പുഴയുടെ തീരങ്ങൾ പറയുന്നു; എൽഡിഎഫ്‌ അല്ലാതെ മറ്റാര്‌

Monday Feb 22, 2021
സ്വന്തം ലേഖകന്‍

കോഴിക്കോട് >ബാല്യത്തിന്റെ ചുറുചുറുക്കിലാണ്‌ എലത്തൂർ മണ്ഡലം. നഗരവും ഗ്രാമവും അതിരിടുന്ന ഭൂപ്രകൃതിയിൽ പൂനൂർപുഴയും അകലാപ്പുഴയും മനോഹര കാഴ്‌ചയൊരുക്കുന്നു.  

നാളികേരം, പച്ചക്കറി, കവുങ്ങ്‌ കൃഷിയെല്ലാം സജീവമാണ്‌. സോഷ്യലിസ്‌റ്റാശയങ്ങൾ ‌ സ്വാതന്ത്ര്യസമരകാലത്ത് തന്നെ അടിയുറച്ച മണ്ണാണിത്‌. ‌2008ലെ മണ്ഡല പുനർനിർണയ ചർച്ചക്കൊടുവിൽ 2011ലാണ്  മണ്ഡലത്തിന്റെ പിറവി. എൽഡിഎഫിനെയല്ലാതെ ഇവിടത്തുകാർക്ക്‌ മറ്റൊന്ന്‌ ആലോചിക്കാനില്ല.  
  
മുമ്പത്തെ കൊടുവള്ളി, ബാലുശേരി, കുന്നമംഗലം മണ്ഡലങ്ങളിലെ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ്‌ എലത്തൂർ മണ്ഡലം രൂപീകരിച്ചത്‌.  കോർപറേഷനിലെ ആറ് വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്  മണ്ഡലം. ചേളന്നൂർ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം  എൽഡിഎഫിനാണ്. പത്തുവർഷത്തെ യുഡിഎഫ്‌ ഭരണത്തിൽനിന്ന്‌ വിമോചിതയായി കാക്കൂരും  തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നു. കോർപറേഷനിലെ ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, പുതിയാപ്പ വാർഡുകൾ എൽഡിഎഫിനൊപ്പമാണ്‌. എലത്തൂർ ഡിവിഷൻ  മാത്രമാണ് യുഡിഎഫിനുള്ളത്‌.

2011 മുതൽ എൻസിപിയുടെ എ കെ ശശീന്ദ്രനാണ് രണ്ടുതവണയും  എലത്തൂരിനെ പ്രതിനിധീകരിച്ചത്‌. 2011ൽ 14,654 വോട്ടിന് ജയിച്ച ശശീന്ദ്രൻ 

2016ൽ ഭൂരിപക്ഷം ഇരട്ടിയാക്കി. 29,057 ആയിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്‌. 
   
കോരപ്പുഴപാലം, ഒളോപ്പാറ ടൂറിസം പദ്ധതി, നിരവധി റോഡുകൾ, കക്കോടി ബൈപാസ്‌ തുടങ്ങിയ വികസനക്കുതിപ്പിനാണ്‌ മണ്ഡലം സാക്ഷ്യംവഹിച്ചത്‌.  തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപരിശോധിച്ചാൽ 10,666 വോട്ടിന്റെ മുൻതൂക്കം എൽഡിഎഫിനുണ്ട്‌.  

ജനപ്രതിനിധികൾ
2011 എ കെ ശശീന്ദ്രൻ (എൻസിപി)
2016 എ കെ ശശീന്ദ്രൻ (എൻസിപി)

വോട്ടുനില
2016 നിയമസഭ
എ കെ ശശീന്ദ്രൻ (എൻസിപി) 76,357
പി കിഷൻ ചന്ദ് (ജെഡിയു) 47,450
വി വി രാജൻ (ബിജെപി) 29,070
ഭൂരിപക്ഷം 29,057

2019 ലോക്‌സഭ

എം കെ രാഘവൻ (കോൺഗ്രസ്): 67,280
എ പ്രദീപ് കുമാർ (സിപിഐ എം):  67,177
കെ പി പ്രകാശ് ബാബു (ബിജെപി): 24,649  

2020 തദ്ദേശ തെരഞ്ഞെടുപ്പ്
എൽഡിഎഫ്: 74,798
യുഡിഎഫ്: 64,132
എൻഡിഎ: 22,928
 
വോട്ടർമാർ
മൊത്തം: 1,95,933
പുരുഷൻമാർ: 93,922
സ്‌ത്രീകൾ: 1,02,007
ട്രാൻസ്‌ജെൻഡർ: 4