കായികരംഗത്ത്‌ കുതിപ്പിന്‌ ഊർജം പകർന്ന്‌ കായികരംഗത്തെ പ്രമുഖരുടെ സംഗമം

Friday Feb 19, 2021


തിരുവനന്തപുരം
സജീവ സാന്നിധ്യമായി ഐ എം വിജയൻ. സർക്കാരിനെ അഭിനന്ദിച്ച്‌ ഷൈനി വിൽസൺ. നിർദേശങ്ങളുമായി  യു ഷറഫലി. കളിയും കളിക്കളവും നിറയുന്ന കേരളത്തെക്കുറിച്ച്‌ സമഗ്രചർച്ച. കായികരംഗത്ത്‌ സർക്കാരിന്റെ കുതിപ്പിന്‌ ഊർജം പകർന്ന്‌ കായികരംഗത്തെ പ്രമുഖരുടെ സംഗമം.  കായികതാരങ്ങളെയും പരിശീലകരെയും‌ കേൾക്കാൻ സ്‌പോർട്‌സ്‌ മന്ത്രി ഇ പി ജയരാജനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലും.

എല്ലാ  അഭിപ്രായങ്ങളും നിർദേശങ്ങളും  ക്രോഡീകരിച്ച്‌ കായികരംഗത്ത്‌ സമഗ്രമാറ്റത്തിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ നേട്ടങ്ങളെ എല്ലാവരും അഭിനന്ദിച്ചു. കായികതാരങ്ങൾക്ക്‌ നൽകിയ‌ റെക്കോഡ്‌‌ നിയമനം‌ എക്കാലത്തും ഓർമിക്കപ്പെടുമെന്നും ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി. സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റായ ഒളിമ്പ്യൻ മേഴ്‌സികുട്ടനാണ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌.  കായിക സർവകലാശാല സ്ഥാപിക്കണമെന്നായിരുന്നു പ്രധാന നിർദേശം. സ്കൂൾതലത്തിൽ കായികാധ്യാപകരുടെ നിയമനം ഉറപ്പാക്കണമെന്നും കളിക്കളങ്ങൾ നാട്ടുകാർക്ക്‌ ലഭ്യമാക്കണമെന്നും  ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകൻ യു ഷറഫലി ആവശ്യപ്പെട്ടു. കായികഭരണം ഒറ്റ കുടക്കീഴിലാക്കാൻ സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ കേരള സ്ഥാപിക്കണമെന്നായിരുന്നു‌ മുൻ വോളിബോൾ താരവും റിട്ട. ഐപിഎസ്‌ ഉദ്യോഗസ്ഥനുമായ എസ്‌ ഗോപിനാഥിന്റെ അഭിപ്രായം. 

കായികതാരങ്ങൾക്ക്‌‌ പെൻഷനും ഇൻഷുറൻസും പ്രഖ്യാപിക്കണമെന്ന്‌ ഒളിമ്പ്യൻ മയൂഖ ജോണി അഭ്യർഥിച്ചു.
മുൻ ദേശീയ ടേബിൾടെന്നീസ്‌ താരം ഒളിമ്പ്യൻ രാധിക, ഡോ. സക്കീർ ഹുസൈൻ, പഴനിയാപിള്ള, ഡോ. ജി കിഷോർ, ബോക്‌സിങ്‌ കോച്ച്‌ ചന്ദ്രലാൽ, ജോബി, ഡോ. ഹനീഷ്‌ കുമാർ, സെബാസ്‌റ്റൻ സേവ്യർ, ഷൈജു ദാമോദരൻ എന്നിവർ നിർദേശങ്ങൾ സമർപ്പിച്ചു. ജോ പോൾ അഞ്ചേരി, വിക്‌ടർ മഞ്ഞില, സി സി ജേക്കബ്‌, പരിശീലകൻ കെ പി തോമസ്‌, ചിത്തരേശ്‌ നടേശൻ തുടങ്ങിയവർ സംബന്ധിച്ചു.