എവിടെയാണ് സാർ ആ കാറ്റാടിപ്പാടം

Thursday Feb 18, 2021

പ്രമുഖ യുഡിഎഫ്‌ പത്രത്തിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചൊരു വാർത്തയുണ്ട്‌ ‘സ്വർണക്കള്ളക്കടത്തുകേസിൽ എം ശിവശങ്കരൻ പ്രതിയുമല്ല; സാക്ഷി പോലുമല്ല!’.   പ്രതികളുടെ  നീക്കങ്ങൾ ഒന്നും ശിവശങ്കറിന്‌‌ അറിയാത്തതുകൊണ്ടാകാം ഇതെന്ന വിശദീകരണവും പിന്നാലെ‌.

മനോരമയും മാതൃഭൂമിയും അടക്കം എന്തൊക്കെയാണ്‌ കഴിഞ്ഞ ആറുമാസം സർക്കാരിനെ അടിക്കാൻ നിർമിത കഥകളൊരുക്കിയത്‌.

പഴയ ചാരക്കേസിനെയും വെല്ലുമാറ്‌, എല്ലാ വില്ലത്തരങ്ങളുടെയും പ്രഭവസ്ഥാനം ശിവശങ്കറാണെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും  തുടർച്ചയായി അച്ചുനിരത്തി.


 

സ്വർണ കള്ളക്കടത്തിലെ മുഖ്യ സൂത്രധാരൻ, ഗൂഢാലോചനക്കാരൻ, മുഖ്യ പങ്കാളി...  കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാൺ കൈയിലുള്ളവനെന്നും എല്ലാറ്റിനും മാർഗദർശിയെന്നും‌ പറഞ്ഞുവച്ചു.  ഇദ്ദേഹത്തെ സംരക്ഷിച്ചത്‌ ഭരണനേതൃത്വമാണെന്നും അവർക്കെല്ലാം കുരുക്ക്‌ മുറുകിയെന്നും നിർത്താതെ പറഞ്ഞു.

  ശിവശങ്കറിനെതിരെ‌ കൂടുതൽ തെളിവ്‌ കിട്ടിയെന്ന്‌ എഴുതിയവർ പിന്നീട്‌ 21 സ്വർണക്കടത്തിലും പങ്കുണ്ടെന്ന്‌ "കണ്ടെത്തി'. തമിഴ്‌നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്ത്‌ നിക്ഷേപം ഉണ്ടെന്നായിരുന്നു ഒരു പ്രധാന വാർത്ത. അവിടെ കള്ളപ്പണം നിക്ഷേപിച്ചെന്നും അന്വേഷണം നാഗർകോവിലേക്ക്‌ പോകുമെന്നും ലേഖകൻ തട്ടിവിട്ടു. എന്നാൽ, അന്ന്‌ എഴുതിയവർ ഇന്ന്‌ പറയുന്നു സ്വർണക്കടത്തുകേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) സാക്ഷിപ്പട്ടികയിൽ പോലും ശിവശങ്കറിന്റെ പേരില്ലെന്ന്‌.

മുറുക്ക്‌ കുറഞ്ഞു; 
സോറി കുരുക്ക്‌ മുറുകി
സ്വർണക്കള്ളക്കടത്ത്‌ വാർത്തയ്‌ക്കിടയിൽ യുഡിഎഫ്‌ പത്രങ്ങൾ ആവർത്തിച്ച്‌ എഴുതിയതാണ്‌ ‘കുരുക്ക്‌ മുറുകി’ എന്ന വാക്ക്‌. മുഖ്യമന്ത്രിക്കുമുതൽ സ്‌പീക്കർക്കുവരെ ഇങ്ങനെ നുണക്കഥകളാൽ കുരുക്കിട്ടു. ഖുറാൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട്‌ മന്ത്രി ജലീലിന്റെ കുരുക്ക്‌ മുറുക്കി മുറുക്കി ഒടുവിൽ അറസ്‌റ്റുണ്ടാകുമെന്നുവരെ പറഞ്ഞുവച്ചു. വന്നപ്പോൾ എൻഐഎ കേസിൽ ജലീൽ 114–-ാം സാക്ഷി മാത്രം. 

തദ്ദേശതെരഞ്ഞെടുപ്പിനുമുമ്പ്‌, മാസങ്ങളോളം പടച്ചുവിട്ട നിർമിത കഥകൾ തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ അമ്പേ ചീറ്റി. അതിന്റെ ക്ഷീണം ആ മാധ്യമങ്ങൾക്കിപ്പോഴുമുണ്ട്‌. അപ്പോഴാണ്‌ സെക്രട്ടറിയറ്റിന്‌ മുന്നിലെ സമരം വീണുകിട്ടിയത്‌. ഇനി അവിടെ ചോരചീന്തി, പുതിയ കഥകളിറക്കാനാണ്‌ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളുടെ തിരക്കഥ.