യുവതയുടെ 
സ്വപ്‌നങ്ങൾക്ക്‌ 
നിറംപകർന്ന യാത്ര

Saturday Feb 20, 2021

 

‘സ്‌പേസ്‌ പാർക്കിൽ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക്‌ അവസരം നൽകണം,  ഭരണഘടനാമൂല്യങ്ങൾ പഠിപ്പിക്കാൻ പ്രായോഗിക പദ്ധതി വേണം, വിദേശ സർവകലാശാലകളിലെ അധ്യാപകരുമായി സംവദിക്കാൻ അവസരമൊരുക്കണം, ബിരുദതലത്തിൽ പ്രകൃതി സംരക്ഷണം പാഠ്യവിഷയമാക്കണം, ഭരണഘടന, പാലിയേറ്റീവ്‌ കെയർ, ദുരന്തനിവാരണം എന്നിവ പാഠ്യവിഷയമാക്കണം’ –- യുവതയുടെ സ്വപ്‌നങ്ങളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘നവകേരളം യുവകേരളം’ പരിപാടിയിൽ വിദ്യാർഥികൾ പങ്കുവച്ച നിർദേശങ്ങളിൽ ചിലതാണിവ.

നമ്മുടെ നാടിന്റെ ഉന്നതവിദ്യാഭ്യാസരംഗം വരും കാലങ്ങളിൽ എങ്ങനെയാണ്‌ വളരേണ്ടതെന്ന ചോദ്യവുമായാണ്‌ ഫെബ്രുവരി 1, 6, 8, 13, 14 തീയതികളിൽ കുസാറ്റ്‌, കേരള, എംജി, കലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളിൽ മുഖ്യമന്ത്രിയെത്തിയത്‌.‌  നാളെയുടെ നക്ഷത്രങ്ങളോടാകണം ഭാവിയുടെ ആകാശത്തെക്കുറിച്ച്‌ ചർച്ച ചെയ്യേണ്ടത്‌.

യുവമനസ്സുകളുടെ ഖനികളിൽനിന്നാകണം വികസനത്തിന്റെ വൈഡൂര്യങ്ങൾ കുഴിച്ചെടുക്കേണ്ടത്‌. അത്‌ തിരിച്ചറിഞ്ഞ ഭരണാധികാരി അവരിലേക്കെത്തിയപ്പോൾ, പുത്തനാശയങ്ങളുടെയും പ്രതീക്ഷകളുടെയും അക്ഷയഖനിയാണ്‌ തുറക്കപ്പെട്ടത്‌.
മുഖ്യമന്ത്രി നടത്തിയ ഇതിഹാസ യാത്രയുടെ ഭാഗവും നേർ സാക്ഷ്യവുമാകാൻ എനിക്ക്‌ കഴിഞ്ഞു. വികസ്വര കേരളത്തിന്റെ വിജ്ഞാനസ്‌പന്ദനങ്ങൾ തൊട്ടറിയുന്ന ‘ഇൻസ്‌പയർ കേരള’ എന്ന പ്രചോദനാത്മക വിഷയമാണ്‌ വേദികളിൽ ഞാൻ അവതരിപ്പിച്ചത്‌. നൂറുകണക്കിന്‌ ചോദ്യങ്ങൾ സഗൗരവം കേട്ടും കുറിച്ചെടുത്തും വിദ്യാർഥികൾക്കിടയിൽ ഒരു വൈദ്യുത സാന്നിധ്യമായി മാറിയ മുഖ്യമന്ത്രിയുടെ നിലപാടുകൾ എനിക്കും പ്രചോദനമായി. സമയബന്ധിതമായ പരിപാടി എന്ന നിലയിൽ പങ്കെടുത്ത എല്ലാവർക്കും നിർദേശം അവതരിപ്പിക്കാനാകാത്തതിനാൽ അഭിപ്രായങ്ങൾ എഴുതി വാങ്ങി. ഇവ പുസ്‌തകമായി പ്രസിദ്ധീകരിക്കും.

അടിസ്ഥാനരഹിതമായ വിവാദങ്ങളും ജനദ്രോഹസമരങ്ങളും പ്രതിപക്ഷം ഒരുക്കുമ്പോൾ നാടിന്റെ പ്രതീക്ഷകൾ കേട്ടറിയാനും നടപ്പാക്കാനുമുള്ള ശ്രമത്തിലായിരുന്നു മുഖ്യമന്ത്രി.

അഞ്ച്‌ ദിവസങ്ങളിൽ മുഖ്യമന്ത്രി നവ ചിന്തകളുടെ മിന്നൽ പിണറായപ്പോൾ ആവേശത്തോടെയും പ്രതീക്ഷകളോടെയും വിദ്യാർഥികൾ മുഴക്കിയത്‌ എന്റെയും ശബ്ദമാണ്‌.