സുലേഖ ടീച്ചർക്കറിയുമോ വീട്ടിലിരിക്കുന്നവരെ അപമാനിച്ച മകനെപ്പറ്റി
Thursday Feb 18, 2021
തിരുവനന്തപുരം
സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണയുമായി ഉണ്ണാവ്രതമിരിക്കുന്ന കെ എസ് ശബരീനാഥൻ എംഎൽഎയെ പിന്തുണച്ച് അമ്മ വി ടി സുലേഖ ഫെയ്‌സ്‌ബുക്കിലെഴുതിയ കുറിപ്പ്, അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നു. പിൻവാതിൽ നിയമനത്തെ കുറിച്ച് ധാർമികത പ്രസംഗിക്കാൻ ശബരീനാഥിനുള്ള അർഹത ചോദ്യം ചെയ്‌ത് ഫെയ്‌സ്‌ബുക്കിലാണ് ചർച്ച തുടങ്ങിയത്. ശബരീനാഥന്റെ അമ്മ വി ടി സുലേഖ കോളേജ് അധ്യാപികയും പരീക്ഷാ കൺട്രോളറും സർവവിജ്ഞാനകോശം ഡയറക്ടറുമായതെങ്ങനെ, അതിന്റെ റാങ്ക് ലിസ്‌റ്റ് പുറത്തു വിടാമോ തുടങ്ങിയ കാര്യങ്ങൾ ചോദ്യമായി ഉയർന്നു. ഇതിന് കൃത്യമായി മറുപടി പറയാതെ മുങ്ങിയ മകന് പിന്തുണയുമായാണ് അമ്മ തന്നെ രംഗത്തെത്തിയത്
എന്തെല്ലാം
ആക്ഷേപങ്ങൾ...
സിപിഐ എം നേതാക്കളെയും അവരുടെ വീട്ടുകാരെയും നിരന്തരം ചാനലിലും സാമൂഹ്യമാധ്യമങ്ങളിലും വലിച്ചിഴയ്‌ക്കുന്ന പാർടിയുടെ എംഎൽഎയുടെ അമ്മയാണ് ഇത്തരം നിലപാട് പറയുന്നത് എന്നതാണ് വൈരുധ്യം.
കോളേജ് അധ്യാപികയായി നിയമനം കിട്ടിയ എം ബി രാജേഷിന്റെ ഭാര്യയെ ചാനൽ ചർച്ചയിൽ ശബരീനാഥൻ തന്നെ അപമാനിച്ചു.
കഴിഞ്ഞ ആറുമാസമായി സ്വർണക്കള്ളക്കടത്ത് ചർച്ചയ്‌ക്കിടയിൽ സിപിഐ എം നേതാക്കളുടെ കുടുംബത്തെ ചാനലുകളിൽ കോൺഗ്രസുകാർ വലിച്ചിഴയ്‌ക്കാത്ത നേരമില്ല. കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ തല, ഇ പി ജയരാജന്റെ ഭാര്യയുടെ തലവെട്ടി മാറ്റിയ പോസ്‌റ്റർ പങ്കുവെച്ചത് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്‌ണ. മുഖ്യമന്ത്രിയുടെ കുടുംബത്തെ പരാമർശിക്കാത്ത ഒറ്റ കോൺഗ്രസ് നേതാക്കൾ പോലുമില്ല.
വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ ബുധനാഴ്‌ച പോലും മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്ന് ആവർത്തിച്ചു. അദ്ദേഹത്തിന്റെ പിതാവിനെയും നിരന്തരം അപമാനിച്ചു.