തൃശൂർ: ഒരുമയും പൂരപ്പെരുമയും

Saturday Feb 20, 2021
ജോർജ്‌ജോൺ

തൃശൂർ>ഐക്യ കേരളപ്രഖ്യാപനം നടന്ന മണികണ്ഠനാൽ തറയും  ചരിത്രം സമ്മേളിക്കുന്ന തേക്കിൻകാട് മൈതാനവും  അതിന്  ചുറ്റുമുള്ള നഗരപ്രദേശവും ഉൾക്കൊള്ളുന്ന മണ്ഡലമാണ് തൃശൂർ.  പൗരാണിക സ്മരണകളുണർത്തുന്ന ശക്തൻതമ്പുരാൻ കൊട്ടാരവും പുരാവസ്തു മ്യൂസിയവും വഞ്ചിക്കുളവും വിവിധ അക്കാദമികളും വേദപഠനകേന്ദ്രമായ ബ്രഹ്മസ്വം മഠവും മണ്ഡലത്തിലാണ്. പാരമ്പര്യത്തനിമകൾ സംരക്ഷിക്കുന്നതോടൊപ്പം  ആധുനികതയുടെ വികസന സങ്കല്പവും പട്ടണത്തിൽ ദൃശ്യമാണ്. കുരുക്കഴിച്ച പട്ടാളം റോഡും  ദിവാൻജി മേൽ പ്പാലവും  അന്താരാഷ്‌ട്ര നിലവാരമുള്ള വടക്കേ  ബസ്‌സ്റ്റാൻഡും വിജ്ഞാൻ സാഗറും ഏഷ്യയിലെ ആദ്യത്തെ  സ്‌പോർട്‌സ്‌ ആയുർവേദ ആശുപത്രിയും   തൃശൂരിന്റെ വികസനക്കുതിപ്പുകൾ.  
കോർപറേഷൻ പരിധിയിൽ ഒതുങ്ങിനിൽക്കുന്ന തൃശൂർ മണ്ഡലം ഭൂവിസ്തൃതിയിൽ ജില്ലയിൽ ഏറ്റവും ചെറുതാണ്.   നഗരവാസികളുടെ സമ്മതിദാനാവകാശത്താലാണ് രാഷ്ട്രീയഗതി നിർണയിക്കപ്പെടുന്നത്. 1957ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ കരുണാകരനെ പരാജയപ്പെടുത്തിയ ചരിത്രമുള്ള മണ്ഡലം ഇ എം എസ് സർക്കാരിലെ ആരോഗ്യമന്ത്രിയെ സംഭാവന ചെയ്തു.  

തൃശൂർ കോർപറേഷനിലെ 41 ഡിവിഷൻ  ഉൾപ്പെടുന്നതാണ്   മണ്ഡലം.  
കോർപറേഷൻ ഡിവിഷനുകളായ പൂങ്കുന്നം, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, വിയ്യൂർ, പെരിങ്ങാവ്, രാമവർമപുരം, കുറ്റുമുക്ക്, വില്ലടം, ചേറൂർ, മുക്കാട്ടുകര, ഗാന്ധിനഗർ, ചെമ്പൂക്കാവ്, കിഴക്കുംപാട്ടുകര, പറവട്ടാനി, ഒല്ലൂക്കര, നെട്ടിശേരി. കൃഷ്ണാപുരം, കാളത്തോട്, നടത്തറ, ചേലക്കോട്ടുകര, മിഷൻ ക്വാർട്ടേഴ്സ്, കുട്ടനെല്ലൂർ, ചിയ്യാരം നോർത്ത്,  കണ്ണംകുളങ്ങര, പള്ളിക്കുളം, തേക്കിൻകാട്, കോട്ടപ്പുറം, പൂത്തോൾ, കൊക്കാലെ, വടൂക്കര, കാര്യാട്ടുകര, ചേറ്റുപുഴ, പുല്ലഴി, ഒളരി, എൽത്തുരുത്ത്, ലാലൂർ, അരണാട്ടുകര, കാനാട്ടുകര, അയ്യന്തോൾ, സിവിൽ സ്റ്റേഷൻ, പുതൂർക്കര  ഡിവിഷനുകൾ  മണ്ഡലത്തിൽ ഉൾപ്പെടുന്നു.
2016 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ അഡ്വ. വി എസ് സുനിൽകുമാർ (സിപിഐ ) 6,987 വോട്ടിനാണ്‌ കോൺഗ്രസിലെ  പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്.

തൃശൂരിലെ എംഎൽഎമാർ
1957 ഡോ. എ ആർ മേനോൻ (സിപിഐ സ്വ),
1960ൽ ടി എ ധർമരാജ അയ്യർ (കോൺ.), 1965ൽ ടി പി സീതാരാമ അയ്യർ (കോൺ.)  1967ൽ  കെ എസ് നായർ (സിപിഐ എം ), 1970ൽ  പ്രൊഫ. ജോസഫ് മുണ്ടേശേരി (സിപിഐ എം സ്വ ). '72ൽ മുണ്ടശേരി മാസ്റ്റർ കൊച്ചി സർവകലാശാലയുടെ വൈസ് ചാൻസലറായപ്പോൾ എംഎൽഎസ്ഥാനം രാജിവച്ചതിനെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ പി എ ആന്റണി (കോൺ.),1977ൽ സിപിഐ എം പിന്തുണയോടെ  കെ ജെ ജോർജ് (ജനതാ പാർടി ), 1980 ൽ എം കെ കണ്ണൻ  (സിപിഐ എം ),
1982ൽ  അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ (എൻഡിപി ), '87ൽ ഇ കെ മേനോൻ (സിപിഐ എം)  1991, 1996, 2001,  2006, 2011 ൽ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ (കോൺഗ്രസ് ),2016 അഡ്വ. വി എസ് സുനിൽകുമാർ.(സിപിഐ).