ബേപ്പൂർ: ഇനി ‘പോരി’ന്റെ നീറ്റിലേക്ക്
Saturday Feb 20, 2021
സ്വന്തം ലേഖിക
കോഴിക്കോട് > സ്വാതന്ത്ര്യത്തിനുമുമ്പേ വ്യാപാര–-വ്യവസായ രംഗത്തെ അടയാളപ്പെടുത്തിയ മണ്ണാണ് ബേപ്പൂർ. ഓട്, ചെരുപ്പ് തുടങ്ങി ചെറുകിട വ്യവസായങ്ങളുടെ സിരാകേന്ദ്രമായ ഈ പ്രാചീന തുറമുഖനഗരിയുടെ ചരിത്രമെന്നത് മലബാറിന്റെയാകെ സ്‌പന്ദനമാണ്. ഖലാസിമാരുടെ അധ്വാനത്തിലൂടെ ഇവിടെ നിന്ന് നീറ്റിലിറങ്ങുന്ന ഉരുക്കളുടെ കരുത്തുണ്ട് നാടിന്റെ നാൾവഴിക്ക്. ചരിത്രത്തിനും വർത്തമാനത്തിനുമൊപ്പം ഇടതുപക്ഷ മനസ്സും ഉൾച്ചേർന്ന് മുന്നേറ്റത്തിനായുള്ള യാത്രയിലാണ് ബേപ്പൂർ.
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളും കടലുണ്ടി പഞ്ചായത്തും കോർപറേഷനിലെ 14 ഡിവിഷനുകളും ചേർന്നതാണ് ബേപ്പൂർ നിയോജക മണ്ഡലം. 1965ലാണ് മണ്ഡലം രൂപീകരിച്ചത്. അതിനുമുമ്പ് കുന്നമംഗലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ചെറുവണ്ണൂർ–നല്ലളം മേഖലയിൽ ഏഴും ബേപ്പൂർ മേഖലയിൽ ഏഴും ഡിവിഷനാണ് കോർപറേഷന്റെ ഭാഗമായുള്ളത്.
രൂപീകരണ കാലം മുതൽ ഒന്നൊഴികെ മറ്റെല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായ ഇടതുമനസ്സ് പുലർത്തുന്ന മണ്ഡലത്തിൽ എൽഡിഎഫിലെ വി കെ സി മമ്മദ് കോയയാണ് നിലവിലെ ജനപ്രതിനിധി. 14,363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ആദം മുൽസിയെ തോൽപ്പിച്ചത്. 2001ൽ
മണ്ഡലത്തെ പ്രതിനിധീകരിച്ച വി കെ സി കോഴിക്കോട് കോർപറേഷൻ മേയറായിരിക്കെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം തവണയും എംഎൽഎ ആയത്.
രാഷ്ട്രീയകേരളത്തിലെ അവിശുദ്ധ കൂട്ടുകെട്ടായ കോ-ലീ-ബി സഖ്യമുണ്ടായതും ഈ മണ്ഡലത്തിലാണ്. 1991ൽ ഡോ. കെ മാധവൻകുട്ടി ബിജെപി-–-യുഡിഎഫ് സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചത് ഇന്നും രാഷ്‌ട്രീയചർച്ചകളിലെ വിഷയമാണ്. ഈ കൂട്ടുകെട്ടിനെ എൽഡിഎഫ് സ്ഥാനാർഥി ടി കെ ഹംസ 6270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത്. അന്തരിച്ച നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതും മറ്റൊരു ചരിത്രം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫാണ് വിജയിച്ചത്. 2015 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്ന രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ നേരിയ ഭൂരിപക്ഷത്തിനാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. എന്നാൽ കോർപറേഷന് കീഴിലെ ബേപ്പൂരിലെ മുഴുവൻ (ഏഴ്) ഡിവിഷനും ചെറുവണ്ണൂർ–-നല്ലളം മേഖലയിലെ ഏഴിൽ ആറ് ഡിവിഷനും ഇത്തവണ എൽഡിഎഫിനൊപ്പമാണ്.
ബേപ്പൂർ മേഖലയിൽ ബിജെപിയിൽനിന്ന് മൂന്നുസീറ്റും ചെറുവണ്ണൂരിൽ യുഡിഎഫിൽനിന്ന് ഒരു സീറ്റും ഇത്തവണ പിടിച്ചെടുത്തു.
2016 വോട്ട് നില
വി കെ സി മമ്മദ് കോയ(സിപിഐ എം): 69,114
ആദം മുൽസി(കോൺഗ്രസ്): 54,751
കെ പി പ്രകാശ് ബാബു(ബിജെപി): 27,958
ജനപ്രതിനിധികൾ
1965 - കെ ചാത്തുണ്ണിമാസ്റ്റർ
1967- കെ ചാത്തുണ്ണി മാസ്റ്റർ
1970 - കെ ചാത്തുണ്ണി മാസ്റ്റർ
1977- എൻ പി മൊയ്തീൻ
1980- എൻ പി മൊയ്തീൻ
1982 - കെ മൂസക്കുട്ടി
1987 - ടി കെ ഹംസ
1991- ടി കെ ഹംസ
1996- ടി കെ ഹംസ
2001 - വി കെ സി മമ്മദ് കോയ
2006 - എളമരം കരീം
2011- എളമരം കരീം
2016 - വി കെ സി മമ്മദ് കോയ
വോട്ടർമാർ
ആകെ 2,00,080
പുരുഷന്മാർ 97,899
സ്‌ത്രീകൾ 1,02,176
ട്രാൻസ്‌ജെൻഡർ 5