednesday Feb 17, 2021
കൊച്ചി
‘കൈയടിക്കെടാ’ എന്ന് കമ്മട്ടിപ്പാടത്തെ ആവേശംകൊള്ളിച്ച ബാലൻ ചേട്ടനും കൈയടിക്കുകയാണ്. പൂർണാനദിയെയും കോണോത്തുപുഴയെയും ബന്ധിപ്പിച്ചൊഴുകുന്ന അന്ധകാരത്തോടിന്റെ കുളിരിൽ ഇങ്ങനെ മുങ്ങി നിവരുന്നത് തൃപ്പൂണിത്തുറക്കാരനായ നടൻ മണികണ്ഠൻ ആചാരിയുടെ സ്വപ്നത്തിൽപ്പോലും ഉണ്ടായിരുന്നില്ല. നാടിന്റെ ജീവവാഹിനിയായിരുന്നു ഈ ചെറുതോട്. പിന്നെ മാലിന്യമടിഞ്ഞ് അന്ധകാരത്തിലായി. ഒടുവിലിതാ ശാപമോക്ഷം. നാട് കൈകോർത്ത ഭഗീരഥ പ്രയത്നത്തിലൂടെ വീണ്ടെടുത്ത അന്ധകാരത്തോടിന്റെ പ്രൗഢിയിലേക്ക് കരണംമറിഞ്ഞ് ബാലൻ ചേട്ടൻ വിളിച്ചു പറയുന്നു, ‘കൈയടിക്കെടാ’...
‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന വിനയൻ ചിത്രത്തിൽ വേഷമിടാനുള്ള പരിശീലനത്തിലാണ് മണികണ്‌ഠൻ ആചാരി. ഈ മാസം 23ന് ഷോട്ടിന് ഒരുങ്ങാനുള്ള കുതിരസവാരി പരിശീലനം. രാവിലെ ആലുവയിൽ പരിശീലനം കഴിഞ്ഞു വരുന്നവഴി ക്രിക്കറ്റ് കളിക്കാനും മുങ്ങിക്കുളിക്കാനുമായി വാഹനം നിർത്തുന്നത് ഗാന്ധിസ്‌ക്വയറിനടുത്ത് ബൈപാസ് റോഡിൽ. കോട്ടപ്പുറത്തെ വെങ്കിടേശ്വര പബ്ലിക് സ്‌കൂളിന് പടിഞ്ഞാറുഭാഗത്ത് ഗ്രൗണ്ടിലാണ് കളി. ഗ്രൗണ്ടിന് തെക്കേ അതിരിൽ പൂർണാനദിയുമായി ചേരുന്ന ഭാഗത്താണ് അന്ധകാരത്തോട്. പരിചയക്കാരോടെല്ലാം മിണ്ടിയും പറഞ്ഞും അവിടേക്ക് പോകുംവഴി അന്ധകാരത്തോടിന്റെ പഴങ്കഥയിലേക്ക് ഒരു യു ടേൺ.
വെള്ളവും വഞ്ചിയും അന്ധകാരത്തോട്ടിൽ ഒഴുകിയിരുന്ന പഴയ കാലവും തനിക്ക് ഓർമയുണ്ടെന്ന് മണികണ്‌ഠൻ പറഞ്ഞു. കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങുമായിരുന്നു. അക്കാലം മാർക്കറ്റിലേക്ക് ചരക്കും കയറ്റിപ്പോകുന്ന വള്ളങ്ങൾ കാണാം. നഗരത്തിൽ ജനവാസം കൂടിയതോടെ തോട് മാലിന്യത്തൊട്ടിയായി. നീഴരൊഴുക്ക് നിലച്ചു. ദുർഗന്ധം നിറഞ്ഞു. തോട്ടിനുള്ളിൽനിന്ന് വൻമരങ്ങളും വളർന്നുപൊങ്ങി. കൈയേറ്റവും വർധിച്ചതോടെ തോട് നേർത്തു. അങ്ങനെ എത്രയോ വർഷം. അതിൽനിന്ന് അന്ധകാരത്തോടിന് ഇങ്ങനെയൊരു പുനർജന്മം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അദേദഹം പറഞ്ഞു.
പൂർണാനദിയുമായി ചേരുന്ന ഭാഗത്ത് തോടിന് ഇപ്പോൾ പുഴയുടെ വീതിയും ആഴവുമാണ്. മുമ്പ് ഒറ്റച്ചാട്ടത്തിൽ അക്കരെയിക്കരെ കടക്കാമായിരുന്നു. നവീകരണത്തിന്റെ ഭാഗമായി യന്ത്രമുപയോഗിച്ച് ചെളിയും മാലിന്യവും കോരി. കിഴക്ക് കോണോത്ത് പുഴവരെ നീളുന്ന രണ്ടേകാൽ കിലോമീറ്റർ ദൂരം ഇപ്പോൾ തെളിഞ്ഞുകാണാം. ഇരുകരയിലും ഇനി തറയോട് പാകിയ നടപ്പാതയും വിളക്കുകളും വരും. യുഡിഎഫ് വിജയിച്ച 25 വർഷവും നടക്കാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എംഎൽഎ എം സ്വരാജിന്റെ നേതൃത്വത്തിൽ നടന്നതെന്ന് പറയുമ്പോൾ മണികണ്ഠന് സന്തോഷം, അഭിമാനം. കിഫ്ബിയിൽ 11.5 കോടിരൂപ ചെലവിട്ടാണ് അന്ധകാരത്തോടിന്റെ ശുചീകരണവും നവീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കുന്നത്.
തൃപ്പൂണിത്തുറ അന്ധകാരത്തോടിൽ കുളിക്കാനിറങ്ങിയ നടൻ മണികണ്‌ഠൻ / ഫോട്ടോ: മനു വിശ്വനാഥ്
ബാഗിൽ കരുതിയ തോർത്തുടുത്ത് വെള്ളത്തിലേക്ക് കരണംമറിഞ്ഞു മണികണ്ഠൻ. അൽപ്പം കിഴക്കുമാറി തോടിന് കുറുകെ മേൽപ്പാലമുയരുന്നുണ്ട്. പണികൾ തകൃതിയായി പൂർത്തിയാകുന്നു. രണ്ടുചാൽ നീന്തിക്കുളിച്ചു കയറുമ്പോൾ സുഹൃത്തുക്കളെത്തി. അടുത്തദിവസം കുതിരസവാരി പരിശീലനത്തിന് പോകേണ്ട സമയവും സ്ഥലവും ചർച്ചചെയ്‌ത് അവർക്കൊപ്പം മടക്കം.