ഒല്ലൂർ: മലയും കാടും ഇറങ്ങി നഗരത്തിലേക്ക്
Saturday Feb 20, 2021
സി എ പ്രേമചന്ദ്രൻ
തൃശൂർ> മലയോരമണ്ഡലം എന്നാണ് പേരെങ്കിലും ഒല്ലൂരിപ്പോൾ പഴയ ഒല്ലൂരല്ല. പീച്ചി വനാന്തരങ്ങളും പുത്തൂരിന്റെ മലനിരകളും കയറിയിറങ്ങുന്നതിനൊപ്പം നഗരവൽക്കരണക്കാഴ്‌ചകളും മണ്ഡല ദൃശ്യം. പാലക്കാടൻ അതിർത്തി തൊടുന്ന മണ്ഡലം നെടുപുഴ കോൾനിലവും കട്ടിലപൂവം കാടും തൊടും. ലോകോത്തര പുത്തൂർ സുവോളജിക്കൽ പാർക്കും കണ്ണാറ തേൻപാർക്കുമെല്ലാം പുത്തൻ വികസനക്കുതിപ്പിന്റെ അടയാളങ്ങൾ.
കാർഷിക സർവകലാശാലാ ആസ്ഥാനവും വെറ്ററിനറി സർവകലാശാലയും വനഗവേഷണകേന്ദ്രവും ബിഎസ്എഫ് ആസ്ഥാനവും തുടങ്ങി തലയുയർത്തി നിൽക്കുന്ന സ്ഥാപനങ്ങൾ വേറെ. മലയോര കർഷകരും തൊഴിലാളികളും ഇടത്തരക്കാരുമെല്ലാമുള്ള മണ്ഡലത്തിൽ ഇടതുപക്ഷ പ്രസ്ഥാനം ശക്തമാണ്.
ഓട്ടുകമ്പനി, മരക്കമ്പനി, അണ്ടിക്കമ്പനി തൊഴിലാളി പ്രക്ഷോഭങ്ങൾക്കൊപ്പം നെല്ലങ്കരയുൾപ്പെടെയുള്ള മേഖലകളിൽ കർഷകസമരങ്ങളും ഉഴുതുമറിഞ്ഞ മണ്ണാണിത്.
പഴയകാലത്ത് കോൺഗ്രസ് മണ്ഡലമായി ഒല്ലൂർ അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഇടതുപക്ഷമുന്നേറ്റം ശക്തം. എൽഡിഎഫിലെ അഡ്വ. കെ രാജൻ (സിപിഐ) ആണ് എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം പി വിൻസന്റിനെ 13,248 വോട്ടിനാണ് രാജൻ പരാജയപ്പെടുത്തിയത്.
പാണഞ്ചേരി, മാടക്കത്ര, നടത്തറ, പുത്തൂർ പഞ്ചായത്തുകളും കോർപറേഷനിലെ 14 ഡിവിഷനും ഉൾപ്പെടുന്നതാണ് ഒല്ലൂർ മണ്ഡലം. മണ്ണുത്തി, മുല്ലക്കര, വളർക്കാവ്, കുരിയച്ചിറ, അഞ്ചേരി, പടവരാട്, എടക്കുന്നി, തൈക്കാട്ടുശേരി, ഒല്ലൂർ, ചിയ്യാരം സൗത്ത്, പനമുക്ക്, നെടുപുഴ, കണിമംഗലം, കൂർക്കഞ്ചേരി, എന്നിവയാണ് കോർപറേഷൻ ഡിവിഷനുകൾ.
തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തറ, പുത്തൂർ, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകൾ എൽഡിഎഫ് വീണ്ടും അധികാരത്തിലേറി. മണ്ഡലത്തിലെ ഭൂരിപക്ഷം കോർപറേഷൻ ഡിവിഷനുകളിലും എൽഡിഎഫ് വിജയിച്ചു.
ഒല്ലൂരിന്റെ എംഎൽഎമാർ ഇവർ
1957, 60, 70, 77 പി ആർ ഫ്രാൻസിസ് (കോൺ), 1965, 1967 എ വി ആര്യൻ (സിപിഐ എം), 80, 82 രാഘവൻ പുഴക്കടവിൽ (കോൺ.), 87 എ എം പരമൻ (സിപിഐ), 1991, 2001 പി പി ജോർജ്, 96 സി എൻ ജയദേവൻ (സിപിഐ), 2006 രാജാജി മാത്യുതോമസ് (സിപിഐ), 2011ൽ എം എം പി വിൻസെന്റ് ( കോൺ) 2016 കെ രാജൻ (സിപിഐ).